കളമശേരി: പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കളമശേരിയിൽ സിനിമ പ്രവർത്തകരെ കളത്തിലിറക്കി യുഡിഎഫും എൽഡിഎഫും.
സിനിമ സംവിധായകർ, നടീനടന്മാർ, ഗായകർ, സംഗീത സംവിധായകർ തുടങ്ങിയവരാണ് കളമശേരി മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നത്.
ദൃശ്യം 2ലെ വക്കീൽ കഥാപാത്രത്തെ അവതരിപ്പിച്ച അഡ്വ. ശാന്തി മായാദേവിയെ വോട്ടു ചോദിക്കാൻ യുഡിഎഫ് സ്ഥാനാർഥി അബ്ദുൾ ഗഫൂർ രംഗത്ത് ഇറക്കിയത് ശ്രദ്ധേയമായി.
കൂടാതെ നടൻ ജഗദീഷും ഏതാനും പ്രചരണ വേദികളിൽ വോട്ടർമാരോട് വോട്ട് അഭ്യർത്ഥിച്ചു. രമേഷ് പിഷാരടി തുടക്കത്തിൽ തന്നെ കളമശേരിയിൽ എത്തിയിരുന്നു.
ഇടതുപക്ഷ സ്ഥാനാര്‍ഥി പി. രാജീവിന്റെ വിജയത്തിനായി ഇന്ന് കൂടുതല്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ കളമശേരിയിലെത്തും.
വൈകിട്ട് അഞ്ചിന് കുസാറ്റ് കവലയില്‍നിന്ന് പാതാളത്തേക്ക് നടത്തുന്ന സ്ഥാനാര്‍ഥിയുടെ റോഡ് ഷോയുടെ സമാപനത്തോടനുബന്ധിച്ച് പാതാളം കവലയില്‍ വൈകിട്ട് ആറിന് സംഗീത സായാഹ്നം നടക്കും.
സംവിധായകന് ആഷിക് അബു, സംഗീത സംവിധായകന് ബിജിബാല്‍, നടൻ ശ്രീനാഥ് ഭാസി, റീമ കല്ലിങ്കല്‍, സൗബിന് ഷാഹിര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംവിധായകൻ കമൽ, ഷാജി എൻ. കരുൺ എന്നിവരും മണ്ഡത്തിൽ പ്രസംഗിക്കുന്നുണ്ട്.
കളമശേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി വി.ഇ. അബ്ദുല്‍ ഗഫൂറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന റോഡ്ഷോ ഇന്ന് വൈകിട്ട് മൂന്നിന് കുന്നുകര അയിരൂരില്‍ പഞ്ചാബ് ധനകാര്യ വകുപ്പ് മന്ത്രി മന്‍പ്രീത് സിംഗ് ബാദല്‍ ഉദ്ഘാടനം ചെയ്യും.
കരുമാല്ലൂര്‍, ആലങ്ങാട്, കടുങ്ങല്ലൂര്‍, ഏലൂര്‍ എന്നിവിടങ്ങളിലൂടെ വൈകിട്ട് സൗത്ത് കളമശേരിയില്‍ സമാപിക്കും.