വിവാഹങ്ങളിലെ ചടങ്ങുകളും ആചാരങ്ങളും ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമാണ്. വിവാഹ ദിനത്തിൽ വധൂ വരന്മാർ ധരിക്കുന്ന വസ്ത്രങ്ങൾ മുതൽ അന്നേ ദിവസം ഒരുക്കുന്ന സദ്യകളിൽ വരെ ഉണ്ട് ഓരോരോ സവിശേഷതകൾ.
പുതുമകൾ വിവാഹത്തിൽ കൊണ്ടുവരാൻ പുതുതലമുറ ശ്രമിക്കുന്നുണ്ടെങ്കിലും പരമ്പരാഗത ചടങ്ങുകളെ ചേർത്തു പിടിച്ച് വിവാഹിതരാകുന്നവരുമുണ്ട് ഈ കാലഘട്ടത്തിൽ. അത്തരത്തിലുള്ള വിവാഹത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
എന്നാൽ ഇവിടെ കാര്യങ്ങൾ അല്പം വ്യത്യസ്തമാണ്. ഒന്നിച്ച് ചെറുപ്പ കാലം മുതലേ കളരിയിൽ അഭ്യസിച്ചവർ വിവാഹിതരാകുമ്പോൾ കളരിത്തറ അല്ലാതെ മറ്റെത് സ്ഥലമാണ് താലികെട്ടാൻ അനുയോജ്യമായുള്ളത്.
കുട്ടിക്കാലം മുതൽ കളരി അഭ്യസിക്കുന്നവരാണ് രാഹുലും ശില്പയും. തങ്ങളുടെ വിവാഹത്തിന് ഒരു വ്യത്യസ്ത കൊണ്ടുവരാൻ ആലോചിച്ചപ്പോൾ മനസിലെത്തിയത് ഈ ആശയമാണ്. തുടർന്ന് ഗുരുക്കളോട് കാര്യം പറയുകയും ചെയ്തു.
അങ്ങനെ അവരുടെ ആഗ്രഹം പേലെ തന്നെ കളരിത്തറയിൽ അവർ വിവാഹിതരായി. വരനെ ഉടവാൾ കൊടുത്താണ് മണ്ഡപത്തിലേക്ക് സ്വീകരിച്ചത്. കളരി അഭ്യാസികളുടെ അകമ്പടിയോടുകൂടിയാണ് വധുവും വരനും മണ്ഡപത്തിലേക്ക് എത്തിയത്. മണ്ഡപത്തിലേക്ക് കയറുന്നതിന് മുൻപ് ഇരുവരും കളരിക്ക് മുൻപ് ചെയ്ത കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. അതേസമയം, സോഷ്യൽ മീഡിയയിൽ ഈ കളരി കല്യാണത്തിന്റെ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു.