ചെറുപുഴ: മലയോരത്ത് തുടരുന്ന കനത്ത മഴയിൽ കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകുന്നു. ചെറുപുഴ-പുളിങ്ങോം റോഡിൽ കന്നിക്കളത്ത് വെള്ളം കയറിയതിനാൽ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും കനത്ത മഴയാണ് ചെറുപുഴ മേഖലയിലുണ്ടായത്. ചെറുപുഴയിൽ നിന്നും പുളിങ്ങോം ഭാഗത്തേയ്ക്ക് വാഹന ഗതാഗതം തടസപ്പെട്ടതിനാൽ കന്നിക്കളം ആർക്ക് ഏഞ്ചൽസ് സ്കൂളിന് അവധി നൽകി.
കോലുവള്ളി കോളനിയിൽ വെള്ളം കയറിയതിനാൽ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കണിക്കാരൻ കല്യാണി, കണിക്കാരൻ ശ്രീധരൻ എന്നിവരുടെ കുടുംബങ്ങളെയാണ് സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിയിരിക്കുന്നത്. കോലുവള്ളി തൂക്കുപാലത്തിൽ മുട്ടിയ രീതിയിലാണ് വെള്ളം ഒഴുകുന്നത്. കാര്യങ്കോട് പുഴയിൽ എത്രയേറെ വെള്ളമുയരുന്നത് ആദ്യമാണെന്ന് പറയുന്നു.
പോലീസ്, ഫയർഫോഴ്സ് എന്നിവ ഏതു സാഹചര്യത്തിലും രക്ഷാപ്രവർത്തനം നടത്താൻ സജ്ജമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രദേശത്തെ സാഹചര്യത്തെ സംബന്ധിച്ച് ബന്ധപ്പെട്ടവർ കളക്ടർക്ക് റിപ്പോർട്ട് നൽകി. ജനപ്രതിനിധികൾ വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.
മാക്കൂട്ടം ചുരത്തിൽ മൂന്നിടങ്ങളിൽ റോഡിന്റെ പാർശ്വഭിത്തി തകർന്നു
ഇരിട്ടി: കനത്ത മഴയിൽ ഇന്നു പുലർച്ചെ മാക്കൂട്ടം ചുരത്തില്‍ മൂന്നിടങ്ങളിൽ റോഡിന്റെ പാർശ്വഭിത്തി തകർന്നു. ഇന്നു പുലർച്ചെയോടെ ക്രെയിന്‍ ഉപയോഗിച്ച് മാക്കൂട്ടം അമ്പുകടക്ക് സമീപത്തെ പാലത്തിനടിയില്‍ വന്നടിഞ്ഞ വന്‍ മരങ്ങള്‍ സൈന്യം നീക്കി. എന്നാലും വലിയ വാഹനങ്ങള്‍ക്കൊന്നും ഇതുവഴി സഞ്ചരിക്കാനാവില്ല.
പാലത്തിന്റെ ഒരു ഭാഗവും ഇരുവശത്തെ പാര്‍ശ്വഭിത്തികളും തകര്‍ന്നിട്ടുണ്ട്. കൂടാതെ മൂന്ന് കിലോമീറ്ററോളം റോഡും പലയിടങ്ങളിലായി തകര്‍ന്നിട്ടുണ്ട്. പോലീസ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. വീടുകള്‍ തകര്‍ന്നും വീടുകളില്‍ വെള്ളം കയറിയതുമായി പതിനേഴ് കുടുബങ്ങളില്‍ നിന്നായി 82 പേരെ കിളിയന്തറ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിട്ടുണ്ട്.
ഇവര്‍ക്ക് ഇന്നലെ രാത്രി സൈന്യം ഭക്ഷണം എത്തിച്ച് നല്കി. പഞ്ചായത്തും റവന്യൂഭരണകൂടവും നല്‍കുന്നതിന് പുറമെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനെത്തിയ സൈന്യം പൂരിയും കറിയുമായി അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചത്. മേഖലയില്‍ കോടികളുടെ നാശ നഷ്ടാണ് സംഭവിച്ചത്.
റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് ഇന്ന് ഉച്ചയ്ക്ക് ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കും. കച്ചേരിക്കടവ്, മുടിക്കയ , പാറക്കാമല മേഖലയില്‍ ഉരുള്‍പൊട്ടലില്‍ അമ്പതോളം വീടുകളില്‍ വെള്ളം കയറി വീട്ടുപകരണങ്ങളും മറ്റ് സമ്പാദ്യവും നശിച്ചു. വൈദ്യുതി ബന്ധവും താറുമാറായി.
പഞ്ചായത്തും റവന്യുവകുപ്പും ചേര്‍ന്ന് നഷ്ടത്തിന്റെ കണക്കെടുക്കുന്നുണ്ട്. കുടക് മാക്കൂട്ടം വനത്തില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ശരതിന്റെ സംസ്കാരം ഇന്ന് രാവിലെ പതിനൊന്നോടെ ചാവശേരി പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. ഇന്നലെ രാത്രിയോടെ വീരാജ് പേട്ട താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹം മാനന്തവാടി വഴി പേരട്ട കുണ്ടേരിയിലെ തറവാട്ട് വീട്ടിലെത്തിച്ചു.ഗുരുതരമായി പരിക്കേറ്റ മറ്റൊരു ലോറി ഡ്രൈവര്‍ വള്ളിത്തോട് അയ്യപ്പക്ഷേത്രത്തിന് സമീപത്തെ ബൈജു (26) കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പാൽച്ചുരം പള്ളിയുടെ മതിലിടിഞ്ഞ് കൊട്ടിയൂർ – ബോയ്സ് ടൗൺ റോഡിൽ ഗതാഗതതടസം
പാൽച്ചുരം: കനത്ത മഴയെ തുടർന്ന് പാൽച്ചുരം പള്ളിയുടെ മതിലിടിഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലർച്ചെ 4:30 ഓടുകൂടിയാണ് മതിലിടിഞ്ഞ് ഗതാഗതം തടസപ്പെട്ടത്. നാട്ടുകാരുടെ സഹരണത്തോടെ മണ്ണു നീക്കി. കൊട്ടിയൂർ – ബോയ്സ് ടൗൺ മാനന്തവാടി റോഡ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. കേളകം പോലീസും പഞ്ചായത്തധികൃതരും പ്രവൃത്തികൾക്ക് മണ്ണ് നീക്കാനുള്ള ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്. 25 മീറ്റർ ഉയരമുള്ള മതിലാണ് ഇടിഞ്ഞ് വീണത്. ഇതിന്റെ മുകളിലായി സ്ഥാപിച്ചിരുന്ന കൈവിരികളും തകർന്നു. പുലർച്ചെ മുതൽ ഇതുവഴിയുള്ള ഗതാഗതം നെടുംപൊയിൽ ചുരം വഴി തിരിച്ചു വിട്ടിരുന്നു.
പൈതൽമല റോഡിൽ ഗതാഗതം തടസപ്പെട്ടു
ചെന്പേരി: പൊട്ടംപ്ലാവ് പുറത്തൊട്ടിമലയിൽ ഉരുൾപൊട്ടി. വൻ കൃഷിനാശം ഉണ്ടായതായി കണക്കാക്കുന്നു. ചെളിയും വെള്ളവും കുത്തിയൊലിച്ചതിനെ തുടർന്ന് പൊട്ടംപ്ലാവ്-പൈതൽമല റോഡിൽ ഗതാഗതം മുടങ്ങി. ഗതാഗതം തടസപ്പെട്ടതോടെ പൈതൽമലയിൽ എത്തിയ സഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്.
പെരുമ്പാടിക്കും മാക്കൂട്ടത്തിനും ഇടയിൽ ജൂലൈ 12 വരെ ഗതാഗതം നിരോധിച്ചു
കണ്ണൂർ: തലശേരി-മൈസൂർ അന്തർസംസ്ഥാന പാതയിൽ കർണാടക കുടക് ജില്ലയിലെ പെരുമ്പാടിക്കും മാക്കൂട്ടത്തിനും ഇടയിൽ ജൂലൈ 12 വരെ എല്ലാതരത്തിലുള്ള വാഹന ഗതാഗതവും നിരോധിച്ചതായി കുടക് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.
ഈ കാലയളവിൽ കേരളത്തിൽനിന്ന് തലശേരി വഴി കുടകിലൂടെ മൈസൂരിലേക്ക് വരുന്ന വാഹനങ്ങൾക്ക് മാനന്തവാടി-തോൽപ്പെട്ടി-കുട്ട-ഹുഡിക്കേരി-ഗോണിക്കുപ്പ-തിത്തിമത്തി-മൈസൂർ റൂട്ട് ഉപയോഗിക്കാവുന്നതാണെന്നും അറിയിപ്പിൽ വ്യക്തമാക്കി. കനത്ത മഴയിൽ 25ഓളം കേന്ദ്രങ്ങളിൽ മണ്ണിടിഞ്ഞും നൂറോളം മരങ്ങൾ കടപുഴകിയും പെരുമ്പാടി-മാക്കൂട്ടം റോഡ് പാടേ തകർന്നിരിക്കുകയാണ്. ഇതിലൂടെ ഒരു തരത്തിലുള്ള വാഹനഗതാഗവും സാധ്യമല്ലാത്തതിനാൽ റോഡ് അറ്റകുറ്റപ്പണിക്കായാണ് കുടക് ജില്ലാഭരണകൂടത്തിന്റെ നടപടി.
കൂടുതൽ മഴ തളിപ്പറന്പ് താലൂക്കിൽ, കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു
കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ 11 വരെയുള്ള കണക്കനുസരിച്ച് കൂടുതൽ മഴ രേഖപ്പെടുത്തിയത് തളിപ്പറന്പ് താലൂക്കിൽ. 96.8 മില്ലി മീറ്റർ മഴയാണ് തളിപ്പറന്പ് താലൂക്കിൽ പെയ്തത്. തലശേരി താലൂക്കിൽ 90 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. കണ്ണൂരിൽ 14.7 മില്ലിമീറ്റർ മഴയാണ് കണക്കാക്കിയിട്ടുള്ളത്. കളക്ടറേറ്റിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഫോൺ: 2713266.