തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴു മുതൽ 11 വരെ സെന്റിമീറ്റർ കനത്ത മഴയ്ക്കാണു സാധ്യത.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയും അറിയിച്ചു.
ബുധനാഴ്ചയും സംസ്ഥാനത്ത് സാമാന്യം വ്യാപകമായി മഴ പെയ്തു. കാലവർഷം പിൻവാങ്ങുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം കാലവർഷം പൂർണമായി പിൻവാങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.