കളമശേരി: കളമശേരി പോലീസ് സ്റ്റേഷനു പിന്നിൽ നിർമാണത്തിലിരുന്ന പോലീസ് ക്വാർട്ടേഴ്സിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. വാർക്കപ്പണി നടന്നുകൊണ്ടിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് ഇടിഞ്ഞു വീണത്.
ജീവനക്കാരിൽ ഒരാൾക്ക് പരിക്കുപറ്റി. എസ്പി തലത്തിൽ ഉള്ള പോലീസ് ഓഫീസർമാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്സിനു മുമ്പിലെ കാർ പാർക്കിംഗ് സ്ഥലം വാർത്തുകൊണ്ടിരിക്കെയാണ് അപകടം.
98 ലക്ഷം രൂപ ചെലവിൽ പോലീസ് കൺസ്ട്രക്ഷൻ കോർപറേഷൻ നേരിട്ട് നടത്തുന്ന നിർമാണമാണിത്. വാർക്ക ഉൾപ്പെടെ സബ് കോൺട്രാക്ടർക്ക് നൽകി സർക്കാർ ഫണ്ട് ദുർവിനിയോഗം ചെയ്യുന്നതായി പോലീസുകാർക്കിടയിൽതന്നെ പരാതിയുണ്ട്.
കൺസ്ട്രക്ഷൻ കോർപറേഷന്റെ മേൽനോട്ടത്തിൽ പണിത വീടുകളുടെ ചോർച്ച, വിള്ളൽ എന്നിവ നിരന്തര സംഭവമാണെന്ന ആക്ഷേപം നിലനിൽക്കെയാണ് ഇന്നലത്തെ സംഭവവും. അസംസ്കൃത വസ്തുക്കളുടെ നിലവാരക്കുറവും അഴിമതിയുമാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്.