കൊച്ചി: കാലവര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി കൊച്ചി നിവാസികള്‍ക്കു പോലീസിന്റെ മുന്നറിയിപ്പ്. കാലവര്‍ഷം ശക്തമാകുന്നതോടെ തസ്കര വിളയാട്ടം വര്‍ധിക്കാന്‍ സാധ്യത ഏറെയെന്ന്. ഇതിനു കോപ്പുകൂട്ടി മോഷണ സംഘങ്ങള്‍ രംഗത്തെത്തിയിട്ടുള്ളതായും അധികൃതര്‍ വ്യക്തമാക്കുന്നു. ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ ഉള്‍പ്പെടെ ഏവരും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.
മുന്‍ വര്‍ഷങ്ങളില്‍ കാലവര്‍ഷം ശക്തമായതോടെ നഗരത്തില്‍ മോഷണവും മോഷണ ശ്രമങ്ങളും വര്‍ധിച്ചിരുന്നു. തന്മൂലമാണ് ഇത്തവണ പോലീസ് നേരത്തെ മുന്നറിയിപ്പ് നല്കത്. രാത്രി കാലങ്ങളില്‍ വീടുവിട്ടു പുറത്തുപോകുന്നവര്‍ സമീപ വാസികളെയോ ബന്ധുക്കളെയോ വിവരം ധരിപ്പിക്കണം. പ്രായമായ മാതാപിതാക്കള്‍ മാത്രം താമസിക്കുന്ന വീടുകളെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ പോലീസിനെ അറിയിക്കുക.
മാരക ആയുധങ്ങള്‍ രാത്രികാലങ്ങളില്‍ വീടുകള്‍ക്കു പുറത്തു സൂക്ഷിക്കരുതെന്നും ദിവസങ്ങളോളം വീട് അടച്ചു പുറത്തുപോകുന്നവര്‍ വീടിനു മുന്നിലെ ലൈറ്റുകള്‍ പ്രകാശിപ്പിച്ചിടരുതെന്നും പോലീസ് വ്യക്തമാക്കുന്നു. പകല്‍ സമയങ്ങളിലും വീടിനു പുറത്തു ലൈറ്റുകള്‍ തെളിഞ്ഞുകിടക്കുന്നതു ആള്‍താമസമില്ലാത്ത വീടാണെന്നു മനസിലാക്കാന്‍ തസ്കരര്ക്കു വളരെ വേഗത്തില്‍ സാധിക്കും. ഇത്തരം പ്രവര്‍ത്തികള്‍ പരമാവധി ഒഴിവാക്കണം. കൂടുതല്‍ പണമോ സ്വര്‍ണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ വീടുകളില്‍ സൂക്ഷിക്കരുത്.
ബാങ്ക് ലോക്കറുകളിലോ മറ്റോ സൂക്ഷിക്കുകയാകും ഗുണകരം. വീടിനു സമീപത്തുനിന്നോ സമീപ പ്രദേശങ്ങളിലോ രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ സംശയാസ്പദമായ രീതിയില്‍ ആരെയെങ്കിലും കണ്ടാല്‍ വിവരം പോലീസിനെ ധരിപ്പിക്കണം. ഇതര സംസ്ഥാനത്തുനിള്ളുവര് ഉള്‍പ്പെടെയുള്ള അപരിചിതരെ പരമാവധി അകത്തി നിര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു. സാധിക്കുന്നവര്‍ വീടുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നതു പ്രയോജനകരമായിരിക്കും.
വീടുകളിലേക്കു മാത്രം ശ്രദ്ധിക്കാതെ സമീപവാസികള്‍ക്കു ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ ഏതാനും മീറ്റര്‍ പ്രദേശങ്ങളും കാമറ നിരീക്ഷണത്തിലാക്കണം. രാത്രികാലങ്ങളില്‍ വീടിനുള്ളിലെ ലൈറ്റുകളില്‍ ഒരെണ്ണമെങ്കിലും തെളിച്ചിടുന്നതു നല്ലതാകും. വീട്ടുകാര്‍ ഉണര്‍ന്നിരിക്കുന്നുവെന്ന സൂചന തസ്കരര്ക്കു ലഭിക്കാന്‍ തന്മൂലം സാധിക്കും. വീടുകളുടെ പുറത്ത് വാഹനം സൂക്ഷിക്കുമ്പോള്‍ കൂടുതല്‍ കരുതല്‍ സ്വീകരിക്കണമെന്നും വാഹനങ്ങള്‍ സുരക്ഷിതമാണെന്നും ഒരോരുത്തരും ഉറപ്പുവരുത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.