കോഴഞ്ചേരി: കഴിഞ്ഞ രണ്ടാഴ്ചയ്ക്കുളളില്‍ ഉണ്ടായ കാറ്റിലും മഴയിലും മരങ്ങള്‍ വീണ് വ്യാപകമായ നഷ്ടം ഉണ്ടായ പശ്ചാത്തലത്തിൽ കർശന നടപടികളുമായി കെഎസ്ഇബി അധികൃതർ. നിയമപ്രകാരമുള്ള നടപടികൾ കർശനമാക്കാനാണ് തീരുമാനം. മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കുംമേൽ പതിച്ച് ലക്ഷകണക്കിനു രൂപയുടെ നഷ്ടമാണ് ഈ ദിവസങ്ങളിൽ വൈദ്യുതി ബോർഡിനുണ്ടായത്.
ഇത്തരം ഒരു സാഹചര്യം ഒഴിവാക്കാൻ മരങ്ങൾ ഉപഭോക്താക്കൾ തന്നെ മുറിച്ചുമാറ്റാൻ അവസരം നൽകാനാണ് തീരുമാനം.കോഴഞ്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ മാത്രം 30 വൈദ്യുതി തൂണുകള്‍ ഒടിയുകയും നൂറോളം സ്ഥലങ്ങളില്‍ കമ്പി പൊട്ടി വീണ് അപകടങ്ങള്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.
ഇതുമൂലം വൈദ്യുതി ബോര്‍ഡിന് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടവും ഉപഭോക്താക്കള്‍ക്ക് ദിവസങ്ങളോളം വൈദ്യുതി മുടക്കവും ദുരിതങ്ങളും ഉണ്ടായി. വൈദ്യുതി ലൈനുകള്‍ക്ക് സമീപം സ്വകാര്യ ഭൂമിയില്‍ നില്ക്കുന്ന മരങ്ങള്‍ പിഴുത് വീഴുകയോ ഒടിഞ്ഞുവീഴുകയോ ചെയ്തതുമൂലമാണ് കൂടുതല്‍ വൈദ്യുതി തടസങ്ങള്‍ ഉണ്ടായത്.
സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അഥോറിറ്റി റെഗുലേഷന് 2010 അനുസരിച്ച് വൈദ്യുതി ലൈനുകള്‍ക്ക് സമീപം വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. അടുത്തയാഴ്ചയില്‍ മൂന്നു ദിവസങ്ങളിലായി കോഴഞ്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്റെ വിവിധ ഭാഗങ്ങളില്‍ 11 കെവി ഫീഡര്‍ അടിസ്ഥാനത്തില്‍ ട്രാന്‍സ്ഫോർമറുകളും ലൈനുകളും ഓഫ് ചെയ്യും.
ലൈനുകളുടെ സമീപം മരങ്ങള്‍ ഉള്ളവര്‍ ഓഫീസുമായി ബന്ധപ്പെടുകയും ലൈന്‍ കമ്പികളോ സർവീസ് വയറുകളോ അഴിച്ചുമാറ്റണമെങ്കില് അതിന് ആവശ്യമായ പണം മുന്‍കൂട്ടി ഓഫീസിലടച്ച്, പോസ്റ്റുകള്‍ക്ക് നാശനഷ്ടമുണ്ടാക്കാത്ത വിധത്തില്‍ മരങ്ങള്‍ മുറിച്ചുമാറ്റുകയോ ശിഖരങ്ങള്‍ മുറിച്ചുമാറ്റുകയോ കെട്ടിബലപ്പെടുത്തുകയോ ചെയ്യണമെന്നാണ് കെഎസ്ഇബി അധികൃതരുടെ നിർദേശം.
ഇതില്‍ വീഴ്ച വരുത്തുന്ന പക്ഷം വൈദ്യുതി ലൈനുകള്‍ക്കും അനുബന്ധ സാമഗ്രികള്‍ക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം ബന്ധപ്പെട്ട വസ്തു ഉടമയില്‍ നിന്നും ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കോഴഞ്ചേരി ഇലക്ട്രിക്കള്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു. ഫോണ്‍: 9446115335, 9446009413.