തിരുവനന്തപുരം: തെക്കൻ തമിഴ്നാടിന് മുകളിലായി രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി അടുത്ത ആറു ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി. മോശം കാലാവസ്ഥയ്ക്ക് സാധ്യത ഉള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. തെക്കന്‍ കേരള തീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നാണ് നിര്‍ദേശം.
സംസ്ഥാനത്ത് കാലവർഷം മൂന്ന് ദിവസത്തിനുള്ളിൽ എത്തുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വീണ്ടും ഉണ്ടായേക്കാമെന്നും കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. മണ്‍സൂണ്‍ കാലത്ത് കേരളം കനത്ത ജാഗ്രത പുലര്‍ത്തേണ്ടിവരുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഒരു മണിക്കൂറില്‍ 100 മില്ലിമീറ്റര്‍ മഴ ലഭിച്ചാല്‍ അത് മേഘവിസ്ഫോടനമാകും. കൊച്ചിയില്‍ ഇന്നലെ ഒരു മണിക്കൂറിനിടെ പെയ്തത് 103 സെന്റിമീറ്റര്‍ മഴയാണ്. സംസ്ഥാനത്തുടനീളം ഉണ്ടായ തീവ്രമഴയിലും കാറ്റിലും കെ എസ് ഇ ബി ക്ക് കനത്ത നാശനഷ്ടമുണ്ടായി. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏകദേശം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
895 എച്ച് ടി പോസ്റ്റുകളും 6230 എല്‍ ടി പോസ്റ്റുകളും തകര്‍ന്നു. മരങ്ങളും മരച്ചില്ലകളും വീണതിനെത്തുടര്‍ന്ന് 6230 ഇടങ്ങളില്‍ എല്‍ ടി ലൈനുകളും 895 ഇടങ്ങളില്‍ എച്ച് ടി. ലൈനുകളും പൊട്ടിവീണു. 185 ട്രാന്‍സ്ഫോര്‍മറുകൾക്ക് കേടുപാടുകള്‍ സംഭവിച്ചു.കൊച്ചി കളമശേരിയിൽ പത്ത് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റി. കോട്ടയത്ത് 11 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ആലപ്പുഴയിൽ മൂന്ന് ദുരിതാശ്വാസക്യാന്പുകൾ കൂടി തുറന്നു. വെള്ളം കടലിലേക്കൊഴുക്കുന്നതിന് അന്ധകാരനഴി പൊഴി മുറിച്ചു.
തോട്ടപ്പള്ളി പൊഴിയിലൂടെ വെള്ളം കടലിലേക്ക് ഒഴുകുന്നുണ്ട്. കായംകുളം, ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. ഇന്നലെ പെയ്ത കനത്ത മഴയിൽ കൊച്ചി നഗരത്തിന്റെ വിവിധ മേഖലകളിൽ നിരവധി വീടുകളിൽ വെള്ളം കയറി.റോഡുകളിലെല്ലാം വെള്ളം നിറഞ്ഞതോടെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. കളമശേരിയിലെ മുന്നൂറോളം വീടുകൾ വെള്ളവും ചെളിയും കയറി വാസയോഗ്യമല്ലാതായി.