എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 102 കോടി രൂപയുടെ നാശ നഷ്ടം. കാലവർഷം ആരംഭിച്ച മെയ് 29 മുതൽ ഇന്നു രാവിലെ വരെയുള്ള കണക്കാണിത്. ഇതു കൂടാതെ കാലവർഷക്കെടുതിയിൽ 75 പേർ മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 14 ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ എട്ടെണ്ണം വയനാട് ജില്ലയിലാണ്.
ഇടുക്കിയിൽ, കോഴിക്കോട്,വയനാട്,ആലപ്പുഴ ജില്ലകളിലാണ് ദുരിതാശ്വാസ ക്യാന്പുകൾ. 14 ക്യാന്പുകളിലായി 490 പേരാണ് കഴിയുന്നത്. ഏറ്റവും കൂടുതൽ പേർ കഴിയുന്നത് വയനാട് ജില്ലയിലാണ്. ഇന്നലെ മാത്രം വയനാട് ജില്ലയിൽ എട്ടു ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു.
ഉരുൾപൊട്ടൽ ഉണ്ടായ കോഴിക്കോട് ജില്ലയിൽ ഇപ്പോഴും ദുരിതാശ്വാസ ഒരു ക്യാന്പ് പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് കാലവർഷം കൂടുതൽ നാശം വിതച്ചിരിക്കുന്നത്. കോഴിക്കോട് വയനാട്,ഇടുക്കി ജില്ലകളിലാണ്. വയനാട് ജില്ലയിലെ പല മേഖലകളും ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈ ഭാഗങ്ങളിൽ ഇപ്പോഴും കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്.
സംസ്ഥാനത്ത് ഇതുവരെ 274 വീടുകൾ പൂർണമായും 697 വീടുകൾ ഭാഗീകമായും തകർന്നിട്ടുണ്ട്. 89.21 ഹെക്ടർ കൃഷിയും നശിച്ചിട്ടുണ്ട്. നാശ നഷ്ടത്തിൽ കൃഷി നാശമാണ് കൂടുതൽ 87 കോടി രൂപയുടെ കൃഷി നശിച്ചിട്ടുണ്ട്. വീടുകൾ തകർന്ന വകയിൽ 15 കോടിയുടെ നഷ്ടവും ഉണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിൽ കനത്തമഴ തുടരുമെന്ന കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളതിനാൽ സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മഴക്കെടുതിയെ നേരിടാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്ക് തുടർന്നു റേഷൻ നൽകാൻ ഭക്ഷ്യമന്ത്രി പി തിലോത്തമനും നിർദ്ദേശം നൽകി.
അനിഷ്ടം സംഭവങ്ങൾ നേരിടുന്നതിന് ദുരന്തനിവാരണ സേനയോടും നിർദ്ദേശിച്ചിട്ടുണ്ട്. പോലീസിനും ഫയർഫോഴ്സിനും മഴക്കെടുതയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ട സഹായം നൽകണമെന്ന നിർദ്ദേശം ആഭ്യന്തര വകുപ്പും നൽകിയിട്ടുണ്ട്.