കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി മരിച്ചത് ജീവനക്കാരുടെ അനാസ്ഥമൂലമാണെന്ന ആരോപണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ മരണപ്പെട്ട ഹാരിസിന്റെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ കളമശേരി പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
ശബ്ദസന്ദേശത്തിലൂടെ വെളിപ്പെടുത്തല്‍ നടത്തിയ നഴ്സിംഗ് ഓഫീസര്‍ ജലജാ ദേവിയുടെ മൊഴി പോലീസ് ഇന്നു രേഖപ്പെടുത്തും. വെന്റിലേറ്റര്‍ ട്യൂബ് മാറിക്കിടന്നിരുന്നതിനാല്‍ ഓക്സിജന്‍ ലഭിക്കാതെയാണ് ഹാരിസ് മരിച്ചതെന്ന് നഴ്സിംഗ് ഓഫീസര്‍ ശബ്ദസന്ദേശത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഇതേത്തുടര്‍ന്നാണു ഹാരിസിന്റെ ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. നഴ്സിംഗ് ഓഫീസറുടെ വെളിപ്പെടുത്തലുകള്‍ ശരിവച്ച് ജൂണിയര്‍ ഡോക്ടറായ നജ്മ സലിമും ഇന്നലെ രംഗത്തെത്തിയിരുന്നു.
ഹാരിസിന്റെ മരണ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെങ്കിലും വേറെ രണ്ടു രോഗികള്‍ സമാന രീതിയില്‍ ഓക്സിജന്‍ ലഭിക്കാതെ പ്രയാസപ്പെട്ടതിന് താന്‍ സാക്ഷിയാണെന്നാണ് നജ്മ പറഞ്ഞത്.
ജമീല, ബൈഹക്കി എന്നീ രോഗികളാണ് ശ്വാസമെടുക്കാന്‍ പ്രയാസപ്പെട്ടത്. ഡോ.നജ്മ സലിമിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പരേതരായ ജമീലയുടെയും ബൈഹക്കിയുടെയും ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ്. ഇന്നു പരാതി നല്‍കുമെന്നാണ് അറിയുന്നത്.
കൊച്ചി: മെഡിക്കല്‍ കോളജിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ യശസ് തകര്‍ക്കാനുള്ള ശ്രമമാണെന്നാണ് അധികൃതരുടെ വാദം. ശബ്ദ സന്ദേശം വിട്ട നഴ്സിംഗ് ഓഫീസറുടെയും ജൂനിയര്‍ ഡോ. നജ്മയുടെയും വെളിപ്പെടുത്തലുകള്‍ വാസ്തവ വിരുദ്ധമാണ്.
3,639 കിടക്കകളില്‍ 2,681 പേര് പോസിറ്റീവായി ഉണ്ട്. ഇവിടെ 100 ഐസിയും 70 ഐക്യൂവു മാണുള്ളത് ഇതില്‍ പ്ലാസ്മാ തെറാപ്പി ആദ്യമായി ആരംഭിച്ചതും ഇവിടെയാണ്.
ആകെ 91 പേര് ഇത് വരെ മരണപ്പെട്ടിട്ടുമുണ്ട്. ഇതില്‍ ഹാരീസിന് അമിതവണ്ണവും കടുത്ത പ്രമേഹരോഗവുമുണ്ടായിരുന്നു. അവസാനമായി ന്യുമോണിയയും രക്തം കട്ടപിടിക്കല്‍ രോഗവും പിടിപെട്ടിട്ടും മനുഷ്യസിദ്ധമായ എല്ലാ ചികിത്സയും നല്‍കിയിട്ടും രക്ഷപ്പെടുത്താനായില്ല.
ജമീല എന്ന രോഗിയുടെ വെന്റിലേറ്റര്‍ മാസ്ക് മാറിക്കിടന്നു എന്നതും ശരിയല്ല. ഇത്തരം കാര്യങ്ങള്‍ സൂപ്രണ്ടിന്റെയോ മറ്റ് അധികാരികളുടെ ശ്രദ്ധയിലോ ആരും പെടുത്തിയിട്ടില്ല. ഇത്തരം അനാസ്ഥ ശ്രദ്ധയില്പെട്ടിട്ടുമില്ല. ഹാരീസിന്റെ ബന്ധുക്കല്‍ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു.
സൗമ്യമായാണ് സംസാരിച്ചത്. ചികിത്സാര്‍ഥം 1,7000 രൂപയുടെ മെഷീന് വാങ്ങിയ പരാതിയാണ് പറഞ്ഞത്. പോലീസില്‍ പരാതികൊടുക്കുമെന്ന് പറഞ്ഞിരുന്നു. അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്ന് സൂപ്രണ്ട് പീറ്റര്‍ പി. വാഴയില്‍ പറഞ്ഞു.
പുറത്തുപറയുന്ന വിധത്തിലുള്ള ഒരു നിര്‍ദേശവും ഞാന്‍ നല്‍കിയിട്ടില്ല. മീറ്റിംഗ് നടന്നത് വാസ്തവമാണ്. സൂപ്രണ്ടിന്റെ അനുമതിയോടെയാണ് മീറ്റിംഗ് നടന്നത്.
കോവിഡ് മഹാമാരിയായതിനാല്‍ ഉന്നത ഓഫീസന്മാര് ലീവാണെങ്കില്ലം പങ്കെടുപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശമുള്ളതിനാലാണ് ലീവായിട്ടും നഴ്സിംഗ് ഓഫീസറെ പങ്കെടുപ്പിച്ചത്. ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും ആർഎംഒ ഗണേശ് മോഹന്‍ പറഞ്ഞു.