കളമശേരി: റെയിൽവേ ജീവനക്കാരിയുടെ കുട്ടിയെ റെയിൽ ട്രാക്കിനരികിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി രക്ഷിച്ച കളമശേരിയിലെ പോലീസുകാരുടെ കഥ നവ മാധ്യമങ്ങളിൽ വൈറൽ. റെയില്‍വേ ട്രാക്കിനരികിലൂടെ ഇരുട്ടത്ത് കരഞ്ഞുകൊണ്ട് നടന്നു പോകുന്ന കുഞ്ഞിനെ കണ്ട വിവരം പാസഞ്ചര്‍ ട്രെയിനിലെ അജ്ഞാതനായ യാത്രക്കാരൻ കളമശേരി സ്റ്റേഷനിലേക്കറിയിച്ചതാണ് പോലീസിനെ സ്ഥലത്തെത്തിച്ചത്.
ഈ സമയം കുട്ടിയുടെ അമ്മയും സഹപ്രവർത്തകരും എതിർ ദിശയിൽ കാണാതായ കുട്ടിയെത്തേടി അലയുന്നുണ്ടായിരുന്നു. ഇതറിയാതെയാണ് കുട്ടിയെ കണ്ടതായി പറഞ്ഞ ദിശയിൽ എസ്ഐ പ്രസന്നൻ, സിപിഒമാരായ അനിൽ, നിയാസ് മീരൻ എന്നിവർ ട്രാക്കിലൂടെ ഓടിയെത്തിയത്.
റെയില്‍വേ ട്രാക്കിലൂടെ ചോരയൊലിപ്പിച്ച് കരഞ്ഞു വരുന്ന കുഞ്ഞിനെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ കണ്ടെത്തുകയും ചെയ്തു. രാത്രി 8.30 ഓടെയാണ് കുട്ടിയെ കണ്ടെത്താനായത്. ട്രാക്കിൽ വീണതിനാൽ തലയിൽ മുറിവും ഉണ്ടായിരുന്നു.
തിരികേ അര കിലോമീറ്ററോളം കുട്ടിയെ എടുത്തു കൊണ്ട് നടന്നു വരുമ്പോഴാണ് മകനെ തേടി നടക്കുന്ന അമ്മയെ കണ്ടുമുട്ടിയത്. രണ്ടു മണിക്കൂറായി തീ തിന്നുകയായിരുന്ന അമ്മയ്ക്ക് നിയമപാലകർ ദേവദൂതന്മാരായി മാറുകയായിരുന്നു. കുട്ടിയെ സമീപത്തെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ശുശ്രൂഷ നൽകാനും രക്ഷാസംഘം മറന്നില്ല.
സംഭവം പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകനായ ജിനീഷ് എഴുതി പോസ്റ്റ് ചെയ്തതോടെ നവ മാധ്യമങ്ങളിൽ വൈറലായി. ചിത്രങ്ങളടക്കമാണ് പോസ്റ്റ് ചെയ്തത്. രക്ഷകരായ സംഘത്തിന് അഭിനന്ദന പ്രവാഹമാണിപ്പോഴും. മൂന്ന് ദിവസം മുമ്പ് കളമശേരി റെയില്‍വേ സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫറായി വന്ന ജീവനക്കാരിയാണ് കുഞ്ഞിന്റെ അമ്മയായ മഞ്ജു. ഭർത്താവ് അജിത്ത് കൊല്ലത്ത് ഡ്രൈവറായി ജോലി നോക്കുന്നു.