കളമശേരി: കളമശേരി നഗരസഭയിലെ നേതൃമാറ്റത്തിനായി ഐ ഗ്രൂപ്പിലെ ഒരു വിഭാഗം രംഗത്തിറങ്ങിയതോടെ എ, ഐ ക്യാമ്പുകൾ രഹസ്യ ആലോചനാ യോഗങ്ങൾ സംഘടിപ്പിച്ചു. എ ഗ്രൂപ്പ് കളമശേരിയിലെ നേതാക്കന്മാരെയാണ് ഉൾപ്പെടുത്തിയതെങ്കിൽ ഐ ഗ്രൂപ്പ് ഒരു പടി കൂടി കടന്ന് കെപിസിസിയംഗം അജയ് തറയിലിനെ മുഖ്യാതിഥിയാക്കിയാണ് രഹസ്യ യോഗം കൗൺസിലറുടെ വീട്ടിൽ നടത്തിയത്.
എന്നാൽ മണ്ഡലം പ്രസിഡന്റും നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതിയധ്യക്ഷനുമായ എ.കെ. ബഷീർ രണ്ട് യോഗങ്ങളിലും പങ്കെടുത്തില്ല. ഐ ഗ്രൂപ്പ് നേതാവാണെങ്കിലും കെപിസിസി നിർദേശത്തെ തുടർന്ന് എ ഗ്രൂപ്പുകാരിയായ ജെസി പീറ്റർ ചെയർപേഴ്സൺ ആയതോടെ അദ്ദേഹം ഗ്രൂപ്പിൽ നിന്ന് അകന്ന് നിൽക്കുകയാണ്. മൂന്ന് വർഷമായിട്ടും രഹസ്യ യോഗങ്ങൾക്ക് ബഷീറിനെ പങ്കെടുപ്പിക്കാനും ഐ ഗ്രൂപ്പിന് കഴിയുന്നുമില്ല.
ഇതിനിടയിൽ രാജിവച്ചതോടെ ഒഴിവുവന്ന 3 നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റികളിൽ നാളെ തിരഞ്ഞെടുപ്പ് നടക്കും. നേതൃമാറ്റം ആവശ്യപ്പെട്ട് രാജിവച്ച ഐ ഗ്രൂപ്പുകാർ തന്നെ വീണ്ടും മത്സരിക്കുമെന്നാണ് സൂചന. എന്നാൽ അതിന് മുമ്പ് കളമശേരി നഗരസഭ ചെയർപേഴ്സൺ സ്ഥാനം ഐ ഗ്രൂപ്പിന് നൽകുന്ന സമയവും തീരുമാനിക്കണമെന്നാണ് ആവശ്യം.
ഭരിക്കാൻ അനുവദിക്കൂ എന്നിട്ടാകാം ഭരണകൈമാറ്റമെന്ന് ഐ ക്യാമ്പും പറയുന്നു. കോൺഗ്രസ്, സിപിഎം, ലീഗ് സീറ്റുകളിൽ വിമതരായി ജയിച്ച കൗൺസിലർമാരെയും ഒപ്പം കൂടിയാണ് ഇരുവിഭാഗവും വിലപേശൽ തുടരുന്നത്.