കേളകം: കണിച്ചാർ ചെങ്ങോത്ത് കുഞ്ഞിന് അമ്മയുടെ കാമുകന്റെ ക്രൂരമർദ്ദനമേറ്റ സംഭവം കുട്ടിയെ ഒഴിവാക്കാനുള്ള ശ്രമമെന്ന് സംശയം. ഒരാഴ്ച മാത്രമേ ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയിട്ട്.
ഭർത്താവിനെയും മറ്റ് രണ്ട് കുട്ടികളെയും ഉപേക്ഷിച്ചാണ് കുട്ടിയുടെ അമ്മയായ രമ്യ രതീഷിനൊപ്പം താമസിക്കാനാരംഭിച്ചത്.
തുടക്കം മുതലെ കുട്ടിയെ ഉപേക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ മുല കുടിക്കുന്ന കുട്ടിയായതു കൊണ്ട് ഒഴിവാക്കാൻ സാധിക്കാതിരുന്നതാണ് മർദ്ദനത്തിന് കാരണം.
മർദ്ദനത്തിൽ പരിക്കേറ്റ കുട്ടിയെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ തോളിനോട് ചേർന്ന കോളർ അസ്ഥിയ്ക്കാണ് പൊട്ടൽ സംഭവിച്ചത്.
മുഖത്ത് നീർക്കെട്ടുമുണ്ട്. സംഭവത്തിൽ ഇന്നലെ കുഞ്ഞിന്റെ അമ്മയെയും കാമുകനെയും കേളകം പോലീസ് അറസ്റ്റ് ചെയ്തു.
കൊട്ടിയൂര്‍ പാലുകാച്ചിയിലെ പുത്തൻപുരയ്ക്കൽ പി.എസ്.രതീഷ് (38), ചെങ്ങോം വെട്ടത്ത് രമ്യ(23) എന്നിവരെയാണ് കേളകം സിഐ. എ.വിപിൻദാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട്, ഐ.പി.സി.വകുപ്പുകൾ പ്രകാരം കേസെടുത്തു.
കുഞ്ഞിന് സംരക്ഷണം നൽകാതിരുന്നതിനും മര്‍ദ്ദനം തടയാതിരുന്നതിനുമാണ് അമ്മയ്ക്കെതിരേ കേസ്. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
ശനിയാഴ്ച രാത്രി എട്ടോയോടെയാണ് സംഭവം. കുഞ്ഞിനെ രമ്യയുടെ അമ്മയാണ് പേരാവൂര്‍ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
പ്രാഥമിക പരിശോധനയിൽ മർദ്ദനമേറ്റപരിക്കുകളാണെന്ന് മനസിലാക്കി ആശുപത്രി അധികൃതര്‍ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വിശദ പരിശോധനക്കായി കുഞ്ഞിനെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
മൂന്നാഴ്ച മുന്‍പാണ് രതീഷും രമ്യയും ചെങ്ങോത്ത് വാടക വീടെടുത്ത് താമസം തുടങ്ങിയത്.
എന്നാൽ ഇരുവരും വിവാഹം കഴിച്ചിട്ടില്ലെന്നും ഒരുമിച്ചുള്ള ജീവിതത്തിന് കുട്ടി തടസമാകുന്നതിനാൽ കുട്ടിയെ രതീഷ് മർദ്ദിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
രതീഷ് കുട്ടിയെ കൈകൊണ്ടും വടികൊണ്ടും അടിച്ചുപരിക്കേൽപ്പിച്ചു. മുൻപും ഇയാൾ കുട്ടിയെ മർദ്ദിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. രമ്യ ഭർത്താവുമായി പിരിഞ്ഞ് കുറച്ചു നാളുകളായി മാറിത്താമസിക്കുകയായിരുന്നു.
മാറിത്താമസിക്കുന്നതിനിടയിലാണ് രമ്യ രതീഷുമായി പ്രണയത്തിലായി ഒരുമിച്ച് താമസിക്കാനാരംഭിച്ചത്. രതീഷും വിവാഹിതനാണ്. കേസിൽ ബാലാവകാശ കമ്മിഷന് ചെയര്മാൻ കെ.വി.മനോജ് കുമാര്‍ ഇടപെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.