തിരുവനന്തപുരം: സംസ്ഥാനത്തു മൂന്നു ദിവസംകൂടി കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ മലയോര മേഖലകളിലെയും തീരപ്രദേശങ്ങളിലെയും ജനങ്ങൾക്കു ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശം നൽകി.
ഒരിടവേളയ്ക്കു ശേഷം കാലവർഷം വീണ്ടും സജീവമാകുമ്പോൾ സംസ്ഥാനത്ത് മിക്കയിടങ്ങളിലും മികച്ച മഴയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്തത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലും പാലക്കാട് ജില്ലയിലെ ആലത്തൂരുമാണ്. 12 സെന്റിമീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്.
കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണം. ഹൈറേഞ്ചിലേക്കു രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ യാത്ര ഒഴിവാക്കണം. മലവെള്ളപ്പാച്ചിലിനു സാധ്യത കൂടുതലായതിനാൽ സഞ്ചാരികൾ പുഴയിലിറങ്ങരുത്. കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകി.