കൊച്ചി: കളമശേരിയില്‍ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ ബോംബ് സ്ഫോടനക്കേസില്‍ യഹോവാ സാക്ഷികളുടെ കൂട്ടായ്മയില്‍നിന്ന് അടുത്തിടെ വിട്ടുപോയവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇവരില്‍ ആരെങ്കിലുമായി പ്രതി ഡൊമിനിക് മാര്ട്ടിന് ബന്ധപ്പെട്ടിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.
യാഹോവാ സാക്ഷികളോടുള്ള വിരോധം മൂലമാണ് ബോംബ് സ്ഫോടനം നടത്തിയെന്ന ഡൊമിനിക്ക് മാര്‍ട്ടിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്ക് ഇത്തരത്തിലുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് അന്വേഷണം നടക്കുന്നത്. തിരിച്ചറിയല്‍ പരേഡിന് ഇന്ന് അപേക്ഷ നല്‍കും.
അതേസമയം, പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡിനായി പോലീസ് ഇന്ന് അപേക്ഷ നല്‍കും. ഇന്നലെ അപേക്ഷ നല്‍കാനായി തീരുമാനിച്ചിരുന്നതാണെങ്കിലും അത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അന്വേഷണ സംഘം തിരിച്ചറിയല്‍ പരേഡിനുള്ള പട്ടിക തയാറാക്കി വരുകയാണ്.
സ്ഫോടക സ്ഥലത്ത് പ്രതിയെ കണ്ടവര്‍, സ്ഫോടക വസ്തുക്കള്‍ വില്പന നടത്തിയ വ്യാപാരികള്‍, പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ അടങ്ങുന്ന പട്ടികയാണ് തയാറാക്കുന്നത്. ഇതിനുശേഷമാകും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുക.
ഡൊമിനിക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.
മജിസ്ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ ആയിരിക്കും തിരിച്ചറിയല്‍ പരേഡ് നടക്കുക. ഇതിനായി അന്വേഷണസംഘം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും. അപേക്ഷ അംഗീകരിച്ചാല്‍ ഉടന്‍ തന്നെ തിരിച്ചറിയല്‍ പരേഡ് നടക്കും.
സാക്ഷികളെ കാക്കനാട് ജയിലില്‍ എത്തിച്ച് പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തുകയാണ് ലക്ഷ്യം. ഇതിനുശേഷം പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഡൊമിനിക് മാര്‍ട്ടിനെ 29 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.