വൈപ്പിൻ: കാളമുക്ക് ഫിഷ് ലാൻഡിംഗ് സെന്റർ പ്രവർത്തനം തുടങ്ങുന്നതിനായി അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിച്ച ഫണ്ട് പ്രഖ്യാപനത്തിലൊതുങ്ങിയതായി കേരള പരന്പരാഗത മത്സ്യത്തൊഴിലാളി സമിതി. ഫിഷറീസ് വകുപ്പ് 4.85 കോടി രൂപ അനുവദിച്ചെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചതല്ലാതെ ഫണ്ട് ഇതുവരെ നടത്തിപ്പുകാരായ ഹാർബർ എൻജിനീയറിംഗ് വകുപ്പിന്റെ കൈകളിൽ എത്തിയിട്ടില്ല.
ഹാർബറിലേക്കുള്ള വഴിക്കും വാഹനപാർക്കിംഗിനുമായി ഫിഷ് ലാൻഡിംഗ് സെന്ററിനോട് ചേർന്നു കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ ഭൂമി ഏറ്റെടുക്കുന്നതിനായി സർവേ നടത്തുകയും ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ട് മാസങ്ങൾ പിന്നിട്ടുവത്രേ. എന്നാൽ ഇപ്പോഴും ഫണ്ട് ചുവപ്പ് നാടയിൽ കുരുങ്ങിക്കടക്കുകയാണെന്നാണ് പരന്പരാഗത മത്സ്യത്തൊഴിലാളി സമിതി പറയുന്നത്.
ഭൂവുടമക്ക് പണം നൽകിയാൽ മാത്രമെ ഭൂമി ഏറ്റെടുത്ത് മറ്റു പണികൾ ആരംഭിക്കാനാകു. കൂടാതെ വള്ളങ്ങൾക്ക് സുരക്ഷിതമായി അടുക്കാൻ ലാന്റിംഗ് ജെട്ടിയുടെ ഭാഗത്ത് മണ്ണും ചെളിയും ഡ്രഡ്ജ് ചെയ്ത് മാറ്റണം. പടിഞ്ഞാറോട്ട് സംരക്ഷണ ഭിത്തിയും ഡ്രെയ്നേജ് സംവിധാനവും ഒരുക്കണം. ഫണ്ട് കൈയിലെത്തിയാൽ രണ്ടു വർഷമെങ്കിലും വേണം പണികൾ പൂർത്തിയാകാനെന്നാണ് ഹാർബർ എൻജിനിയറിംഗ് വകുപ്പ് പറയുന്നത്.
സർക്കാരിന്റെ ഉദാസീനതയിൽ പ്രതിഷേധിച്ച് പരന്പരാഗത മേഖലയിൽ ഉൾക്കൊള്ളുന്ന എല്ലാവരേയും ജില്ലാ തലത്തിൽ സംഘടിപ്പിച്ച് സമരം നടത്താനാണ് പരന്പരാഗത മത്സ്യതൊഴിലാളി സമിതിയുടെ തീരുമാനം. ഇതിനു മുന്പായി 12 ഓളം വരുന്ന മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റുമാരേയും ജില്ലാ ഫിഷറീസ് ഉദ്യോഗസ്ഥരേയും ഇക്കാര്യം നിവേദനത്തിലൂടെ അറിയിക്കുമെന്ന് സമിതി ജില്ലാ സെക്രട്ടറി പി.വി. ജയൻ അറിയിച്ചു.
നാളെ ചേരുന്ന ജില്ലാ കമ്മറ്റി ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. നിലവിൽ വള്ളങ്ങൾ അടുത്ത് മത്സ്യം വിൽക്കുന്ന കാളമുക്കിലെ സ്വകാര്യ ഹാർബർ ഉടമയുടെ താല്പര്യങ്ങളും അതിൽ മത്സ്യത്തൊഴിലാളികൾക്കുള്ള ബുദ്ധിമുട്ടുകളും യോഗം ചർച്ച ചെയ്യും.