കന്നംകുളം: കലശമല ഇക്കോടൂറിസം പദ്ധതിയുടെ വിപുലീകരണത്തിനായി അധിക ഭൂമി ഏറ്റെടുക്കാൻ മന്ത്രിതല യോഗത്തിൽ ധാരണയായി മന്ത്രിമാരായ എ. സി.മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ ഉൾപ്പെട്ട ഉന്നതതല യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.ഇക്കോ ടൂറിസം പ്രൊജക്ട് അറ്റ് കുന്നംകുളം പദ്ധതിയുടെ ഭാഗമായ കലശമലയുടെ വികസനത്തിനായി 2019-2020 വർഷത്തെ ബജറ്റിൽ വകയിരുത്തിയിരുന്ന10 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായ ഉടൻതന്നെ തുടർനടപടികൾക്ക് കടക്കുകയായിരുന്നു സർക്കാർ.
എൽ.എ ആക്ട് 2013 പ്രകാരം സ്ഥലം ഏറ്റെടുക്കാനും, കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും ഭൂരേഖ തഹസീൽദാരെ യോഗം ചുമതലപ്പെടുത്തി. പദ്ധതി പ്രദേശത്തേക്ക് എട്ടു മീറ്റർ വീതിയിൽ റോഡ് നിർമിക്കുവാനുള്ള സ്ഥലവും ഇതോടൊപ്പം ഏറ്റെടുക്കും. ഭൂവുടമകൾക്ക് കൈവശ ഭൂമിയുടെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു നോട്ടീസ് അയയ്ക്കാൻ തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം പഞ്ചായത്ത് ഏറ്റെടുക്കും. പദ്ധതിയുടെ മേൽനോട്ടത്തിനായി ടൂറിസം അധികൃതരും, ജനപ്രതിനിധികളും അടങ്ങുന്ന കമ്മറ്റിക്ക് രൂപം നൽകാൻ യോഗത്തിൽ ധാരണയായി.
തദ്ദേശ സ്വയംഭരണ ടൂറിസം മന്ത്രിമാർക്കുപുറമേ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പോർക്കുളം, ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ ജില്ലയുടെ ചുമതലയുള്ള ടൂറിസം സെക്രട്ടറി, ഡെപ്യൂട്ടി ഡയറക്ടർ, ഡി.ടി.പി.സി സെക്രട്ടറി, ഭൂരേഖാ തഹസിൽദാർ, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
അധിക ഭൂമികൂടി ഏറ്റെടുക്കുന്നതോടെ ജില്ലയിലെ തന്നെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമായി മാറുകയാണ് കലശമല. 2.40 കോടി രൂപ ചെലവിൽ ഇതിനോടകം നിർമ്മിതികൾ പൂർത്തീകരിച്ച ഈ ഇകോ ടൂറിസം പദ്ധതി ഡിസംബർ അവസാന വാരത്തോടെ നാടിനായി സമർപ്പിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.