സ്വന്തം ലേഖിക
കൊച്ചി: മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ കളമശേരി സാമ്രാ കണ്വന്ഷന് സെന്ററിലെ ബോംബ് സ്ഫോടനക്കേസില് പ്രതി ഡൊമിനിക് മാര്ട്ടിന് സ്ഫോടനത്തിനായി ഉപയോഗിച്ചത് 50 ഗുണ്ടുകള്. ഇവ വാങ്ങിയത് തൃപ്പൂണിത്തുറയിലെ പടക്കക്കടയില് നിന്നാണെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തിയതായി വിവരം.
സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് പ്ലാസ്റ്റിക് കവറുകളിലായി കൺവൻഷൻ സെന്ററിൽ രണ്ടിടത്തായി സ്ഥാപിച്ചെന്നും ഡൊമിനിക് മാര്ട്ടിന് പോലീസിന് മൊഴി നല്കിയതായാണ് അറിയാൻ കഴിഞ്ഞത്. നേരത്തെ ബോംബ് സ്ഥാപിച്ചത് ടിഫിന് ബോക്സിലാണെന്നായിരുന്നു വിവരങ്ങൾ പുറത്തുവന്നത്.
പെട്രോള് നിറച്ച പ്ലാസ്റ്റിക് ബാഗില് റിമോട്ട് ഘടിപ്പിച്ചു. ബാറ്ററിയോട് ചേര്ത്തുവച്ച ഗുണ്ടാണ് റിമോട്ട് ഉപയോഗിച്ച് തീപ്പൊരി ഉണ്ടാക്കി പൊട്ടിച്ചത്. എട്ടു ലിറ്റര് പെട്രോളാണ് കൃത്യത്തിനായി ഉപയോഗിച്ചത്. കൊച്ചിയിലെ വിവിധ പെട്രോള് പമ്പുകളില് നിന്നായി ഏഴു തവണയാണ് പെട്രോള് വാങ്ങിയത്.
3000 രൂപയാണ് ബോംബ് നിർമാണത്തനായി പ്രതി ചെലവാക്കിയതെന്നാണ് വിവരം. പ്രതിയെ എന്ഐഎയും ചോദ്യം ചെയ്യുന്നുണ്ട്. കളമശേരി എആര് ക്യാമ്പിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. പ്രതിയെ ഇന്ന് ഉച്ചയ്ക്കു ശേഷം സംഭവ സ്ഥലത്തും വീട്ടിലും എത്തിച്ച് തെളിവെടുത്തേക്കും
ബോംബ് ഉണ്ടാക്കിയത് അത്താണിയിലെ വീട്ടില്
തമ്മനത്തെ വീട്ടില്നിന്ന് പുര്ച്ചെ അഞ്ചിന് ഡൊമിനിക് സുഹൃത്തിനെ കാണാനായി പുറപ്പെട്ടതായാണ് ഭാര്യ പോലീസിനു നല്കിയ വിവരം. 5.45 ഓടെ അത്താണിയിലെ തറവാട്ടു വീട്ടിലെത്തിയ ഇയാള് 6.30 വരെ അവിടെയിരുന്നു ബോംബ് ഉണ്ടാക്കി. തുടര്ന്ന് ആറു ബോംബുകള് രണ്ട് വലിയ സഞ്ചികളിലാക്കി സ്കൂട്ടറില് അവിടെനിന്ന് കളമശേരി കണ്വന്ഷന് സെന്ററിലേക്ക് പുറപ്പെട്ടു.
ഏഴിന് ഇവിടെയെത്തിയ പ്രതി രണ്ടിടത്ത് രണ്ടു കസേരകൾക്കടിയിലായി വലിയ സഞ്ചികള് നിക്ഷേപിച്ചുവെന്നാണ് വിവരം. ബാറ്ററിക്ക് ഒന്നരമണിക്കൂര് സമയം മാത്രമേ ചാർജ് നിൽക്കുകയുള്ളു എന്നതിനാൽ അവിടെ നിന്ന് പോയി 8.30 ഓടെ വീണ്ടും തിരിച്ചെത്തി ബാറ്ററി ഓൺ ചെയ്യുകയായുന്നു.
9.30ന് പ്രാര്ഥന ആരംഭിച്ച്, 9.35 ന് വിശ്വാസികള് കണ്ണടച്ച് പ്രാര്ഥിക്കവേ റിമോട്ട് ഉപയോഗിച്ച് ആദ്യ സ്ഫോടനം നടത്തി. വീണ്ടും പത്തു സെക്കന്റിനകം അടുത്ത റിമോട്ട് ഉപയോഗിച്ച് രണ്ടാമത്തെ സ്ഫോടനവും നടത്തിയതായാണ് വിവരം. പ്രതി മാറിനിന്ന് ഇക്കാര്യങ്ങള് മൊബൈല് ചിത്രീകരിച്ച ശേഷമാണ് അവിടെ നിന്ന് മടങ്ങിയത്.
പ്രതി ബോംബ് ഉണ്ടാക്കിയെന്ന് കരുതുന്ന വീട്ടിൽ ഇന്ന് രാവിലെ പോലീസ് പരിശോധന നടത്തി. വെള്ളിയാഴ്ച ഇയാള് ഇവിടെയെത്തിയെന്ന വിവരത്തെത്തുടര്ന്നാണ് പരിശോധന നടത്തിയത്. വീടിന് പോലീസ് കാവല് ഏര്പ്പെടുത്തി.
ഗുണ്ടുകൾ വാങ്ങിയത് തൃപ്പൂണിത്തുറയിലെ പടക്കശാലയിൽ നിന്ന്, ആകെ ചെലവ് 3,000 രൂപ
പ്രതി ഒറ്റയ്ക്ക് ബോംബ് നിര്മിച്ചുവെന്ന മൊഴി പൂര്ണമായും വിശ്വാസത്തിലെടുക്കാതെ പോലീസ്. സ്ഫോടനം നടത്തിയത് താന് ഒറ്റയ്ക്കാണെന്ന മൊഴിയില് പ്രതി ഉറച്ചുനില്ക്കുകയാണ്.
ആസൂത്രണവും തന്റേത് മാത്രമാണെന്നാണ് ഇയാള് അന്വേഷണ സംഘത്തിന് മൊഴി നല്കിയിരിക്കുന്നത്. ദുബായിൽ ഫോര്മാനായി ജോലി ചെയ്തിരുന്ന ഡൊമിനിക് മാര്ട്ടിന് രണ്ടു മാസം മുമ്പാണ് കൊച്ചിയിലെത്തിയത്. യുട്യൂബ് നോക്കിയാണ് താന് ബോംബ് നിര്മിച്ചതെന്നാണ് ഇയാള് പോലീസിനോട് പറഞ്ഞത്.
സ്ഫോടനത്തില് മറ്റാര്ക്കെങ്കിലും പങ്കുണ്ടോയെന്നും, ഇയാളുടെ ലക്ഷ്യം എന്തായിരുന്നുവെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡൊമിനിക് മാര്ട്ടിന്റെ യുട്യൂബ് ലോഗ് ഇന് പോലീസ് പരിശോധിക്കുന്നുണ്ട്.
ഡൊമിനിക്കിന്റെ ദുബായി ബന്ധത്തെക്കുറിച്ച് അന്വേഷണം
ഏറെക്കാലം ദുബായിലുണ്ടായിരുന്ന ഡൊമിനിക് മാര്ട്ടിന്റെ അവിടത്തെ ബന്ധങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ദുബായില്നിന്ന് രണ്ടു മാസം മുമ്പ് മടങ്ങിയെത്തിയ ഇയാള് ഇത്തരത്തില് പ്രവര്ത്തിക്കാനായി മറ്റെന്തിലും പ്രേരണ ഉണ്ടായിട്ടുണ്ടോയെന്നാണ് അന്വേഷണം നടക്കുന്നത്.
ഭാര്യാമാതാവും പ്രാര്ഥനയില്
കളമശേരിയില് നടന്ന പ്രാര്ഥനായോഗത്തില് ഡൊമിനിക് മാര്ട്ടിന്റെ ഭാര്യാമാതാവും പങ്കെടുത്തിരുന്നു. എന്നാല് സംഭവസ്ഥലത്ത് വച്ച് ഇവര് ഡൊമിനിക്കിനെ കണ്ടിരുന്നില്ലെന്നാണ് പറയുന്നത്.