കൊച്ചി: സ്ത്രീകളും കുട്ടികളും ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ കളരി അഭ്യസിക്കുന്നത് അനിവാര്യമാവുകയാണെന്നു പത്മശ്രീ മീനാക്ഷിയമ്മ ഗുരുക്കൾ. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വയം പ്രതിരോധിക്കാനായി ആയോധനമുറകള്‍ അഭ്യസിക്കാന്‍ ശ്രമിക്കണം. തന്റെ ജീവിതം കളരിക്കു വേണ്ടി സമര്പ്പിച്ചിട്ടള്ളതാണെന്നും അവര്‍ പറഞ്ഞു. എറണാകുളം ജില്ലാ സ്പോര്‍ട്സ് കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നല്കിയ ആദരിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവർ.
രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എറണാകുളം ജില്ലാ സ്പോര്‍ട്സ് കളരിപ്പയറ്റ് അസോസിയേഷനു വേണ്ടി പ്രസിഡന്റ് മാത്യു പോള്‍ കളരിപ്പയറ്റില്‍ ആദ്യമായി പത്മശ്രീ ലഭിച്ച മീനാക്ഷിയമ്മ ഗുരുക്കളെ പൊന്നാടയണിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു. എറണാകുളം ജില്ലയിലെ വിവിധ കളരികള്‍ക്കു വേണ്ടി കുഞ്ഞപ്പന് ഗുരുക്കൾ, ഗോപിനാഥന് ഗുരുക്കള്‍, കാളിദാസന് ഗുരുക്കൾ, ജലീല്‍ ഗുരുക്കള്‍, ശിവന് ഗുരുക്കൾ, മോഹനന് ഗുരുക്കള്‍, ഹരി ആശാൻ, ജയദേവന് ആശാന്, നാരായണന് ഗുരുക്കൾ, വിനീഷ് ആശാന്, സുധീര്‍ ആശാന് എന്നിവരും മീനാക്ഷിയമ്മയെ ആദരിച്ചു.