ബോബൻ ബി. കഴക്കേത്തറ
കളമശേരി: ’ ആന്തൂർ മോഡൽ’ തടസവാദങ്ങളുമായി വയോധികനെ കളമശേരി നഗരസഭ ഒരു വ്യാഴവട്ടക്കാലമായി വട്ടംചുറ്റിക്കുന്നതായി പരാതി. സൗത്ത് കളമശേരി അറന്പയിൽ വീട്ടിൽ മുഹമ്മദ് സക്കീർ (78) ആണ് മൂന്ന് നില കെട്ടിടത്തിനായി കഴിഞ്ഞ 12 വർഷമായി നഗരസഭ ഓഫീസ് കയറിയിറങ്ങുന്നത്. ഭാര്യ ഫാത്തിമ്മ കാത്തൂണിന്റെ പേരിലുള്ള സ്ഥലത്ത് വാണിജ്യ ആവശ്യത്തിനായുള്ള കെട്ടിടം നിർമിക്കുന്നതിനു 2007 ജൂലൈ രണ്ടിനാണ് അപേക്ഷ നൽകിയത്. ബിഎ 310/2007 നന്പർ പ്രകാരം നിർമാണത്തിനായി പെർമിറ്റ് ലഭിക്കുകയും ചെയ്തു.
നിർമാണം കഴിഞ്ഞിട്ടും കെട്ടിടത്തിന് അനുമതി നൽകാൻ മാറി മാറി വന്ന നഗരസഭാ സെക്രട്ടറിമാർ തയ്യാറായില്ലെന്നാണ് ആക്ഷേപം. റോഡിൽ നിന്ന് മൂന്ന് മീറ്റർ ഇറക്കി നിർമിച്ചപ്പോൾ 25 സെന്റീമീറ്റർ കുറഞ്ഞുവെന്നതാണ് അപാകതയായി എഞ്ചിനീയർമാർ ചൂണ്ടിക്കാണിച്ചതെന്ന് മുഹമ്മദ് സക്കീർ പറയുന്നു. കളമശേരി നഗരസഭയുടെ വാർഡ് 37 ൽ നഗരസഭയ്ക്കും സൗത്ത് കളമശേരിക്കും മധ്യേ പഴയ നാഷണൽ ഹൈവേയിൽ കളമശേരി പോലീസ് സ്റ്റേഷനു എതിർവശത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.
ദേശീയപാതയായിരുന്ന ഈ റോഡ് പട്ടികയിൽനിന്നു മാറ്റിയിട്ടില്ലെന്നും ആറ് മീറ്റർ ഇറക്കി പണിയണമെന്നുമാണ് ആദ്യ സമയത്ത് നഗരസഭ ഉദ്യോഗസ്ഥർ പറഞ്ഞത്. പിന്നീട് റോഡിനെ ദേശീയപാത പട്ടികയിൽനിന്നും മാറ്റി. വർഷങ്ങൾക്കുശേഷം നടത്തിയ പരിശോധനയിൽ റോഡിൽനിന്നും 25 സെന്റീമീറ്റർ നീളം കുറവെന്ന കണ്ടെത്തലാണ് അനുമതി നൽകാൻ തടസമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
കെട്ടിടത്തിന്റെ മുന്നിൽ സ്ഥാപിച്ച ചില്ലുകളിൽനിന്ന് അളന്നപ്പോഴുണ്ടായ വ്യത്യാസമാണ് കാരണമെന്നാണ് മുഹമ്മദ് സക്കീർ പറയുന്നത്. ഇതിനിടയിൽ ഭാര്യയും നിര്യാതയായി. ഏക മകൻ ചെന്നൈയിലാണ്. കെട്ടിടത്തിനോട് ചേർന്ന ചായ്പ്പിലാണ് സക്കീർ താമസിക്കുന്നത്. കഴിഞ്ഞ വർഷങ്ങൾക്കിടെ ഓരോ നഗരസഭാധ്യക്ഷരും പലവട്ടം ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല. ഒരു നേതാവിന് കെട്ടിടത്തിന് മേൽ കണ്ണുണ്ടായിരുന്നതായും ആരോപണമുണ്ട്.