കളമശേരി: നഗരസഭയിലെ കെട്ടിട വിഭാഗത്തിലെ എൻജിനീയർ ഗ്രേഡ് പ്രമോഷൻ ആഘോഷിക്കാനായി ഇരുപതോളം ജീവനക്കാരെയും കൊണ്ട് പുറത്ത് പോയത് വിവാദമായി. ഇന്നലെ ഉച്ചയ്ക്ക് ഒന്നര മണി മുതൽ രണ്ടര മണി വരെ കളമശേരി നഗരസഭയിലെ കെട്ടിടവിഭാഗഓഫീസ് അടച്ചിട്ടാണ് ഉച്ചഭക്ഷണത്തിനു മററുമായി പോയത്.
കളമശേരി നഗരസഭയുടെ കൗൺസിൽ യോഗം നടക്കുമ്പോഴാണ് ഈ സംഭവം . വിവിധ ആവശ്യങ്ങൾക്കായി ഇന്നലെ ഒന്നരയോടെ എത്തിയവർ രണ്ടരയായിട്ടും ജീവനക്കാർ എത്താത്തത് കാരണം ബഹളമുണ്ടാക്കി. തുടർന്ന് ജീവനക്കാരെത്തി ഓഫീസ് തുറക്കുകയായിരുന്നു. എഇയ്ക്ക് ലഭിച്ച ഗ്രേഡ് പ്രമോഷൻ ആഘോഷിക്കാനാണ് ഓഫീസ് സമയത്ത് ജീവനക്കാർ കൂട്ടമായി സ്ഥലം വിട്ടത്.
അതിനിടെ ബഹളം വച്ച വരോട് പിന്നെക്കാണാമെന്ന മറുപടി ചില ജീവനക്കാർ പറഞ്ഞതായും ആരോപണമുണ്ട്. സാധാരണയായി ജീവനക്കാർ മാറി മാറിയാണ് ഉച്ചഭക്ഷണത്തിനു പോകാറ്. അതിനാൽ കാത്തുനിൽക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകാറില്ല. ഇത്തവണ കൗണ്ടറുകൾ എല്ലാം അടച്ചിട്ടാണ് ജീവനക്കാർ പുറത്തുപോയത്.