കളമശേരി: നഗരസഭയിലെ സുപ്രധാന സ്ഥാപനങ്ങളായ മെഡിക്കൽ കോളജ്, കൊച്ചി സർവകലാശാല, പ്രവർത്തനം നിലച്ച ചാക്കോളാസ് സ്പിന്നിംഗ് മിൽ എന്നിവയുടെ കെട്ടിട നിർമാണങ്ങൾ ചട്ടങ്ങൾ പാലിച്ചില്ലെന്ന് 2016-17 ലെ ഓഡിറ്റ് റിപ്പോർട്ട് . ഇരുപത് വർഷം വരെ കഴിഞ്ഞിട്ടും ഈ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ ലഭ്യമല്ലെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
കളമശേരി കൃഷിഭവൻ കഴിഞ്ഞ സാമ്പത്തിക വർഷം ആവിഷ്കരിച്ച എട്ട് പദ്ധതികൾ നടപ്പിലാക്കാതെ തുക ലാപ്സാക്കി കളഞ്ഞു. ഇതനുസരിച്ച് 60,37,693 രൂപയാണ് ചെലവിടാതിരുന്നത്. ഇതിൽ രാസവളത്തിന് മാറ്റി വച്ച ആറ് ലക്ഷത്തോളം രൂപയും ഗ്രോബാഗ് കൃഷിക്കായി 33 ലക്ഷത്തോളം രൂപയുമാണ് പ്രധാനം.
റോഡ് ടൈൽ വിരിക്കൽ, കട്ടിംഗ് എന്നിവയിലും അപാകത കണ്ടെത്തിയിട്ടുണ്ട്. അദാനി പൈപ്പ് ലൈൻ ഇടാനായി റോഡ് പുനർനിർമ്മാണത്തിന് മീറ്റർ സ്ക്വയറിന് 1521 രൂപയാണ് ഈടാക്കേണ്ടിയിരുന്നത്. പൊതുമരാമത്ത് അംഗീകരിച്ച നിരക്കാണിത്. പക്ഷെ കമ്പനിയ്ക്ക് അനുകൂലമായി 884 രൂപയാണ് ഈടാക്കിയത്.
പരസ്യനികുതി പിരിച്ചെടുത്തില്ല, സ്വകാര്യ പാർക്കിംഗ് ഏരിയയുടെ ലൈസൻസ് ഫീസ് ഈടാക്കിയിട്ടില്ല, വസ്തുനികുതി തെറ്റായി നിർണ്ണയിച്ചു, റോഡ് ഡേറ്റാ പുതുക്കിയില്ല എന്നിവയും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.