കറുകച്ചാൽ: കാളച്ചന്ത റോഡ് തകർന്നു തരിപ്പണമായപ്പോൾ കാളവണ്ടിയോടിച്ച് പ്രതിഷേധം. യൂത്ത് കോണ്ഗ്രസ് സംഘടിപ്പിച്ച വ്യത്യസ്തമായ പരിപാടിയിൽ നാട്ടുകാരും ചേർന്നു. യൂത്ത് കോണ്ഗ്രസ് കങ്ങഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വ്യത്യസ്തമായ പ്രതിഷേധ പരിപാടി നടത്തിയത്. വർഷങ്ങളായി തകർന്നു കിടക്കുന്ന കങ്ങഴ ഒന്ന്, 15 വാർഡുകളിലൂടെ കടന്നു പോകുന്ന പരുത്തിമൂട്-കാളച്ചന്ത റോഡിലാണ് പ്രതിഷേധ സമരം നടത്തിയത്.
10 വർഷം മുന്പു അവസാനമായി ടാർ ചെയ്ത റോഡിലെ ടാറിംഗ് പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ നിലയിലാണ്. നാലു കിലോമീറ്ററോളമുള്ള റോഡിന്റെ മിക്ക ഭാഗങ്ങളിലും കാൽനട പോലും ദുഷ്ക്കരമായിരിക്കുകയാണ്. റോഡ് പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലവട്ടം അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ല.
ഇതോടെയാണ് പ്രതിഷേധവുമായി യൂത്ത് കോണ്ഗ്രസ് രംഗത്ത് വന്നത്. മണ്ഡലം പ്രസിഡന്റ് സനു സാബുവിന്റ അധ്യക്ഷതയിൽ നടത്തിയ പ്രതിഷേധ സമരം കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെറിൻ സലീം ഉദ്ഘാടനം ചെയ്തു. ബിനിൽ ബാബു, ലിബിൻ ഫിലിപ്പ്, ജോജിമോൻ ചാക്കോ, അജിൻ, റോൾഫി, മഹേഷ് തുടങ്ങിയവർ പ്രസംഗിച്ചു.