കോട്ടയം: മഴയും വെള്ളപ്പൊക്കവും മൂലം ദുരിതം അനുഭവിക്കുന്നവർക്കായി ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാന്പുകൾ കൂടി തുറന്നു. വിജയപുരം പഞ്ചായത്തിലെ പാറന്പുഴ പിഎച്ച് സെന്റർ, അയർക്കുന്നം സെന്റ് ജോസഫ്സ് സ്കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാന്പുകൾ തുറന്നത്. ഇതോടെ ക്യാന്പുകളുടെ എണ്ണം മൂന്നായി. കൈപ്പുഴയിലാണ് മറ്റൊരു ക്യാന്പ്.
കാറ്റിലും മഴയിലും മൂന്നു ഹെക്ടറിലെ കൃഷി നശിച്ചതായി പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. നാട്ടകം , പനച്ചിക്കാട് കൃഷി ഭവനുകളുടെ കീഴിലുള്ള പ്രദേശങ്ങളിലാണ് കൃഷി നാശം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നു ഹെക്ടറിലെ ഏത്തവാഴ കൃഷിയും ഒരു ഹെക്ടറിലെ ജാതി കൃഷിയുമാണ് നശിച്ചത്. 10.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാലവർഷം തുടങ്ങിയതു മുതൽ ഇതുവരെ 154 വീടുകൾ തകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. 21, 63,600 രൂപയാണ് ഥമികമായി കണക്കാക്കിയ നഷ്ടം.
ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലുള്ള ഒട്ടുമിക്ക റോഡുകളും വെള്ളത്തിലാണ്. ആയിരക്കണക്കിന് വീടുകളിലും വെള്ളം കയറി. പടിഞ്ഞാറൻ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പ്രദേശങ്ങളിൽ കാറ്റ് കനത്ത നാശം വിതറി. കുമരകം, തിരുവാതുക്കൽ, കാഞ്ഞിരം, തിരുവാർപ്പ് മേഖലയിലും രൂക്ഷമായ വെള്ളപ്പൊക്കമാണ്. ആർപ്പൂക്കര, മണിയാപറന്പ്, കൈപ്പുഴ, നീണ്ടൂർ പ്രദേശങ്ങളിലും വെള്ളം കയറി. ചങ്ങനാശേരിയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി.
കോട്ടയത്ത് ഇന്നലെ രാത്രിയിലും ഇന്നുമായി നേരിയ ശമനമുണ്ട്. അതേ സമയം കിഴക്കൻ വെള്ളത്തിന്റെ വരവ് മൂലം മീനച്ചിലാറിന്റെയും മറ്റു തോടുകളുടെയും തീരത്ത് താമസിക്കുന്നവരുടെ വീടുകളിൽ വെള്ളം കയറി. ഇന്നലത്തേതിലും കൂടുതൽ വെള്ളം വീടുകളിൽ കയറിയിട്ടുണ്ട്.
ചാലുകുന്ന് സിഎൻഐ -കൊച്ചാന റോഡിലെ ഗതാഗതം ഇന്നലെ രാവിലെ മുതൽ സ്്തംഭിച്ചു. റോഡിന്റെ ഇരുവശത്തും താമസിക്കുന്നവരുടെ വീടുകളിൽ വെള്ളം കയറി. പലരും വീടുവിട്ട് ബന്ധുവീടുകളിലേക്ക് അഭയം തേടിയിരിക്കുകയാണ്.