ചങ്ങനാശേരി: പെട്രോളിനും ഡീസലിനും അടിക്കടി വില വർധിക്കുന്ന സാഹചര്യത്തിൽ ഓട്ടപ്പന്തയത്തിൽ പങ്കെടുക്കുന്ന രണ്ടു കാളക്കൂറ്റന്മാരെ വാങ്ങിയതോടെ ഇത്തിത്താനം പുല്ലാനിപ്പറന്പിൽ പി.ഡി. ജോസഫ് എന്ന കുട്ടപ്പന്റെ കാളവണ്ടി നിരത്തിൽ ഹിറ്റാവുകയാണ്.
കുട്ടപ്പന് ഇളയമകൻ ജോയിസിന്റെ പ്രോത്സാഹനംകൂടി ലഭിച്ചതോടെ ഇത്തിത്താനത്തെ കാളവണ്ടി വൈറൽ.
ഈ കാളവണ്ടി ഇപ്പോൾ വെറും ചരക്കുകയറ്റുന്ന വണ്ടിയാണെന്നു കരുതേണ്ട. വിവാഹ ചടങ്ങുകൾ, സീരിയൽ, ഷോർട്ട്ഫിലിം, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, ഉദ്ഘാടനങ്ങൾ, രാഷ്ട്രീയപാർട്ടികളുടെ ജാഥകൾ, ഇന്ധന വിലവർധനവിനെതിരേ പ്രതിഷേധപ്രകടനങ്ങൾ, കാർഷികപ്രദർശന മേളകൾ തുടങ്ങിയവയ്ക്കൊക്കെ കുട്ടപ്പന്റെ കാളവണ്ടി നിറസാന്നിധ്യമായി ക്കഴിഞ്ഞു.
ഓട്ടോമൊബൈൽ വർക്ക്ഷോപ്പിലെ ജീവനക്കാരനായ ജോയിസിന്റെ നിർബന്ധത്തെ തുടർന്നാണ് വെളുത്ത നിറമുള്ള രണ്ടു കാളക്കൂറ്റന്മാരെ മൂന്നു മാസം മുന്‍പ് തൊടുപുഴയിൽ നിന്നും എണ്‍പതിനായിരം രൂപയ്ക്കു വാങ്ങിയത്.
കോവിഡിനെ തുടർന്ന് കാളവണ്ടിയുടെ ഓട്ടം നിലച്ചതോടെ ഒന്നര വർഷം മുൻപ് കാളകളെ വിറ്റ് വണ്ടി ഷെഡിൽ കയറ്റിയിരുന്നു.
ന്യായമായ വില ലഭിച്ചാൽ കാളവണ്ടിയും വിറ്റ് പൈതൃകമായി ലഭിച്ച ഈ തൊഴിൽ എന്നെന്നേക്കുമായി അവസാനിപ്പിക്കുകയായിരുന്നു കുട്ടപ്പന്റെ ലക്ഷ്യം.
തങ്ങളുടെ കുടുംബത്തിന്റെ പാരന്പര്യസ്വത്തായ കാളവണ്ടി കൈവിടാതെ തിരിച്ചുപിടിക്കണമെന്ന കുട്ടപ്പന്റെ മകൻ ജോയിസിന്റെ താത്പര്യമാണ് കോട്ടയം ജില്ലയിലെ തന്നെ അവശേഷിക്കുന്ന ചുരുക്കം കാളവണ്ടിയിൽ ഒന്നിനു പുതുജീവൻ തിരിച്ചുകിട്ടാൻ കാരണമായത്.
ഏഴര പതിറ്റാണ്ടായി കാളവണ്ടി സർവീസ് നടത്തുന്ന കുടുംബമാണ് ഇവരുടേത്. കുട്ടപ്പന്റെ പിതാവ് പാപ്പൻ എന്ന ദാവീദിലൂടെയായിരുന്നു തുടക്കം.
കരുമാടിക്കുട്ടൻ, ബാല്യകാലസഖി, ബ്രിട്ടീഷ് മാർക്കറ്റ്, ആകാശം, ആമേൻ തുടങ്ങിയ മലയാള സിനിമകളിലും ബോളിവുഡ് താരം റാണി മുഖർജി അഭിനയിച്ച പരസ്യചിത്രത്തിലും ഈ കാളവണ്ടി നേരത്തെ കഥാപാത്രമായി മാറിയിരുന്നു.
കോവിഡാനന്തരം ടൂറിസം രംഗത്ത് പുതിയ സ്റ്റാറായി മാറാൻ തങ്ങളുടെ കാളവണ്ടിക്കു കഴിയുമെന്നാണ് കുട്ടപ്പന്റെയും മകൻ ജോയിസിന്റെയും പ്രതീക്ഷ.