കോട്ടയം: മഴക്കാലം ആസന്നമായ സാഹചര്യത്തിൽ അപകടങ്ങൾ, രോഗങ്ങൾ എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ സി.എ.ലത അറിയിച്ചു. കാലവർഷത്തിന്റെ മുന്നോടിയായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആലോചിക്കാൻ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. കാലവർഷം വരാൻ ഇനി 10 ദിവസങ്ങൾ ശേഷിക്കെ എല്ലാ വകുപ്പുകളും സമയബന്ധിതമായി തന്നെ അവരവരെ ഏൽപ്പിച്ചിട്ടുളള ജോലികൾ പൂർത്തിയാക്കണം.
അടിയന്തിര സാഹചര്യം വന്നാൽ നേരിടാൻ ഒരു എമർജൻസി ടീമിനെ നിയോഗിക്കും. ദുരന്ത സാധ്യതയുളള സ്ഥലങ്ങൾ മുൻകൂട്ടി തീർച്ചപ്പെടുത്തി പ്രത്യേകശ്രദ്ധ പതിപ്പിക്കും. കൊതുകു വളരാനുളള സാഹചര്യങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും വെള്ളപ്പൊക്കമുണ്ടായാൽ ആളുകളെ മാറ്റി പാർപ്പിക്കാനുളള സ്കൂളുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ മുൻകൂട്ടി കണ്ടെത്തും.
ഈ സ്ഥലങ്ങളിൽ ശുദ്ധമായ കുടിവെള്ളം, സാനിട്ടറി സംവിധാനങ്ങൾ, സൗജന്യ റേഷൻ എന്നിവ ഏർപ്പാടാക്കാനുളള തയ്യാറെടുപ്പ് നടത്തണം. എല്ലാ താലൂക്കിലും കണ്ട്രോൾ റൂമുകൾ തുറക്കാനും അന്നന്നുളള റിപ്പോർട്ടുകൾ കളകടറേറ്റിൽ അറിയിക്കാനും സംവിധാനം ഉണ്ടാക്കും. 24 മണിക്കൂറും കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കും. ഫയർഫോഴ്സ്, പോലീസ് എന്നിവരെ ഉൾപ്പെടുത്തി ഒരു ഡിസാസ്റ്റർ മാനേജ്മെന്റ് ടീം ഉണ്ടാക്കും. എല്ലാ പിഎച്ച്സി, സിഎച്ച്സി എന്നിവിടങ്ങളിൽ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കും. മണ്ണിടിച്ചിൽ പോലുളള ദുരന്തങ്ങൾ നേരിടാൻ ജെസിബി ഉൾപ്പെടെയുളള ഉപകരണങ്ങൾമുൻകൂട്ടി തയാറാക്കും.
24 മണിക്കൂർ തുടർച്ചയായി മഴഉണ്ടായാൽ പാറപൊട്ടിക്കൽ നിരോധിക്കും. പ്രകൃതിക്ഷോഭം നേരിടാൻ ആംബുലൻസ്, മരുന്ന്, വാക്സിൻ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും പകർച്ച വ്യാധികൾ പടർന്നു പിടിക്കാതിരിക്കാനും ജനങ്ങളെ ബോധവത്കരിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കാൻ റവന്യു, ആരോഗ്യ വകുപ്പുകൾക്ക് നിർദേശം നൽകി. പഴയകെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന അടിയന്തിരമായി നടത്തും. ഭക്ഷ്യധാന്യങ്ങൾ കരുതൽ ശേഖരം ഉറപ്പാക്കും.
വൈദ്യുതി അപകടങ്ങൾ ഒഴിവാക്കുന്നതിന് താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈനുകൾ ഉയർത്തുക, മരശിഖരങ്ങൾ വെട്ടി മാറ്റുക എന്നിവ ചെയ്യണം.
കൃഷി മേഖലയിൽ നഷ്ടം സംഭവിച്ചാൽ താമസം കൂടാതെ തന്നെ റിപ്പോർട്ട് കളക്ടർക്ക് നൽകണം. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു ബന്ധപ്പെട്ട വകുപ്പുകളിൽ നോഡൽ ഓഫീസർമാരെ നിയമിക്കും. ആർഡിഒമാർ അവരുടെ അധികാര പരിധിയിലുളള താലൂക്കുകളിലെ പ്രവർത്തനങ്ങളുടെ ഏകോപനം നടത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. യോഗത്തിൽ കോട്ടയം ആർ.ഡി.ഒ കെ. രാമദാസ്, പാലാ ആർ.ഡി.ഒ ഇ.എം സഫീർ, ശുചിത്വമിഷൻ, തഹസീൽദാർമാർ, മുനിസിപ്പൽ സെക്രട്ടറിമാർ, ആരോഗ്യം, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, കൃഷി, വൈദ്യുതി, മരാമത്ത് വകുപ്പുകളുടെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.