കുളത്തുപ്പുഴ: മണല്‍ കലവറ (വനശ്രീ) യില്‍ നിന്നും മണല്‍ വിതരണം ഉടന്‍ ആരംഭിക്കുമെന്നും മണല്‍ വില സംബന്ധിച്ച് നിബന്ധനകളോടെ ധനകാര്യ വകുപ്പില്‍ നിന്നുള്ള അനുമതി ലഭിച്ചതായുംമന്ത്രി കെ രാജു പറഞ്ഞു. തന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മണല്‍ വില നിശ്ചയിക്കുന്നതിനായ് വനം വകുപ്പ് സമര്‍പ്പിച്ച ഫയലുകളില്‍ ധനകാര്യ വകുപ്പില്‍ നിന്നുണ്ടായ കാലതാമസമാണ് മണല്‍ വിതരണം വൈകിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ധനകാര്യ വകുപ്പില്‍ നിന്നും വില സംബന്ധിച്ച അനുമതി വനം വകുപ്പിന് ലഭിച്ചു.
നിബന്ധനകള്‍ പ്രകാരം ബിപിഎല്‍ വിഭാഗത്തില്‍പെട്ട സര്‍ക്കാര്‍ പദ്ധതികളില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് മാത്രമാകും മണല്‍ ലഭിക്കുക. ബിപിഎല്‍ വിഭാഗം ആണെങ്കിലും സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്കും എ പി എല്‍ വിഭാഗക്കാര്‍ക്കും ആദ്യ ഘട്ടത്തില്‍ മണല്‍ ലഭിക്കില്ല.
നിര്‍ദിഷ്ട രേഖകള്‍ സഹിതം ഓണ്‍ലൈനില്‍ ആകും മണലിനു വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കുക. ഇതില്‍ നിന്നും മുന്‍ഗണന ക്രമം അനുസരിച്ച് ജില്ലയിലെയും സമീപപ്രദേശമായ നെടുമങ്ങാട് താലൂക്കിലെയും ഉപഭോക്തക്കള്‍ക്ക് മണല്‍ ലഭിക്കും. ഏകദേശം പതിമൂവായിരം രൂപയോളം വരും ഒരു ലോഡ് മണലിന്റെ വില.
മണല്‍ ഗുണഭോക്താവ് സ്വന്തം ചിലവില്‍ കൊണ്ടുപോകണം. ധനകാര്യ വകുപ്പില്‍ നിന്നുള്ള അനുമതി ലഭിച്ചതോടെ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ അന്തിമ ഉത്തരവ് ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും അടുത്ത ഘട്ടത്തില്‍ മണല്‍ ശേഖരിക്കാനുള്ള അനുമതി വനം വകുപ്പ് തേടിയിട്ടുണ്ടെന്നും കെ രാജു പറഞ്ഞു.