ജോണ്സണ് വേങ്ങത്തടം
1845ൽ കൊച്ചി സർക്കാർ ഒറ്റമുറിയിൽ തുടക്കമിട്ട ഇംഗ്ലീഷ് വിദ്യാലയമാണ് ഇന്നു കാണുന്ന മഹാരാജാസ് കോളജായി വളർന്നത്. ആ വളർച്ചയും കീർത്തിയുമൊന്നും പെട്ടെന്നുണ്ടായതല്ല. നല്ല അധ്യാപകരും നല്ല വിദ്യാർഥികളും അവരുടെയെല്ലാം മികച്ച പ്രവർത്തനങ്ങളും മഹാരാജാസിന്റെ യശസ് ഉയർത്തുന്നതിന് ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്.
1875 ൽ കോളജായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിന് 1925 ജൂണിൽ മഹാരാജാസ് കോളജ് എന്ന പേരു ലഭിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിലായിരുന്നു അന്നു മഹാരാജാസ്. അന്നുമുതൽ തന്നെ കോളജിൽ ഹോസ്റ്റൽ സൗകര്യമുണ്ടായിരുന്നു. ഹോസ്റ്റൽ കേന്ദ്രീകരിച്ചായിരുന്നു ശാസ്ത്ര, സാഹിത്യസംഘടനകളുടെ പ്രവർത്തനം. പ്രശസ്തരായ പല സാഹിത്യകാരന്മാരും ഹോസ്റ്റലിൽ വന്നു തങ്ങുന്നതു പതിവായിരുന്നു.
മഹാരാജാസിന്റെ നല്ലകാലത്തെക്കുറിച്ചുള്ള ഓർമകളാണിതെല്ലാം. മുൻകാലങ്ങളിൽ അവിടെ പഠിച്ചിട്ടുള്ളവരെല്ലാം ഇത്തരം മധുരസ്മരണകൾ കൊണ്ടുനടക്കുന്നവരാണ്. വാക്കുതർക്കങ്ങൾക്കും രാഷ്ട്രീയ ചേരിപ്പോരിനുമെല്ലാം അന്നും കോളജ് സാക്ഷിയായിട്ടുമുണ്ട്. വിദ്യാർഥിരാഷ്ട്രീയത്തിന്റെ പുറംകുപ്പായമിട്ട അക്രമികൾ കോളജിന്റെ സല്പേരു നശിപ്പിച്ചതു പിന്നീടാണ്.
ബ്രിട്ടോയും അഭിമന്യുവും
കേരളത്തിലെ വിദ്യാർഥി രാഷ്ട്രീയത്തെക്കുറിച്ചുള്ള ചർച്ചകളിൽ അറിഞ്ഞും അറിയാതെയും സൈമണ് ബ്രിട്ടോ കടന്നുവരും. കാരണം, സൈമണ് ബ്രിട്ടോ ഒരു സൂചകവും പ്രതീകവുമാണ്. കലാലയരാഷ്ട്രീയത്തിന്റെ ഇരയായിരുന്നു സൈമണ് ബ്രിട്ടോ. ജീവിതം ചക്രക്കസേരയിലേക്കു പറിച്ചുവയ്ക്കേണ്ടി വന്ന ഒരാൾ. ലോ കോളജിലാണ് പഠിച്ചിരുന്നതെങ്കിലും മഹാരാജാസ് കോളജിലെ വിദ്യാർഥി രാഷ്ട്രീയത്തിൽ സ്വാധീനമുണ്ടായിരുന്നു.1983 ഒക്ടോബർ 14ന് കത്തിക്കുത്തേറ്റ് അരയ്ക്കു താഴെ സ്വാധീനം നഷ്ടപ്പെട്ടു. പിന്നീടു മരണംവരെ വീൽച്ചെയറിലായിരുന്നു ജീവിതം.
എസ്എഫ്ഐ വിദ്യാർഥികൾക്ക് ആവേശമായിരുന്നു ബ്രിട്ടോ. അങ്ങനെ അദ്ദേഹത്തോട് അടുത്തുകൂടിയ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു ഒരുവർഷം മുന്പ് മഹാരാജാസ് കോളജിൽ കത്തിക്കുത്തിൽ പിടഞ്ഞുമരിച്ചു. ഡിഗ്രി ഒന്നാം വർഷ വിദ്യാർഥികളുടെ പ്രവേശനം പ്രമാണിച്ച് നവാഗതർക്ക് സ്വാഗതം ആശംസിക്കുന്ന പോസ്റ്റർ ഒട്ടിക്കാനും മറ്റുമായി രാത്രി അഭിമന്യുവിന്റെ നേതൃത്വത്തിൽ എസ്എഫ്ഐ പ്രവർത്തകർ കോളജിലെത്തി.
ഈ സമയം മറ്റൊരു സംഘടനയുടെ പ്രവർത്തകരും പോസ്റ്റർ പതിക്കുന്നതിനായി എത്തിയിരുന്നു. ചുവരെഴുത്തുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും വാക്കുതർക്കമായി. അതു കത്തിക്കുത്തിൽ കലാശിച്ചു. കുത്തേറ്റ് ആഴത്തിൽ മുറിവേറ്റ അഭിമന്യു തൽക്ഷണം മരിച്ചു.
ഇടുക്കി വട്ടവട കൊട്ടക്കന്പൂരിലെ മനോഹരന്റെയും ഭൂപതിയുടെയും മകനായ അഭിമന്യു പിടഞ്ഞുവീണപ്പോൾ പൊലിഞ്ഞത് ഒരു പാവപ്പെട്ട കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. അഭിമന്യു മരിച്ച് ഒരു വർഷം കഴിഞ്ഞിട്ടും പ്രതികളെ മുഴുവൻ പിടിക്കാൻ എൽഡിഎഫ് സർക്കാരിനു സാധിച്ചിട്ടില്ല. കേസിൽ 19 പേരാണ് ഇതുവരെ പിടിയിലായത് . ഇതിൽ 10 പേർ ഇപ്പോൾ ജാമ്യത്തിലാണ്. കേസിൽ ഏഴു പേരെക്കൂടി ഇനിയും പിടികൂടാനുണ്ട്.
മഹാരാജാസ് കോളജിൽ അഭിമന്യുവിന്റെ സ്മാരകം തീർത്ത എസ്എഫ്ഐയ്ക്ക് ഇതേപ്പറ്റി മിണ്ടാട്ടമില്ല. മികവിന്റെ കലാലയമാക്കുക എന്ന ലക്ഷ്യത്തോടെ സ്വയംഭരണ കോളജ് ആക്കിയ മഹാരാജാസ് കോളജ് കഴിഞ്ഞ ഒരുവർഷം വാർത്തകളിൽ നിറഞ്ഞത് അഭിമന്യു കേസിന്റെ പേരിൽ മാത്രമാണ്. മികവിന്റെ മറ്റു കാര്യങ്ങളൊന്നും പുറത്തുകേട്ടില്ല. മഹാരാജാസിനെപ്പറ്റി ഏറെ അഭിമാനിക്കുന്നവർക്ക് വേദനയുളവാക്കുന്ന കാര്യമാണിത്.
(തുടരും)
എസ്എഫ്ഐ മാനസികമായി പീഡിപ്പിക്കുന്നു: അധ്യാപിക
കളമശേരി പോളിടെക്നിക്കിൽ അധ്യാപികയെ എസ്എഫ്ഐ പ്രവർത്തകർ മാനസികമായി പീഡിപ്പിക്കുന്നുവെന്നു പരാതി. അധ്യാപികയ്ക്കെതിരേ അപവാദ പ്രചാരണങ്ങൾ നടത്തുകയും അധിക്ഷേപിച്ചു ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തുവെന്നാണു പരാതി. തനിക്കു നേരിടുന്ന അപമാനം ചൂണ്ടിക്കാട്ടി അധ്യാപിക കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനു പരാതി നൽകി.
മറ്റ് അധ്യാപകർ പിൻമാറിയതോടെ ഹോസ്റ്റലിന്റെ ചുമതല ഈ അധ്യാപികയ്ക്കു നൽകിയിരുന്നു. ഏതാനും മാസം മുന്പ് പുതിയ വിദ്യാർഥികൾക്കായി ഹോസ്റ്റലിലെ മുറികൾ വൃത്തിയാക്കുന്നതിനായി ഈ അധ്യാപികയുടെ നേതൃത്വത്തിൽ ജീവനക്കാർ പഴയ സാധനങ്ങൾ മുറിയിൽനിന്ന് എടുത്തു നശിപ്പിച്ചു. കഴിഞ്ഞ വർഷം പഠിച്ചിരുന്ന വിദ്യാർഥികളുടെ പഴയ ബുക്കുകളും മറ്റു രേഖകളും നഷ്ടപ്പെട്ടതായി വിദ്യാർഥികൾ പരാതി നൽകി.
പിന്നാലെ അധ്യാപികയെ ഹോസ്റ്റൽ ചുമതലയിൽനിന്നു മാറ്റുകയും ചെയ്തു. ഇത്തരത്തിൽ നടപടി സ്വീകരിച്ചിട്ടും വീണ്ടും അധ്യാപികയെ മാനസികമായി തകർക്കുന്ന രീതിയിൽ എസ്എഫ്ഐ വിദ്യാർഥികൾ പെരുമാറിയതായാണ് അധ്യാപികയുടെ പരാതി. പുറമേ നിന്നുള്ളവരും പഠനം കഴിഞ്ഞവരും ഹോസ്റ്റലിൽ പ്രവേശിച്ചത് തടഞ്ഞതാണ് എസ്എഫ്ഐ പ്രവർത്തകരെ പ്രകോപിപ്പിച്ചതെന്ന് ഇവർ പറയുന്നു.