കളമശേരി: ഉപതെരഞ്ഞെടുപ്പ് നടന്ന കളമേശിരി നഗരസഭയിലെ 37-ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് അട്ടിമറി വിജയം. ലീഗിന്റെ സിറ്റിംഗ് സീറ്റാണ് എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥി റഫീഖ് മരയ്ക്കാർ പിടിച്ചെടുത്തത്. 64 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയം.
ഇദേഹത്തിന് 308 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി സമീലിന് 244 വോട്ട് കിട്ടി. യുഡിഎഫിലെ തന്നെ വിമത സ്ഥാനാർഥി ഷിബു 207 വോട്ട് നേടി. ബിജെപി സ്ഥാനാർത്ഥിക്ക് 13 വോട്ടാണ് ആകെ നേടാനായത്. മറ്റൊരു സ്വതന്ത്രൻ ഒരു വോട്ടും നേടി.
ജയത്തോടെ നഗരസഭയിൽ കക്ഷിനില യുഡിഎഫിന് 21 എൽഡിഫിന് 20 എന്ന നിലയിലായി. കോൺഗ്രസ്-ലീഗ് തർക്കം കാരണം യുഡിഎഫിന്റെ വോട്ടുകൾ രണ്ടായി മാറിയതാണ് ഇടതു മുന്നണിക്ക് ഗുണമായത്. ഉപതെരെഞ്ഞെടുപ്പിന് മുമ്പേ യുഡിഎഫ് റിബലുകൾ തിരികെയെത്തിയതിനാൽ ഭരണത്തെ വിജയം ബാധിക്കില്ല.
നേരത്തെ നറുക്കെടുപ്പിലൂടെയാണ് നഗരസഭയിൽ ഭരണം യുഡിഎഫ് ഉറപ്പിച്ചത്. ഇതിനു ശേഷം സ്വതന്ത്രനായി ജയിച്ച ഒരാൾ എൽഡിഎഫ് പക്ഷത്തുനിന്നും യുഡിഎഫിലേക്ക് എത്തുകയായിരുന്നു. അതേസമയം തോൽവിയിൽ പ്രകോപിതരായി ലീഗിലെ ഒരു വിഭാഗം ഫലമറിഞ്ഞ ഇന്ന് രാവിലെ തന്നെ കോൺഗ്രസിലെ ഐ ഗ്രൂപ്പിനെതിരെ പരസ്യമായി രംഗത്തിറങ്ങി.
ഐ ഗ്രൂപ്പ് നേതാക്കൾക്കെതിരേ നഗരസഭയിലും പുറത്തും മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധയോഗങ്ങൾ നടക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് കൺവൻഷനുകൾ ബഹിഷ്ക്കരിച്ച ഐ ഗ്രൂപ്പ് മത്സര രംഗത്തുണ്ടായിരുന്ന സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണച്ചിരുന്നു. ഇത് മുസ്ലിം ലീഗിലെ അഹമ്മദ് കബീർ പക്ഷത്തിനെ പ്രകോപിച്ചിരിക്കുകയാണ്.
കോൺഗ്രസിലെ ജെസി പീറ്ററിന്റെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് ആണ് ഔദ്യോഗിക സ്ഥാനാർഥിയെ പിന്തുണച്ചത്.തെരഞ്ഞെടുപ്പ് കൺവൻഷനിൽ കോൺഗ്രസ് പ്രതിനിധിയായ കളമശേരി നഗരസഭ ചെയർപേഴ്സണും വിട്ടു നിന്നിരുന്നു. മുസ്ലീം ലീഗ് സ്ഥാനാർഥി വി എസ് സമീലിന്റെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ എ ഗ്രൂപ്പിലെ ഏതാനും പേർ മാത്രമാണ് പങ്കെടുത്തത്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതയ്ക്കാണ് നഗരസഭ അധ്യക്ഷ സ്ഥാനം സംവരണം ചെയ്തിരിക്കുന്നത്. പുതുമുഖമായ അധ്യക്ഷയെ സഹായിക്കാനും ഭരണം എകോപിപ്പിക്കാനും കോൺഗ്രസിന് തന്നെ ഉപാധ്യക്ഷ സ്ഥാനം വേണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. അല്ലെങ്കിൽ കോൺഗ്രസ്സിന് ഭരണത്തിൽ പങ്കാളിത്തം ഉണ്ടാകില്ലെന്നാണ് വാദം.
ഇതിനായി ഉപാധ്യക്ഷ സ്ഥാനം ലീഗ് വിട്ടുതരണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. അല്ലെങ്കിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സിറ്റിംഗ് സീറ്റ് കോൺഗ്രസിന് വിട്ടുതരണം. രണ്ടും നടന്നില്ലെങ്കിൽ ഉപതെരെഞ്ഞെടുപ്പിൽ മറ്റൊരു സ്ഥാനാർത്ഥിയെ രംഗത്തിറക്കുമെന്നാണ് ഐ ഗ്രൂപ്പിന് മുൻതൂക്കമുള്ള കളമശേരിയിലെ കോൺഗ്രസ് നിലപാട്.
സ്വതന്ത്ര സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് മാറ്റി വച്ച 37-ാം വാർഡിലെ ജയം ഇരുമുന്നണികൾക്കും നിർണായകമായിരുന്നു. റിബലുകളുടെ പിന്തുണ ഉറപ്പാക്കി നഗരസഭയിൽ 20-20 എന്ന നിലയിൽ യുഡിഎഫും എൽഡി എഫും ആദ്യഘട്ടത്തിൽ തുല്യ ശക്തിയായിരുന്നു. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്.
ജയിച്ച സിപിഎം, ലീഗ് റിബലുകൾ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് 20 കൗൺസിലർമാർ എന്ന നമ്പർ നേടി തുല്യശക്തിയായത്. ഒരു റിബൽ യുഡിഎഫിനും പിന്തുണ നൽകി. എന്നാൽ നറുക്കെടുപ്പിലൂടെ അധ്യക്ഷ സ്ഥാനവും ഉപാധ്യക്ഷ സ്ഥാനവും ഭരണം ലഭിച്ചതോടെ എൽഡിഎഫിനെ പിന്തുണച്ച ലീഗ് റിബൽ യുഡിഎഫിൽ മടങ്ങിയെത്തി.
ഇതോടെ 21-19 എന്ന രീതിയിൽ ഭരണപക്ഷം മുന്നിലെത്തി. എൽഡിഎഫ് ഇന്നു നടന്ന ഉപതെരെഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും 21-20 എന്നായതിനാൽ ഭരണം പിടിച്ചെടുക്കാനാകില്ല.