വിപണി വിശേഷം / കെ.ബി. ഉദയഭാനു
കാലവർഷത്തിന്റെ കടന്നുവരവ് കാർഷികകേരളത്തിന് വൻ ആശ്വാസം പകരും, ഇനി തോട്ടങ്ങളിൽ കർഷകരുടെ നിറഞ്ഞ സാന്നിധ്യം. റബർവില വീണ്ടും ഉയർത്താൻ വ്യവസായികൾ നിർബന്ധിതരായി, ടോക്കോമിലും റബർ ബുള്ളിഷ്. മഴയുടെ വരവോടെ ഏലത്തോട്ടങ്ങളിൽ പൊന്നു വിളയിക്കാൻ ഉത്പാദകർ മത്സരമാരംഭിക്കും. ജാതിക്ക വിളവെടുപ്പ് ഊർജിതം. കുരുമുളക് മികവ് നിലനിർത്തി. കാലവർഷം കൊപ്ര സംസ്കരണത്തിന് ഭീഷണിയാവും, വെളിച്ചെണ്ണയ്ക്കൊപ്പം കൊപ്രയും മികവിന് ഒരുങ്ങുന്നു. ആഭ്യന്തര-അന്താരാഷ്ട്ര വിപണികളിൽ സ്വർണം തിളങ്ങി.
മൺസൂണിന്റെ വരവ് കാർഷികമേഖലയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു. പതിവിലും അല്പം വൈകിയെങ്കിലും മഴയുടെ അളവിൽ മുൻ വർഷത്തെ അപേക്ഷിച്ച് കാര്യമായ കുറവ് സംഭവിക്കില്ലെന്നാണ് വിലയിരുത്തൽ.
റബർ
സംസ്ഥാനത്ത് റബർ ക്ഷാമം രൂക്ഷമാകുന്ന സ്ഥിതിയാണ്. ടാപ്പിംഗ് രംഗത്തെ മരവിപ്പ് വ്യവസായികളിൽ ഭീതിജനിപ്പിക്കുന്നു. പല ഭാഗങ്ങളിലും റബർവെട്ട് ഇനിയും പുനരാരംഭിച്ചിട്ടില്ല. ഇവിടെ ലഭ്യത കുറഞ്ഞതിനാൽ തിരക്കിട്ട് രാജ്യാന്തര വിപണിയിൽ ഇറങ്ങിയാൽ വെളുക്കാൻ തേച്ചത് പാണ്ടാവുമെന്ന ആശങ്കയിലാണ് ടയർ ലോബി. വിദേശത്തുനിന്ന് ചരക്ക് എടുത്താലും ഷിപ്പ്മെന്റിന് കാലതാമസം നേരിടുമെന്നത് വ്യവസായികളെ അസ്വസ്തരാക്കുന്നു.
പുതിയ ഓർഡറുകളുമായി ഇന്ത്യൻ വ്യവസായികൾ രാജ്യാന്തര മാർക്കറ്റിനെ സമീപിച്ചാൽ ആഭ്യന്തര വില പിടിച്ചാൽ കിട്ടാത്ത അവസ്ഥയിലുമാകും. ജനുവരി-മാർച്ച് കാലയളവിൽ ആഗോള തലത്തിൽ റബർ ഉത്പാദനം അഞ്ചു ശതമാനം കുറഞ്ഞു.
കാലവർഷം റബർ ടാപ്പിംഗിനെ ചെറിയ അളവിൽ ബാധിക്കും. കൊച്ചിയിൽ ചരക്കുക്ഷാമം മൂലം ടയർ കമ്പനികൾ നാലാം ഗ്രേഡ് 14,400ൽനിന്ന് 14,700ലേക്ക് ഉയർത്തിയപ്പോൾ കോട്ടയത്ത് 14,800ലേക്ക് വില കയറിയെങ്കിലും കാര്യമായി ഷീറ്റ് സംഭരിക്കാൻ വ്യവസായികൾക്കായില്ല.
ടോക്കോം എക്സ്ചേഞ്ചിൽ കിലോ 218 യെന്നിൽനിന്ന് 226 യെൻ വരെ ഉയർന്ന റബർ ബുള്ളിഷ് മൂഡിലാണ്. ബാങ്കോക്കിൽ റബർ വില 13,229 രൂപയിൽനിന്ന് 13,691 രൂപയായി. ചൈനീസ് വിപണിയിലും റബർ നേട്ടത്തിലാണ്.
ഏലം
മഴയുടെ കടന്നുവരവ് ഏലത്തോട്ടങ്ങൾക്ക് പുതുജീവൻ പകർന്നു. കടുത്ത വേനലിൽ ജീവൻ മരണ പോരാട്ടം നടത്തിയ ഏലച്ചെടികൾ പുഷ്പിക്കാൻ ഇനിയും കാത്തിരിക്കണം. കാലാവസ്ഥാ വ്യതിയാനം മൂലം സീസൺ പതിവിലും രണ്ടു മാസം വൈകും. ഓഗസ്റ്റിൽ പുതിയ ഏലക്ക രംഗത്തിറക്കാനാനുള്ള ശ്രമത്തിലാണ് കർഷകർ. ഉത്പാദനം 6000 ടണ്ണെങ്കിലും കുറയുമെന്നാണ് സൂചന. കഴിഞ്ഞ വർഷം 28,000 ടൺ ഏലക്കയാണ് ഉത്പാദിപ്പിച്ചത്. പ്രളയവും വരൾച്ചയും സൃഷ്ടിച്ച ആഘാതം മൂലം ഏലകൃഷി 25 ശതമാനം കുറഞ്ഞു.
മുൻ വർഷം ശരാശരി 1500 രൂപയിൽ നീങ്ങിയ ഏലക്ക റിക്കാർഡ് പ്രകടനങ്ങളിലൂടെ കഴിഞ്ഞമാസം 4000 രൂപ വരെ കിലോയ്ക്ക് ഉയർന്ന ശേഷം ഇപ്പോൾ 2,500 റേഞ്ചിലാണ്. ഉത്പാദനം ചുരുങ്ങുമെന്ന വിലയിരുത്തലുകളും വരും മാസങ്ങളിലെ ഉത്സവകാല ഡിമാൻഡും വിദേശ ഓർഡറുകളും ഏലത്തിന് വീണ്ടും സുഗന്ധം പകരും.
കുരുമുളക്
മഴയുടെ വരവ് മുന്നിൽക്കണ്ട് പരമാവധി കുരുമുളക് ഉത്തരേന്ത്യൻ ഗോഡൗണുകളിൽ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു അവർ. ഉത്പാദനം കുറഞ്ഞതിനാൽ കരുതലോടെയാണ് കർഷകർ ചരക്കിറക്കുന്നത്. കാലവർഷം അനുകൂലമായാൽ അടുത്ത സീസണിൽ ഉത്പാദനം ഉയരും. എന്നാൽ, ഓഗസ്റ്റ്-സെപ്റ്റംബറോടു കൂടി മാത്രമേ ഉത്പാദനം സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭ്യമാകൂ. ഈ അവസരത്തിൽ ദസറ – ദീപാവലി ഡിമാൻഡ് കറുത്തപൊന്നിന് തിളക്കം പകരാം. ഗാർബിൾഡ് കുരുമുളക് 37,200 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളകുവില ടണ്ണിന് 5600 ഡോളറാണ്.
വെളിച്ചെണ്ണ
നാളികേരോത്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല. കാലവർഷത്തിന്റെ വരവ് കൊപ്രവില ഉയർത്തും. എട്ട് പ്രവൃത്തിദിനങ്ങളിലും കൊപ്രവില 8635 രൂപയിലാണ്. തേങ്ങ വെട്ടും കൊപ്ര സംസ്കരണവും മുന്നിലുള്ള ദിനങ്ങളിൽ തടസപ്പെടും. ജൂലൈയിൽ തമിഴ്നാട്ടിലും മഴ സജീവമാകും. കൊച്ചിയിൽ രണ്ടാം വാരവും വെളിച്ചെണ്ണ 12,900 രൂപയിലാണ്.
സ്വർണം
സ്വർണം റിക്കാർഡ് പ്രകടനത്തിനുള്ള തയാറെടുപ്പിലാണ്. ആഭരണ കേന്ദ്രങ്ങളിൽ പവൻ 24,160 രൂപയിൽനിന്ന് 24,480ലേക്ക് ഉയർന്നു. ഇതോടെ ഗ്രാമിന് വില 3020ൽനിന്ന് 3060 രൂപയായി. ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 24,640 രൂപയാണ് റിക്കാർഡ്.
അന്താരാഷ്ട്രമാർക്കറ്റിലും സ്വർണം തിളങ്ങി. അമേരിക്ക പലിശനിരക്കിൽ മാറ്റം വരുത്തുമെന്ന സൂചന നിക്ഷേപകരെ സ്വർണത്തിലേക്ക് അടുപ്പിച്ചു. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1304 ഡോളറിൽനിന്ന് 1348.28 ഡോളർ വരെ മുന്നേറിയ ശേഷം ക്ലോസിംഗിൽ 1340 ഡോളറിലാണ്.