തിരുവനന്തപുരം: ഇന്ധന നികുതി കേന്ദ്രസർക്കാർ കുറച്ച പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരും നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം. ജനങ്ങൾ വലിയ പ്രതിസന്ധിയിലാണെന്നും പ്രതിപക്ഷം നിയമസഭയെ അറിയിച്ചു.
സംസ്ഥാന സർക്കാർ കഴിഞ്ഞ ആറ് വർഷമായി നികുതി കൂട്ടിയിട്ടില്ലെന്നും അതിനാൽ നികുതി കുറിയ്ക്കില്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് ധനമന്ത്രിയുടെ വിശദീകരണം. പ്രതിപക്ഷത്തുനിന്നും കെ. ബാബു എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.
നികുതി കൂട്ടിയ കേന്ദ്രമാണ് നികുതി കുറയ്ക്കേണ്ടതെന്നും ബാലഗോപാൽ പറഞ്ഞു. ധനമന്ത്രി പ്രതിപക്ഷത്തെ രൂക്ഷമായി പരിഹസിക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടി സർക്കാർ 13 തവണ നികുതി കൂട്ടി. ഇന്ധന നികുതിക്കെതിരെ കേരളത്തിലല്ല സൈക്കിൾ ചവിട്ടി പ്രതിഷേധിക്കേണ്ടത്.
കാളവണ്ടിയിൽ ഡൽഹിയിൽ പോയി ആണ് പ്രതിഷേധിക്കേണ്ട്. ഇന്ധന വില വർധന കന്പനികൾക്ക് വിട്ടുകൊടുത്തത് യുപിഎ സർക്കാരാണെന്നും ബാലഗോപൽ പരിഹസിച്ചു.
പ്രതിപക്ഷത്തിനെതിരായ പരിഹാസത്തെ രൂക്ഷമായ ഭാഷയിൽ ബാബു വിമർശിച്ചു. ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. നികുതി കുറയ്ക്കില്ലെന്ന സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബാബു പറഞ്ഞു.
വീണ്ടും ഇന്ധന നികുതി കുറയ്ക്കില്ലെന്ന നിലപാട് ധനമന്ത്രി സഭയിൽ ആവർത്തിച്ചു. സംസ്ഥാനങ്ങൾക്ക് പങ്കുവയ്ക്കേണ്ടാത്ത രീതിയിലാണ് കേന്ദ്രം നികുതി കൂട്ടിയത്. ഇത് ഭരണഘടനയുടെ ലംഘനമാണ്. സംസ്ഥാനത്തിന് ആകെ പിരിക്കാനാകുന്നത് മദ്യം, പെട്രോൾ നികുതി മാത്രമാണ്. ഇവയിൽ സംസ്ഥാനത്തേക്കാൾ നികുതി കേന്ദ്രം പിരിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ സൈക്കിൾ സമരത്തെ ആക്ഷേപിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇന്ധന വിലവർധനയ്ക്കെതിരെ പാർലമെന്റിലേക്ക് കോണ്ഗ്രസ് നടത്തിയ സൈക്കിൾ പ്രതിഷേധത്തിൽ 17 രാഷ്ട്രീയ പാർട്ടികൾ പങ്കെടുത്തു. എന്നാൽ സിപിഎം മാത്രം പങ്കെടുത്തില്ല.
ഇന്ധനനികുതി വർധനവിലൂടെ കേരളത്തിൽ 5,000 കോടി രൂപയുടെ അധിക വരുമാനം ഉണ്ടായി. അതേസമയം യുഡിഫ് സർക്കാരിന്റെ കാലത്ത് നികുതി വർധിപ്പിച്ചതോടെ 500 കോടി വരുമാനമാണ് ഉണ്ടായത്. സർക്കാരിന്റെ ഈ നിലപാടിനോട് കാലം കണക്കുചോദിക്കുമെന്നും സതീശൻ പറഞ്ഞു.
ധനമന്ത്രിയുടെ വിശദീകരണത്തോടെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയുടെ നടുത്തള്ളതിൽ ഇറങ്ങി പ്രതിഷേധിക്കുകയും പിന്നീട് സഭ ബഹിഷ്കരിക്കുകയും ചെയ്തു.