സ്വന്തം ലേഖകൻ
കുട്ടനെല്ലൂരിലെ സി. അച്യുതമേനോൻ ഗവ. കോളജിൽ കെഎസ്യു യൂണിറ്റ് രൂപീകരിക്കാൻ എത്തിയതേ ഓർമയുള്ളൂ. പിന്നീടു പഠിക്കാൻ കോളജിൽ വരാൻതന്നെ മാസങ്ങൾ വേണ്ടിവന്നു. കൈയൊടിഞ്ഞ് ആശുപത്രിയിലായി. ഇതൊക്കെ ഈ നാട്ടിൽത്തന്നെയാണ് നടക്കുന്നതെന്ന് അറിയുന്പോൾ പലർക്കും ചോരതിളയ്ക്കും. എന്നാൽ, ചോരത്തിളപ്പൊക്കെ എസ്എഫ്ഐക്കാരുടെയും ഗുണ്ടകളുടെയും മുന്പിൽ ഇല്ലാതാകുമെന്നു മാത്രം.
ഇരുപതു വർഷം മുന്പ് തൃശൂർ നഗരമധ്യത്തിലായിരുന്നു തൃശൂർ ഗവ. കോളജ് പ്രവർത്തിച്ചിരുന്നത്. മോഡൽ ബോയ്സ് സ്കൂളും കോളജും ഒരുമിച്ചുപ്രവർത്തിച്ചിരുന്നതിനാൽ വേണ്ടത്ര സ്ഥലം കോളജിനു ലഭിച്ചിരുന്നില്ല. അതിനാൽ ഒല്ലൂർ മണ്ഡലത്തിൽ കുട്ടനെല്ലൂരിൽ സ്ഥലം കണ്ടെത്തി കോളജ് മാറ്റിസ്ഥാപിച്ചു.
നഗരത്തിലും കോളജിലെ കുത്തകക്കാർ എസ്എഫ്ഐക്കാരായിരുന്നു. കുട്ടനെല്ലൂരിലേക്ക് ഗവ. കോളജ് മാറ്റിയതോടെ മറ്റു രാഷ്ട്രീയ പാർട്ടികളുടെ വിദ്യാർഥിസംഘടനകൾക്കും ഇടംകിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു പലർക്കും. പ്രത്യേകിച്ചു കെഎസ്യു വിദ്യാർഥികൾക്ക്.
കോണ്ഗ്രസിനു മുൻതൂക്കമുള്ള മണ്ഡലമാണ് ഒല്ലൂരെന്നതായിരുന്നു ആശ്വാസം. ഇതു മുതലെടുത്തു കെഎസ്യു യൂണിറ്റ് ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, യൂണിറ്റ് രൂപീകരിക്കാൻ വന്നതേ ഓർമയുള്ളൂ. അന്നു യൂണിറ്റ് രൂപീകരിക്കാൻ നേതൃത്വം നൽകിയ സി.എം.അനീഷ് എന്ന കെഎസ്യു നേതാവിനു കിട്ടിയതു ക്രൂരമർദനം. എസ്എഫ്ഐക്കാർ അനീഷിന്റെ കൈ തല്ലിയൊടിച്ചു. ആരും ചോദിക്കാനുണ്ടായില്ല. കൈ തല്ലിയൊടിച്ചതുമാത്രമല്ല, കോളജിൽ സ്ഥാപിക്കാൻ കൊണ്ടുവന്ന കൊടിമരവും അവർ തല്ലിയൊടിച്ചു.
ഭീഷണി കോളജിനകത്തു മാത്രം ഒതുങ്ങിയില്ല. പുറത്തും എസ്എഫ്ഐയുടെ ‘ചേട്ടൻ’ ഗുണ്ടകൾ ഇവരെ കൈകാര്യം ചെയ്തു. എസ്എഫ്ഐക്കാർ കോളജിന്റെ നിയന്ത്രണം വിട്ടുകൊടുക്കാൻ തയാറായില്ല. പല ഏറ്റുമുട്ടലുകളും നടത്തിനോക്കി. പക്ഷേ, പുറമേനിന്നുള്ള പല ഗുണ്ടാനേതാക്കളുടെയും സഹായത്തോടെ കോളജിൽ ചെങ്കൊടിയല്ലാതെ ആരു കൊടിയുമായി വന്നാലും ഒതുക്കും. ഒതുങ്ങിയില്ലെങ്കിൽ തല്ലിയൊതുക്കും. ഈ സ്ഥിതിക്ക് ഇനിയും ഇവിടെ മാറ്റം വന്നിട്ടില്ല.
നിയന്ത്രണം പാർട്ടി നേതാക്കൾ
കോളജ് നഗരത്തിൽ പ്രവർത്തിച്ചിരുന്നപ്പോൾ സിപിഎം നേതാക്കളുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു കോളജിലെ എസ്എഫ്ഐയുടെ പ്രവർത്തനം. കുട്ടനെല്ലൂരിലേക്ക് മാറ്റിയപ്പോൾ കാന്പസിന്റെ ചുവപ്പ് മാറ്റരുതെന്നായിരുന്നു നിർദേശം. നേതാക്കളുടെ സഹായത്തോടെ അത് ഇന്നുവരെ എന്തു വിലകൊടുത്തും വിദ്യാർഥിനേതാക്കൾ കാത്തു വരുന്നുണ്ട്. തല്ലിയും ഭീഷണിപ്പെടുത്തിയും കേസുകൾ കൊടുത്തുമൊക്കെ എസ്എഫ്ഐയെ നേരിടാൻ വരുന്നവരെ പടികടത്തും.
‘മുകളിൽ’നിന്നുള്ള നിർദേശം അനുസരിച്ചാണ് എസ്എഫ്ഐ നേതാക്കളുടെ പ്രവർത്തനം. നേതാക്കൾ നിർദേശം നൽകിയാൽ എന്തു ചെയ്താലും സംരക്ഷണം ഉറപ്പാണെന്നതാണ് അക്രമം നടത്താനുള്ള പ്രചോദനം. പോലീസ് കേസെടുത്താലും അതിൽനിന്നൊക്കെ ഉൗരിപ്പോരാൻ പ്രയാസമില്ല.
മത്സരിക്കാനിറങ്ങിയാൽ
ഏറെ പണിപ്പെട്ടാണ് അഞ്ചു വർഷം മുന്പ് ഒരു സ്ഥാനാർഥിയെ കെഎസ്യു കണ്ടെത്തിയത്. എന്നാൽ, നോമിനേഷൻ കൊടുത്തതോടെ ഭീഷണിയെത്തിയത് ഒട്ടും പ്രതീക്ഷിക്കാത്ത വഴിക്കാണ്. പെണ്കുട്ടിയുടെ വീട്ടിലേക്കു ഡിവൈഎഫ്ഐ നേതാക്കൾ എത്തി മത്സരിക്കരുതെന്നു ഭീഷണി മുഴക്കി.
കോണ്ഗ്രസ് നേതാക്കളുടെ സമ്മർദം മൂലം മത്സരരംഗത്തു തുടരാൻ തീരുമാനിച്ചു. പക്ഷേ, പിന്നീടെത്തിയതു ലോക്കൽ ഗുണ്ടകളാണ്. മത്സരിക്കാനിറങ്ങിയാൽ പിന്നെ മോളെ കാണേണ്ടിവരില്ലെന്നു മാതാപിതാക്കളോടു ഗുണ്ടകൾ നേരിട്ടുപറഞ്ഞതോടെ എല്ലാം അവസാനിപ്പിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് കെഎസ്യു നേതാക്കളുടെ വെളിപ്പെടുത്തൽ.
എസ്എഫ്ഐക്കെതിരേ മത്സരിക്കാൻ ആളെ കണ്ടെത്തുകയെന്നതുതന്നെ മറ്റു വിദ്യാർഥിസംഘടനകൾക്കു വെല്ലുവിളിയാണ്. എസ്എഫ്ഐ പാനലിനെതിരേ മറ്റൊരു പാനൽ നിർത്തി മത്സരം നടത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ഏതെങ്കിലും സ്ഥാനത്തേക്കു മത്സരിക്കാൻ ആളെ കണ്ടെത്തിയാൽത്തന്നെ അവരെ അവസാനംവരെ പിടിച്ചുനിർത്താനും സാധിക്കാത്ത സാഹചര്യം.
മത്സരിപ്പിക്കാൻ ആളെ കണ്ടെത്തി നോമിനേഷൻ കൊടുപ്പിക്കുകയെന്നത് വലിയ വെല്ലുവിളി. നോമിനേഷൻ കൊടുത്താൽ എത്രയും പെട്ടെന്നു കാന്പസിൽനിന്ന് മാറ്റുകയെന്നതാണ് അടുത്ത നീക്കം. അല്ലെങ്കിൽ നേരിട്ടു ഭീഷണിയുണ്ടാകും.
പിന്നീട് സാധാരണ സൂക്ഷ്മ പരിശോധന നടത്തുന്ന സമയത്തു മാത്രമേ കോളജിലെത്തിക്കൂവെന്ന് കെഎസ്യു നേതാക്കൾ പറഞ്ഞു. കോളജിനുള്ളിൽ നടക്കുന്ന ഈ ഏകാധിപത്യം ആരും പുറത്തുപറയാറില്ല. അറിഞ്ഞാൽതന്നെ ഇതിനെ നേരിടാൻ ഒറ്റക്കെട്ടായി നേതാക്കളും ഉണ്ടാകില്ലെന്നതാണ് കെഎസ്യുവിന്റെ പ്രശ്നമെന്നും അവർതന്നെ വ്യക്തമാക്കി.
പട്ടാള ചിട്ടകൾ
കാന്പസിൽ പട്ടാളച്ചിട്ടയാണ് എസ്എഫ്ഐ നടപ്പാക്കുന്നതെന്നു വിദ്യാർഥികൾ പറയുന്നു. എസ്എഫ്ഐ അല്ലാതെ ആരും ഇവിടെ സമരം ചെയ്യാൻ പാടില്ല. പുതുതായി ചേരുന്ന കുട്ടികളോടു കാന്പയിന് പാടില്ല. അവരെ സ്വാഗതം ചെയ്ത് ബാനർ കെട്ടാൻ പാടില്ല. കൂട്ടംകൂടി നടക്കാൻ പാടില്ല. മരച്ചുവടുകളിൽ എല്ലാവർക്കും ഇരിക്കാൻ അനുവാദമില്ല. ഒറ്റപ്പെടുത്തലാണ് മറ്റൊരു അക്രമം.
കെഎസ്യുക്കാരനാണ് പുതിയ അഡ്മിഷൻ എടുത്തുവന്നിരിക്കുന്നതെന്നു കണ്ടാൽ ആ വിദ്യാർഥിയെ ഒറ്റപ്പെടുത്താൻ മറ്റു കുട്ടികളോട് നിർദേശിക്കും. മാനസികമായും ശാരീരികമായും തളർത്തി ജീവിതംതന്നെ ഇരുട്ടിലാക്കുന്ന നടപടിയാണ് കോളജ് കാന്പസിൽ നടക്കാറുള്ളതെന്ന് ഒരു പൂർവ വിദ്യാർഥി പറഞ്ഞു.
അനുസരിച്ചില്ലെങ്കിൽ അടി ഉറപ്പാണിവിടെ. അടി കോളജ് കാന്പസിൽ വച്ചുതന്നെ ആകണമെന്നില്ല. പുറത്ത് ഒരിക്കലും കണ്ടിട്ടില്ലാത്തവരായിരിക്കും ചിലപ്പോൾ ഭീഷണിപ്പെടുത്തുക. എതിർപ്പ് പ്രകടിപ്പിക്കുന്ന വിദ്യാർഥികളെ കോളജിനു പുറത്തുള്ള നേതാക്കളെ കാണിച്ചു കൊടുത്താണ് ഭീഷണിപ്പെടുത്തുന്നത്.
രാത്രിയും കോളജിൽ
പല എസ്എഫ്ഐ വിദ്യാർഥികളും കോളജ് വിട്ടാലും രാത്രിയിൽ കോളജിൽത്തന്നെ തങ്ങാറുണ്ടത്രേ. രാത്രി മറ്റു സംഘടനകളിൽപ്പെട്ടവർ ബാനർ കെട്ടാനോ പോസ്റ്റർ ഒട്ടിക്കാനോ എത്തിയാൽ അവർ പോയതിനു പിന്നാലെ അതൊക്കെ കീറിക്കളയും. രാവിലെ വന്നുനോക്കിയാൽ മറ്റു സംഘടനകളുടെ ഒരു പോസ്റ്ററോ ബാനറോ കാണില്ല. രാത്രിയിൽ കോളജിൽ വിദ്യാർഥികൾ തങ്ങുന്ന കാര്യം കോളജിലെ പല അധ്യാപകർക്കും അറിയാമെങ്കിലും രഹസ്യമായ പിന്തുണ നൽകുന്നതിനാൽ പ്രശ്നങ്ങളുണ്ടാകാറില്ല. എന്നാൽ മറ്റു സംഘടനകളിലുള്ള വിദ്യാർഥികൾ വൈകി കോളജിൽ തങ്ങിയാൽ ആട്ടിയോടിക്കും.
ജീവിച്ചു പോവണ്ടേ
ഇടത് അനുകൂല സംഘടനകളിലുള്ള അധ്യാപകർ വിദ്യാർഥികൾക്കു പരസ്യമായി പിന്തുണ നല്കുന്നുണ്ടെങ്കിലും മറ്റുള്ളവർ അതിനെ എതിർക്കുമെന്ന് ഇവിടെ കരുതേണ്ട. എസ്എഫ്ഐയുടെ പ്രവർത്തനങ്ങൾക്ക് ഈ അധ്യാപകരുടെ പിന്തുണയുള്ളതിനാൽ കോളജിനുള്ളിൽ ആരെയും പേടിക്കേണ്ടിവരുന്നില്ല. എന്നാൽ, ഇടത് അനുകൂല സംഘടനകളിൽ പെടാത്ത അധ്യാപകർപോലും എസ്എഫ്ഐയുടെ അക്രമത്തിനെതിരേ രംഗത്തു വരാറില്ല. ഇടത് അധ്യാപകരുടെ നിലപാടുകൾക്കു മൗന സമ്മതം നൽകിയാണ് പലരും ഇവിടെ കഴിയുന്നത്. ജീവിച്ചുപോവണ്ടേ എന്നതു തന്നെയാണ് ഇവരുടെ ചോദ്യം.
തമ്മിലും ഏറ്റുമുട്ടൽ
കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ് കുട്ടനെല്ലൂർ ഗവ. കോളജിൽ നടക്കുന്പോൾ ആർക്കാണ് മൂപ്പെന്ന തർക്കം ഒടുവിൽ എസ്എഫ്ഐക്കാർ തമ്മിൽവരെ അടിപിടിക്കും ഇവിടെ കാരണമായിട്ടുണ്ട്. 2013ൽ ഡിസോണ് നടക്കുന്പോഴായിരുന്നു കേരളവർമ കോളജിലെ എസ്എഫ്ഐ വിദ്യാർഥികളും ഗവ. കോളജിലെ എസ്എഫ്ഐ വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടിയത്. പക്ഷേ, നടപടിയുണ്ടായത് ഗവ. കോളജിലെ കുട്ടികൾക്കെതിരേയാണ്. ഏഴു വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്.
കായികതാരങ്ങൾക്കും ഭീഷണി
സ്പോർട്സ് ക്വോട്ടയിൽ വരുന്നവരെ ഒതുക്കലാണ് കോളജിൽ എസ്എഫ്ഐക്കാരുടെ മറ്റൊരു ലക്ഷ്യം. അവരെ ഭീഷണിപ്പെടുത്തിയും ഒതുങ്ങിയില്ലെങ്കിൽ തല്ലിയും എസ്എഫ്ഐക്കാരോടൊപ്പം നിർത്തും. സ്പോർട്സുകാരായി വരുന്നവർ കെഎസ്യുവിനോ മറ്റു സംഘടനകൾക്കോ അനുഭാവം പ്രകടിപ്പിക്കുന്നതു കണ്ടാൽ പണിയുറപ്പാണ്. ആക്ടീവായി ഇറങ്ങിയാൽ തല്ലിച്ചതച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
അല്ലെങ്കിൽ കേസു കൊടുത്തു ഭാവിയിൽ പ്രശ്നമാകുമെന്നും ജോലി കിട്ടാൻ ബുദ്ധിമുട്ടാണെന്നും പറഞ്ഞു പിന്തിരിപ്പിക്കും. സ്പോർട്സ് ക്വോട്ടയിൽ വരുന്നവർ യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാനുള്ള എല്ലാ നീക്കങ്ങളും തുടക്കം മുതലേ നടത്തും.
ഇത്തരക്കാർ മത്സരിച്ചാൽ വിദ്യാർഥികൾ വോട്ടുചെയ്യുമെന്ന ഭീതിയിലാണ് എസ്എഫ്ഐക്കാരല്ലെങ്കിൽ അവരെ ഇല്ലാതാക്കാൻ ശ്രമിക്കാറുള്ളത്. എല്ലാ സംഘടനകൾക്കും പ്രവർത്തിക്കാൻ സ്വാതന്ത്ര്യമുണ്ടായാൽ എസ്എഫ്ഐക്കാരുടെ കുത്തക അഴിഞ്ഞുവീഴുമെന്നാണ് മറ്റു സംഘടനാ ഭാരവാഹികളുടെ വിശ്വാസം.
തുടരും