തിരുവനന്തപുരം: മോഷണക്കേസ് പ്രതിയെ ഇരുപത് വർഷങ്ങൾക്ക് ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
ജവഹർ നഗർ ചരുവിളാകത്ത് പുത്തൻവീട്ടിൽ കലകുമാർ (57)നെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
ശാസ്തമംഗലത്ത് താമസിച്ച് വന്നിരുന്ന തമിഴ്നാട് സ്വദേശി സൂര്യനാരായണന്റെ വീട്ടിൽ നിന്നും 36 പവൻ സ്വർണാഭരണങ്ങൾ മോഷണം ചെയ്ത കേസിലാണ് അറസ്റ്റ്.
1999 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
നിരവധി മോഷണ കേസ് പ്രതികളെ ചോദ്യം ചെയ്തെങ്കിലും കേസിൽ തുന്പ് ലഭിച്ചിരുന്നില്ല. അന്വേഷണം നടക്കവെ സൂര്യനാരായണന്റെ വീട്ടിൽ നിന്നും കലകുമാറിന്റെ ഫിംഗർ പ്രിന്റ് നേരത്തെ ലഭിച്ചിരുന്നു.
ഇതിന്റെ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ഇയാളിലേക്ക് അന്വേഷണം പുരോഗമിക്കവെ പ്രതി ഒളിവിൽ പോകുകയായിരുന്നു.
ജവഹർനഗർ, ശാസ്തമംഗലം പ്രദേശത്ത് നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ആറ് മോഷണ കേസുകൾ തെളിഞ്ഞു.
ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ കെ.ആർ.ബിജു, എസ്ഐമാരായ പ്രതാപ്കുമാർ, ക്രിസ്റ്റഫർ ഷിബു, ശോബിദ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.