നെടുങ്കണ്ടം: അടഞ്ഞുകിടന്ന വീട്ടിൽനിന്നും 23 പവന്റെ സ്വർണാഭരണങ്ങൾ കാണാതായി. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാഗിൽ റോൾഡ് ഗോൾഡ് ആഭരണങ്ങൾ നിക്ഷേപിച്ചശേഷമാണ് കള്ളൻ മടങ്ങിയത്.
ബാലഗ്രാം പാലമൂട്ടിൽ പി.കെ. റെജിയുടെ വീട്ടിലാണ് വ്യത്യസ്തമായ മോഷണം നടന്നത്. ഭാര്യയുടെ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി റെജിയും മകനും അടങ്ങുന്ന കുടുംബം പോയിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
മകളുടെ വിവാഹാവശ്യത്തിനായി സൂക്ഷിച്ചിരുന്നതായിരുന്നു സ്വർണാഭരണങ്ങൾ. ഈ മാസം രണ്ട്, എട്ട് തീയതികളിലാണ് വീട് പൂട്ടിയശേഷം റെജി ആശുപത്രിയിൽ കുടുംബസമേതം പോയത്.
ഇന്നലെ അലമാരി തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങൾ മോഷണം പോയെന്നറിഞ്ഞത്. വീടിന്റെ മുൻവാതിലോ അടുക്കള വാതിലോ തുറന്ന് ആരും അകത്ത് കയറിയിട്ടുമില്ല.
ആശുപത്രിയിൽ പോയ സമയത്ത് ബെഡ് റൂമിലെ കിടക്കയുടെ അടിയിലാണ് അലമാരിയുടെ താക്കോൽ സൂക്ഷിച്ചത്. ഈ താക്കോൽ എടുത്ത് അലമാരി തുറന്ന് മൂന്ന് മാല, ഒരുജോഡി കമ്മൽ, ഒരു കാപ്പ്, അഞ്ചു വളകൾ, പാത്രത്തിൽ സൂക്ഷിച്ചിരുന്ന തകിട് എന്നിവയാണ് മോഷ്ടിച്ചത്.
സ്വർണം ഇടകലർത്തിയ ഒരു മാല അലമാരിയിൽനിന്നും എടുത്തിട്ടില്ല. മോഷണവിവരം പുറത്തറിയാതിരിക്കാൻ റോൾഡ് ഗോൾഡ് ആഭരണങ്ങൾ പകരം ബാഗിൽ തിരുകിവച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ജോലിചെയ്യുന്ന മകളുടെ വിവാഹം സമീപകാലത്ത് ഉറപ്പിച്ചിരുന്നു. വിവാഹാവശ്യത്തിനായി പണയംവെച്ചിരുന്ന സ്വർണാഭരണങ്ങൾ ജൂണ് 18-ന് ബാങ്കിൽനിന്ന് എടുത്ത് വീട്ടിൽ സൂക്ഷിച്ചിരുന്നു. ബാഗിലാക്കി സൂക്ഷിച്ചിരുന്ന സ്വർണം വീട്ടുകാർ പിന്നീട് പരിശോധിച്ചിരുന്നില്ല.
കഴിഞ്ഞ ജനുവരിയിൽ ഹൃദയ ശസ്ത്രക്രിയ നടത്തിയ ബിജിയെ തുടർചികിത്സയ്ക്കായാണ് ഈമാസം രണ്ട്, എട്ട് തീയതികളിൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹൃദയശസ്ത്രക്രിയ നടന്ന സമയത്ത് ആശുപത്രി അധികൃതർ കൈയിൽകിടന്ന അഞ്ചു വളകൾ മുറിച്ചുമാറ്റിയശേഷം ബിജിക്കു തിരികെ നൽകി. ഈ വളകൾ അലമാരിയിലുണ്ട്.
വാതിലുകൾ തുറക്കാതെ നടന്ന മോഷണം പോലീസിനെയും വെട്ടിലാക്കി. ജില്ലാ ഫിംഗർ പ്രിന്റ് ബ്യൂറോ സ്ഥലത്ത് വിശദമായ പരിശോധന നടത്തി. അസ്വഭാവികമായ ഒരു വിരലടയാളം കണ്ടെത്തിയിട്ടുണ്ട്.
കന്പംമെട്ട് സിഐ ജി. സുനിൽകുമാർ, നെടുങ്കണ്ടം എസ്ഐ റസാഖ് എന്നിവരടങ്ങിയ സംഘം സ്ഥലത്ത് പരിശോധന നടത്തി. നിർണായകമായ വിവരങ്ങൾ പോലീസിനു ലഭിച്ചതായി സൂചനയുണ്ട്. മോഷണം നടന്ന തീയതി വ്യക്തമാകാത്തതും പോലീസിനെ കുഴയ്ക്കുന്നുണ്ട്.
ആറുമാസത്തിനിടെ റെജിയുടെ വീട്ടിൽ രണ്ടാംതവണയാണ് മോഷണം നടക്കുന്നത്. ആദ്യം 14 കിലോഗ്രാം ഉണക്ക ഏലക്കാ മോഷണം പോയിരുന്നു.
30 കിലോഗ്രാം ഏലക്കായാണ് ചാക്കിൽ സൂക്ഷിച്ചിരുന്നത്. ഇതിൽനിന്നും 14 കിലോഗ്രാം എടുത്തശേഷം വീട്ടിലെ ബാഗുകളും തുണികളും ചാക്കിൽനിറച്ച് പഴയപോലെ ആക്കിയിരുന്നു.
ഏലക്കാ വിൽപനയ്ക്കായി എടുത്തപ്പോഴാണ് മോഷണം അറിയുന്നത്. ആശുപത്രി സംബന്ധമായ കാര്യങ്ങളുടെ തിരക്കായതിനാൽ അന്ന് പരാതി നൽകിയിരുന്നില്ല. പത്തുവർഷംമുന്പ് വീടിന്റെ സ്പെയർ താക്കോൽ നഷ്ടപ്പെട്ടിരുന്നു.