കളമശേരി: നോർത്ത് കളമശേരിയിലെ കഴിഞ്ഞ ഒരാഴ്ചയായി ട്രാഫിക് പോലീസ് നടത്തിയ ട്രാഫിക് പരിഷ്കാരം ജനത്തിന് ദുരിതമാകുന്നു. റോഡ് മുറിച്ച് കടക്കുവാൻ കാൽനട യാത്രക്കാർക്ക് കഴിയാത്ത അവസ്ഥയാണ് നിലനില്ക്കുന്നത്.
ദേശീയപാതയിലൂടെ ചീറിപ്പാഞ്ഞ് വരുന്ന വാഹങ്ങൾക്ക് നോർത്ത് കളമശേരിയിൽ നിഗ്നൽ ഒഴിവാക്കിയിരുന്നു. വാഹനങ്ങൾ വേഗം കുറയ്ക്കാതെ വരുന്നതിനാൽ ബസിറങ്ങി ഇടത് ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്കും, തിരിച്ചും കടക്കാൻ ബുദ്ധിമുട്ടുകയാണ്. പ്രായമായവരും സ്കൂൾ കുട്ടികളുമാണ് കൂടുതൽ കഷ്ടപ്പെടുന്നത്.
റോഡിന്റെ ഇരുവശങ്ങളിലുമായി യാത്രക്കാർക്ക് യഥേഷ്ടം കടക്കുന്നതിനു റോഡിന്റെ അടിയിലൂടെയോ മുകളിലൂടയോ നടപ്പാതവേണമെന്ന ആവശ്യം ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു.
ഏലൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ അപ്പാളോ കമ്പനി ഗേറ്റിന് മുന്നിൽ യുടേൺ തിരിഞ്ഞ് എറണാകുളം ഭാഗത്തേക്ക്പോകണം. നേരെ പോകുന്ന വഴിയിലെ സിഗ്നൽ ഒഴിവാക്കി വേലി കെട്ടി തിരിച്ചിരിക്കുകയാണ്. ദേശീയ ഹൈവേയിലെ വാഹന ബ്ലോക്ക് ഒഴിവാക്കാനാണ് കൊച്ചി സിറ്റി പോലീസിന്റെ ഈ പരീക്ഷണമെന്ന് സിഐ പറഞ്ഞു.