ഡി.ദിലീപ്
ഏതു വിദ്യാർഥിയുടെയും ഉള്ളിൽ എക്കാലവും പച്ചപിടിച്ചു നിൽക്കുന്നതാണ് കലാലയ ഓർമകൾ. ആ ഓർമകളിൽ പോലും ഭയംനിറച്ചു ജീവിക്കേണ്ടി വരുന്ന ഒരുപാടുപേരുണ്ട് യൂണിവേഴ്സിറ്റി കോളജിലെ പൂർവവിദ്യാർഥികൾക്കിടയിൽ. അവർ മാത്രമല്ല, അവിചാരിതമായി അവിടേക്കു കടന്നുവന്നതിന്റെ പേരിൽ മരിച്ചു ജീവിക്കുന്നവരും കഷ്ടിച്ചു രക്ഷപ്പെട്ടു പോയവരും കുറവല്ല.
2000 നവംബർ പത്തിനാണ് നിലമേൽ എൻഎസ്എസ് കോളജിലെ അന്നത്തെ കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയും കെഎസ്യു യൂണിറ്റ് പ്രസിഡന്റുമായ എ.ആർ. നിഷാദ് യൂണിവേഴ്സിറ്റി കോളജിലെത്തുന്നത്. നിലമേൽ കോളജിലെ തന്റെ സുഹൃത്തുക്കളായ എസ്എഫ്ഐ നേതാക്കളും നിഷാദിനൊപ്പമുണ്ടായിരുന്നു.
നിലമേൽ കോളജിലെ യൂണിയൻ ഉദ്ഘാടനത്തിന് വിശിഷ്ടാതിഥിയെ ഏർപ്പാടാക്കി നൽകാമെന്ന് അവർ ഉറപ്പു നൽകി. അതിനായി യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളെ കാണണം. അതുമാത്രമായിരുന്നു ഉദ്ദേശ്യം. പക്ഷേ യൂണിവേഴ്സിറ്റി കോളജിന്റെ ഗേറ്റ് കടന്ന നിമഷം നിഷാദിന്റെ ഒപ്പം വന്ന കൂട്ടുകാർ മാറിക്കളഞ്ഞു.
ഉടൻതന്നെ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കൾ വന്ന് നിഷാദിനെ വലിച്ചിഴച്ച് അന്നത്തെ “ഇടിമുറി’യിലേക്കു കൊണ്ടു പോവുകയും മണിക്കൂറുകളോളം മർദിക്കുകയും ചെയ്തു. “എസ്എഫ്ഐ തോൽപ്പിച്ച കെഎസ്യു നേതാവായ നീ എന്തിന് ഞങ്ങളുടെ യൂണിവേഴ്സിറ്റി കോളജിൽ കയറി’ എന്നാക്രോശിച്ചു കൊണ്ടായിരുന്നു മർദനമെന്ന് നിഷാദ് പറഞ്ഞു.
മണിക്കൂറുകളോളം കൊടിയ മർദനത്തിനിരയാക്കിയശേഷം ഡസ്ക്കിൽ കമിഴ്ത്തിക്കിടത്തി നിഷാദിന്റെ പുറത്ത് കഠാര കൊണ്ട് എസ്എഫ്ഐ എന്ന് വരഞ്ഞു. പിന്നെയും മർദനം തുടർന്നു.
ചോദിച്ചിട്ട് കുടിക്കാൻ വെള്ളം പോലും നൽകിയില്ല. അതിനുശേഷം രാത്രി വൈകി, പാതി അബോധാവസ്ഥയിലായ നിഷാദിനെ എസ്എഫ്ഐ നേതാക്കൾ ഏതോ വാഹനത്തിൽ തമ്പാനൂർ ബസ്സ്റ്റാൻഡ് പരിസരത്ത് ഉപേക്ഷിച്ചു. അവിടെനിന്ന് ഒരുവിധത്തിലാണ് നിഷാദ് ബസിൽ കയറി നിലമേലിലെ വീട്ടിലെത്തിയത്. യൂണിവേഴ്സിറ്റി കോളജ് എന്നു കേൾക്കുമ്പോൾ ഇപ്പോഴും തന്റെ ഉള്ളിൽ ഭയത്തിന്റെ കൂരിരുട്ട് നിറയുമെന്നും നിഷാദ് ദീപികയോടു പറഞ്ഞു.
സംസ്ഥാനത്തു കോളിളക്കം സൃഷ്ടിച്ച ചാപ്പകുത്തൽ കേസിൽ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി നാലു പ്രതികൾക്ക് രണ്ടു വർഷം തടവും 20,000 രൂപ പിഴയും വിധിച്ചെങ്കിലും മേൽക്കോടതി പ്രതികളെ വെറുതെ വിട്ടു. എസ്എഫ്ഐ ഹാജരാക്കിയ ഡമ്മി പ്രതികൾക്കു വീണ്ടും ശിക്ഷ വാങ്ങി നൽകുന്നതിനു വേണ്ടി പിന്നീട് ജീവിതം കളയാൻ പോയില്ലെന്നും വഞ്ചിയൂർ കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന നിഷാദ് പറഞ്ഞു.
വിവാദമായ ചാപ്പകുത്തൽ സംഭവത്തിന്റെ പേരിൽ, അന്നും നേതൃത്വം ഇടപെട്ട് യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഇന്ന് എതിർപാർട്ടിക്കാരനെയല്ല, സ്വന്തം പ്രവർത്തകനെയാണ് എസ്എഫ്ഐ നേതാക്കൾ കൊലചെയ്യാൻ ശ്രമിച്ചത്.
നാടിനെ നടുക്കിയ സംഭവത്തിനുശേഷം, മുഖം രക്ഷിക്കാൻ വേണ്ടിയെങ്കിലും സിപിഎം നേതാക്കൾ കോളജിൽ നടന്ന സംഭവങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. “സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് യൂണിവേഴ്സിറ്റി കോളജിൽ സംഭവിച്ചത്’ എന്നായിരുന്നു മുഖ്യമന്ത്രിയും മുൻ പാർട്ടി സെക്രട്ടറിയുമായ പിണറായി വിജയൻ മുതൽ മുൻ വിദ്യാഭ്യാസ മന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ. ബേബി വരെയുള്ളവരുടെ പ്രതികരണം.
വിദ്യാർഥി നേതാക്കളായി വളർന്നു വന്ന, മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കും സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമെല്ലാം വിഷയത്തിൽ വൈകാരികമായി പ്രതികരിക്കുകയും ചെയ്തപ്പോൾ, കുത്തു കേസിൽ പോലീസ് തെരയുന്നവരും അറസ്റ്റിലായവരുമെല്ലാം ഇത്രയും കാലം പ്രസ്ഥാനത്തെ നയിച്ചവരാണ് എന്നത് ദുഃഖകരമാണെന്നായിരുന്നു സിപിഎമ്മിലെ മുതിർന്ന നേതാവും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി.എസ്. അച്യുതാനന്ദന്റെ പ്രതികരണം. ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാർഥി പ്രസ്ഥാനം, കഠാരയും കുറുവടിയുമായി കാമ്പസുകളിൽ വിലസുന്നുണ്ടെങ്കിൽ തീർച്ചയായും അടിത്തറയിൽ എന്തോ പ്രശ്നമുണ്ടെന്നാണ് മനസിലാക്കേണ്ടത്.
അത് പരിഹരിക്കപ്പെടുന്നില്ലെങ്കിൽ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനിൽപ്പില്ല എന്നു വേണം ഉറപ്പിക്കാനെന്നും അടിവരയിട്ടു പറഞ്ഞ വിഎസ്, എസ്എഫ്ഐ എന്ന വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഭാവിയിലേക്കു വിരൽ ചൂണ്ടുകയും ചെയ്തു.ഇന്നത്തെ ഈ തിരിച്ചറിവ് നേതാക്കൾക്ക് പണ്ടേയുണ്ടായിരുന്നെങ്കിൽ, ആ പറഞ്ഞതിനൊക്കെ ആത്മാർഥതയുണ്ടായിരുന്നെങ്കിൽ നിഖിലയെ പോലെ എത്രയോ വിദ്യാർഥികൾക്ക് തങ്ങളാഗ്രഹിച്ചതു പോലെ പേരും പെരുമയുമുള്ള ഈ കലാലയത്തിൽനിന്നു പഠനം പൂർത്തീകരിച്ചു മടങ്ങാൻ കഴിയുമായിരുന്നെന്ന് പൂർവവിദ്യാർഥികളിൽ ചിലർ പറഞ്ഞു.
നേതൃത്വം തെറ്റ് ഏറ്റു പറയുമ്പോഴും യാഥാർഥ്യങ്ങളുണ്ടാക്കുന്ന നടുക്കം ചെറുതല്ല. കഴിഞ്ഞ ആഞ്ചു വർഷത്തിനിടയിൽ യൂണിവേഴ്സിറ്റി കോളജിൽനിന്നും പഠനം പാതിവഴിയിൽ മതിയാക്കി ടിസി വാങ്ങിപ്പോയത് 187 വിദ്യാർഥികളാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ നിയമസഭയെ അറിയിച്ചതാണിക്കാര്യം. എസ്എഫ്ഐ നേതാക്കളുടെ ഭീഷണിയും ഏകാധിപത്യവും കാമ്പസിലെ സ്വാതന്ത്ര്യമില്ലായ്മയിലും മനംമടുത്ത് പോയവരാണ് ഇവരിലേറെയുമെന്ന വാദം ശരിവയ്ക്കുന്നതാണ് കോളജിലെ വിദ്യാർഥികളും മുൻ അധ്യാപകരും ഇപ്പോൾ നടത്തുന്ന വെളിപ്പെടുത്തലുകൾ.
പതിറ്റാണ്ടുകളായി എസ്എഫ്ഐ നേതാക്കൾ യൂണിവേഴ്സിറ്റി കോളജിൽ നടത്തിയ ഗുണ്ടായിസത്തിന്റെയും അക്രമപരമ്പരകളുടെയും ചോരപ്പാടുകൾ അത്ര വേഗം മാഞ്ഞു പോകില്ലെന്നാണ്, നിശബ്ദമാക്കി വയ്ക്കപ്പെട്ട ചരിത്രത്തിൽനിന്ന് ഉയർന്നു വരുന്ന ഇത്തരം ശബ്ദങ്ങൾ ഓർമിപ്പിക്കുന്നത്.
ചെറിയാൻ ഫിലിപ്പിന്റെ ജീവിതം തകർത്ത കാമ്പസ് ആക്രമണം
കാലം 1972, ഇന്നത്തെ ഇടതു സഹയാത്രികനായ ചെറിയാൻ ഫിലിപ്പ് അന്ന് യൂണിവേഴ്സിറ്റി കോളജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയും കെഎസ്യു നേതാവുമായിരുന്നു. യൂണിവേഴ്സിറ്റി കോളജിലെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തീർന്ന സമയം. വോട്ടെണ്ണലിനൊടുവിൽ ചെറിയാൻ ഫിലിപ്പ് യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടെന്നു പ്രഖ്യാപനം വന്നു.
പിന്നെ നടന്നതിനെക്കുറിച്ച് ചെറിയാൻ ഫിലിപ്പ് മുൻപ് പറഞ്ഞിട്ടുള്ളതിങ്ങനെയാണ്, “”പെട്ടെന്നു നാലഞ്ചുപേർ എന്നെ തടഞ്ഞു. പൊക്കിയെടുത്ത് രണ്ടാം നിലയിൽനിന്നു മുറ്റത്തേക്കെറിഞ്ഞു. എസ്എഫ്ഐക്കാർ കാട്ടിക്കൊടുത്തതിനേത്തുടർന്ന് പാളയം ചന്തയിൽനിന്നു വന്ന സിഐടിയുക്കാരാണ് എന്നെ ആക്രമിച്ചത്. ആ വീഴ്ചയിൽ നട്ടെല്ല് പൊട്ടി. ഇടതുകാൽ ശോഷിച്ചു, നടക്കാൻ വയ്യ, കുനിയാൻ വയ്യ.
കെഎസ്യുവിന്റെ പ്രഭാവകാലമായിരുന്നു. എസ്എഫ്ഐക്ക് ആൾബലം കുറവ്. അതുകൊണ്ട് അവർ സിഐടിയു ഗുണ്ടകളെ വിളിച്ചുവരുത്തുകയായിരുന്നു. കേസ് പിന്നീടു തേച്ചുമായ്ച്ചുകളഞ്ഞു. ജി. സുധാകരനായിരുന്നു അന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി. ആശുപത്രികളിൽ മാറിമാറിക്കിടന്നു. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരൻ ചികിത്സാച്ചെലവ്ഏറ്റെടുത്തു.
പതിറ്റാണ്ടുകളാ യി ഞാൻ രോഗിയാണ്. വലിച്ചെറിഞ്ഞവരെ മറന്നെങ്കിലും കാട്ടിക്കൊടുത്തവരെ ഇന്നുമറിയാം”അടുത്തവർഷവും ചെറിയാൻ ഫിലിപ്പ് മത്സരിച്ചു. വൻഭൂരിപക്ഷത്തോടെ ജയിച്ചു. 1973ൽ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായി. യൂണിവേഴ്സിറ്റി കോളജിൽ പിജി വിദ്യാർഥിയായിരിക്കെ 1975 ൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ്. കെപിസിസി. ജനറൽ സെക്രട്ടറിയായിരിക്കേ, കോണ്ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് പാർട്ടിവിട്ടു. ഇപ്പോൾ ഇടതുസഹയാത്രികനായ അദ്ദേഹം സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ പദ്ധതിയുടെ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.
മാറണം കാന്പസുകൾ, മാറിയേ പറ്റൂ: സി.പി.ജോണ്
യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തിനേക്കാൾ ഗൗരവമായ വിഷയമാണ് അതേ കോളജിലെ ഒരു വിദ്യാർഥിനി എസ്എഫ്ഐയെന്ന സംഘടനയെ പേടിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി സി.പി. ജോണ്.
ഈ സംഭവത്തിൽ എന്തു നടപടിയാണ് ഉണ്ടായത്. ഗൗരവമായി പൊതുസമൂഹം പരിശോധിക്കേണ്ട കാര്യമല്ലേ. അന്നായിരുന്നില്ലേ മാഫിയാ സംഘമെന്നു പേരുകേട്ട എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയെ പിരിച്ചുവിടേണ്ടിയിരുന്നത്. അന്നു കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളജിൽ കത്തിക്കുത്ത് നടക്കില്ലായിരുന്നു. ഇതിനുത്തരവാദി കോളജ് പ്രിൻസിപ്പലും പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരുമാണ്.
എസ്എഫ്ഐക്കാരനു തന്നെ കുത്തേറ്റതുകൊണ്ടു മാത്രമാണു കോടിയേരി ബാലകൃഷ്ണനും സിപിഎം നേതാക്കളുമെല്ലാം പ്രതികരിക്കാൻ തയാറായത്. ഇവിടത്തെ രണ്ടു വിദ്യാഭ്യാസ മന്ത്രിമാരും കൂലിക്കാരാണ്. അതുകൊണ്ടാണ് ഇങ്ങനെ അടിക്കടി ഇവിടെ കലാലയങ്ങളിൽ സംഭവിക്കാൻ പാടില്ലാത്തതു സംഭവിച്ചുകൊണ്ടിരിക്കുന്നത്. മാറ്റം ഉണ്ടായേ മതിയാകൂ.. എസ്എഫ്ഐയുടെ കാടത്തത്തിനെതിരേ പ്രതിഷേധമുയർത്തിയ അതേ സംഘടനയിൽപ്പെട്ട സഹോദരിമാരെ ഈ ഘട്ടത്തിൽ പ്രത്യേകം അഭിനന്ദിക്കട്ടെ. ഇവിടെ നിന്നാണു മാറ്റം ഉണ്ടാകേണ്ടത്.
കലാലയങ്ങളിൽ എല്ലാ സംഘടനകൾക്കും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം വേണം. കേരളത്തിലെ കാമ്പസ് ജീവിതം തിരുത്തി എഴുതണം. 1980-86 കാലഘട്ടത്തിൽ എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ച വ്യക്തിയാണു താൻ. ആ കാലഘട്ടത്തെ ഓർമിപ്പിക്കാനോ എന്റെ വീരസാഹസം പറയാനോ താത്പര്യമില്ല. അന്നത്തെ കാമ്പസ് രാഷ്ട്രീയം അൽപ്പംകൂടി വ്യത്യസ്തമായിരുന്നു എന്നല്ലാതെ ഏതാണ്ട് ഇന്നത്തെപ്പോലെ തന്നെയായിരുന്നു അന്നും. ഭൂതകാലത്തെപ്പറ്റിയല്ല ഇവിടെ ചിന്തിക്കേണ്ടത്. ഭാവിയെപ്പറ്റി തന്നെയാണ്. തല്ലാൻ പറയാൻ ബുദ്ധിമുട്ടില്ല. തല്ലരുത് എന്നു പറയാനാണു ബുദ്ധിമുട്ട്.
ഇത്രയും പറയുമ്പോൾ താൻ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തുണ്ടായ ഒരു സംഭവം ഓർക്കുകയാണ്. അന്നു കെഎസ്യു നേതാവായിരുന്ന ജോസഫ് വാഴയ്ക്കനെ ആക്രമിക്കാൻ എസ്എഫ്ഐ തീരുമാനിച്ചു. എന്റെ നേതൃത്വത്തിലായിരുന്നു പദ്ധതിയിട്ടത്. തീരുമാനിച്ചതുപോലെ തന്നെ വാഴയ്ക്കനെ ആക്രമിക്കുകയും ചെയ്തു. എന്നാൽ അതിനുശേഷം സംഭവത്തിൽ വാഴയ്ക്കനോടു മാപ്പു പറയാൻ ഞാൻ അദ്ദേഹത്തിന്റെ പിറകേ നടന്നു. വാഴയ്ക്കൻ പിടിതന്നില്ല. ദിവസങ്ങളോളം പിറകേ നടന്നു.
കാമുകൻ കാമുകിയുടെ പിറകേ നടക്കുന്നതുപോലെ. ഒടുവിൽ വാഴയ്ക്കൻ അയഞ്ഞു. ഞാൻ മാപ്പു പറയുകയും ചെയ്തു. അങ്ങനെ ഞാൻ എന്റെ തെറ്റു തിരുത്തുകയും ചെയ്തു. ഞാൻ നേരത്തേ പറഞ്ഞില്ലേ ; എന്റെ കേമത്തം വിളമ്പിയതല്ല. തെറ്റുകൾ അന്നും സംഭവിച്ചിട്ടുണ്ട്. എന്നാൽ തിരുത്താനുള്ള മനസും സംഘടനാ ബോധവും അന്നുണ്ടായിരുന്നു. ഇന്നതു നഷ്ടമായിരിക്കുന്നു.
അടിമത്തബോധം അവസാനിപ്പിക്കണം. വിദ്യാർഥികൾ രാഷ്ട്രീയ നേതൃത്വത്തിന്റെ അടിമകൾ ആകരുത്. അടിമത്തത്തോടു വെറുപ്പു തോന്നണം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന വിദ്യാർഥി ആനാവൂർ നാഗപ്പനേയും ശിവൻകുട്ടിയേയും എന്തിനു പേടിക്കണം. സ്വന്തം അഭിപ്രായങ്ങൾ പറയാതിരിക്കുന്നത് അറപ്പാണെന്നു ബോധ്യപ്പെട്ടാൽ രാഷ്ട്രീയ അടിമത്തത്തിന്റെ തടവറയിൽനിന്നു മോചിതരാകാം.
എൺപതുകളിലെ ആ മാനസിക തടവറയിൽനിന്നു പുതിയ തലമുറ പുറത്തുവരണമെന്നു തന്നെയാണ് എന്റെ പക്ഷം. സർവകലാശാല യൂണിയനും കോളജുകളിലെ യൂണിയനുകളും വിദ്യാർഥികളുടെ പൊതുവേദിയാണ്. എന്നാൽ ഇന്ന് അവ ഇടിമുറികളാണ്. ഇവിടെ യൂണിവേഴ്സിറ്റി കോളജിലെ യൂണിയൻ ഓഫീസ് എസ്എഫ്ഐ ലോക്കപ്പ് റൂമാക്കി മാറ്റി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിദ്യാർഥികളുടെ എന്ത് അവകാശമാണു സമരം ചെയ്ത് എസ്എഫ്ഐ നേടിക്കൊടുത്തത്.
നമ്മുടെ കുട്ടികൾ വിദ്യാഭ്യാസത്തിനായി വായ്പയെടുത്തു നാട്ടിൽ തെണ്ടിക്കൊണ്ടു നടക്കുകയാണ്. ഇക്കാര്യത്തിൽ എസ്എഫ്ഐയെ മാത്രം ഞാൻ കുറ്റം പറയില്ല. കൊള്ളരുതായ്മകൾക്കെതിരേ പ്രതികരിക്കേണ്ട കെഎസ്യു ഇപ്പോൾ മരിച്ചു കഴിഞ്ഞില്ലേ. ആൾമാറാട്ടവും മാർക്കു തട്ടിപ്പുമല്ലേ ഇവിടെ നടക്കുന്നത്. യൂണിവേഴ്സിറ്റി പരീക്ഷ എഴുതിക്കൊടുക്കപ്പെടും എന്ന ബോർഡ് തൂക്കിയിരിക്കുകയല്ലേ. കത്തിക്കുത്തു മാത്രമല്ല വലിയ മാർക്കു തട്ടിപ്പാണു പുറത്തുവന്നിരിക്കുന്നത്. കുത്തിനേക്കാൾ വലുതാണു വീട്ടിൽനിന്നു പരീക്ഷ പേപ്പർ പിടിച്ചത്. ഇതിനു മറുപടി പറയേണ്ടതു കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്.
പിഎസ്സി പരീക്ഷയുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. എത്രയും പെട്ടെന്നു പിഎസ്സിയുടെ പരീക്ഷാ സെന്ററുകളുടെ പട്ടികയിൽനിന്നു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിനെ മാറ്റണം. പാർട്ടിയല്ല സർക്കാരാണ് ഇടപെടേണ്ടത്. സിപിഎം ഇല്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴുകയൊന്നുമില്ലല്ലോ? സിപിഎം ഇല്ലാതായപ്പോൾ ബംഗാളിലെയും ത്രിപുരയിലെയും ജനങ്ങൾക്കു റേഷൻ കിട്ടാതെ വന്നില്ലല്ലോ? പിണറായി വിജയൻ വാ തുറക്കണം. യൂണിവേഴ്സിറ്റി കോളജിൽ ഉണ്ടായ സംഭവങ്ങളെ സംബന്ധിച്ചു സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണം. ഇതാണ് ഒരു ഉത്തമ ഭരണാധികാരി ചെയ്യേണ്ടത്.
യൂണിവേഴ്സിറ്റി കോളജിലെ അക്രമത്തെ സംബന്ധിച്ചു സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ. ബേബി നടത്തിയ പരാമർശം ഏറെ ശ്രദ്ധേയമാണ്. ബേബി മുന്നിട്ടിറങ്ങിയാൽ ഒരു രാഷ്ട്രീയവും നോക്കാതെ ഞാനും സമാന ചിന്താഗതിക്കാരും കൂടെയുണ്ടാകുമെന്നുള്ള ഉറപ്പു തരുന്നു. ബേബിക്കതിനു കഴിയും. തൃശൂരിൽ ആർഎസ്എസിന്റെ ചേരാനെല്ലൂർ ശാഖയിൽ കവാത്തിനുപോയ പഴയ എബിവിപിക്കാരനായ ഇന്നത്തെ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന് ഈ മാറ്റത്തിനു നേതൃത്വം കൊടുക്കാൻ കഴിഞ്ഞേക്കില്ല. അതുകൊണ്ടാണു വിദ്യാർഥി നേതാവായിരുന്ന, യുവജന നേതാവായിരുന്ന ബേബിയോടു താൻ ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും മുൻ എസ്എഫ്ഐ നേതാവു കൂടിയായ സി.പി. ജോണ് പറഞ്ഞു.
തയാറാക്കിയത്: എം. പ്രേംകുമാർ