കൊച്ചി: സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി നടത്തുന്ന ദേശീയ പണിമുടക്ക് രണ്ടാം ദിനത്തിലേക്കു കടന്നതോടെ എറണാകുളം ജില്ലയിൽ ജനജീവിതം സ്തംഭിച്ചു. ആദ്യദിനത്തേതിനു സമാനമായി ജില്ല മുഴുവൻ ഹർത്താൽ പ്രതീതിയാണ് അനുഭവപ്പെടുന്നത്. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ രണ്ടാം ദിനവും സർവീസ് നടത്തുന്നില്ല. ഭൂരിഭാഗം സർക്കാർ, സ്വകാര്യ ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്.
ഓട്ടോറിക്ഷകളും ടാക്സികളും പണിമുടക്കുന്പോൾ ഓണ്‍ലൈൻ ടാക്സികളും സ്വകാര്യവാഹനങ്ങളും നിരത്തിലുണ്ട്. ഇന്നലത്തേതിനു അപേക്ഷിച്ച് വിവിധയിടങ്ങളിൽ കൂടുതൽ വ്യാപാര കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. വരും സമയങ്ങളിൽ കൂടുതൽ വ്യാപാര കേന്ദ്രങ്ങൾ തുറക്കുമെന്നാണു വിവരം. അതിനിടെ, സമരാനുകൂലികൾ ഇന്നും ട്രെയിൻ തടഞ്ഞു. കളമശേരി, എറണാകുളം ടൗണ്‍ സ്റ്റേഷനുകളിലാണ് ഇന്നു രാവിലെ ട്രെയിൻ തടഞ്ഞത്.
കളമശേരി റെയിൽവേ സ്റ്റേഷനിൽ രാവിലെ എട്ടിന് പുനലൂർ- നിലന്പൂർ പാസഞ്ചറാണ് അര മണിക്കൂറോളം തടഞ്ഞിട്ടത്. സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ട്രെയിൻ തടയൽ സമരം ഉദ്ഘാടനം ചെയ്തു.
കളമശേരിയിലെ സമരപ്പന്തലിൽനിന്നു രാവിലെ 7.15 ന് റെയിൽവേ സ്റ്റേഷനിലേക്കു റാലിയായി എത്തിയശേഷമാണു ട്രെയിൻ തടഞ്ഞത്. സിഐടിയു നേതാക്കളായ മുജീബ് റഹ്മാൻ, എ.എം. യൂസഫ്, നഗരസഭാ കൗണ്‍സിലർ ബിന്ദു മനോഹരൻ, എം.ആർ. രാധാകൃഷ്ണൻ, എസ്. രമേശ്, കെ.വി. രവീന്ദ്രൻ, പി.എം.എ. ലത്തീഫ് , ടി.കെ. കരീം, കെ.പി. കരീം എന്നിവർ നേതൃത്വം നൽകി. ഒന്‍പതരയോടെ തിരുനൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസാണ് എറണാകുളം ടൗണ്‍ റെയിൽവേ സ്റ്റേഷനിൽ സമരാനുകൂലികൾ തടഞ്ഞത്.
നൂറുകണക്കിനു പ്രവർത്തകർ പ്രകടനമായി സ്റ്റേഷനിലേക്ക് എത്തിച്ചേർന്ന ശേഷം ട്രെയിൻ തടയുകയായിരുന്നു. കൊച്ചി സിറ്റി പോലീസ് അസി. കമ്മീഷ്ണർ ലാൽജിയുടെ നേതൃത്വത്തിൽ നിരവധി പോലീസുകാരും റെയിൽവേ പോലീസും സ്ഥലത്തുണ്ടായിരുന്നു. അതിനിടെ, ഹർത്താലും പണിമുടക്കിനും ബാധിക്കാത്ത കൊച്ചി മെട്രോ സർവീസ് പതിവ്പോലെ ഇന്നും സർവീസ് നടത്തുന്നുണ്ട്. കൊച്ചിയിൽനിന്നും ആലുവ ഭാഗത്തേയ്ക്കും തിരിച്ചുമുള്ള നിരവധി യാത്രികർ മെട്രോയെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്.
പണിമുടക്കിന്റെ രണ്ടാം ദിനം ജില്ലയിൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആദ്യദിനമായ ഇന്നലെ ചില അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആലുവ തോട്ടക്കാട്ടുകരയിൽ തുറന്നു പ്രവർത്തിച്ച ബിന്ദു ഗ്യാസ് ഏജൻസിയുടെ ചില്ല് ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് അജ്ഞാതർ കല്ലെറിഞ്ഞു തകർക്കുകയും ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്പിൽ ഓട്ടോറിക്ഷയുടെ ചില്ല് തകർക്കുകയും ചെയ്തിരുന്നു. പെരുന്പാവൂർ ടൗണ്‍, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, പറവൂർ, കാലടി തുടങ്ങിയ മേഖലകളിൽ പണിമുടക്ക് ഭാഗികമാണ്. അതിനിടെ, പണിമുടക്കിനെ നേരിടാൻ കർശന നടപടികളുമായി പോലീസും രംഗത്തുണ്ട്.