തിരുവനന്തപുരം: കേരള ചരിത്രത്തിലെ ഏറ്റവും വലിയ കാലവർഷ കെടുതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സർക്കാർ ഓണാഘോഷം റദ്ദാക്കുമെന്നും ഇതിനായി നീക്കിവച്ച തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളപ്പൊക്കത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്കായി അദാലത്ത് നടത്തും.
പ്രളയ കെടുതിയിലും ഉരുൾപൊട്ടലിലും 38 പേർ മരണമടയുകയും നാലു പേരെ കാണാതാകുകയും ചെയ്തെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഴക്കെടുതിയെക്കുറിച്ച് നടത്തിയ മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ വിവരിച്ചുകൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 8316 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
20000 വീടുകൾ പൂർണമായും തകർന്നു. പതിനായിരം കിലോ മീറ്റർ റോഡുകൾ തകർന്നിട്ടുണ്ട്. പാലങ്ങൾ തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കാർഷിക വിഭവങ്ങൾ വലിയ തോതിൽ നശിച്ചിട്ടുണ്ട്.
27 ഡാമുകൾ തുറന്ന് വിടേണ്ടി വന്നിട്ടുണ്ട്. 215 ഇടങ്ങളിൽ ഉരുൾ പൊട്ടൽ ഉണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ച് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ട്. ധാരാളം പേരുടെ വീടുകൾ തകരുകയും വെള്ളം കയറുകയും ചെയ്തിട്ടുണ്ട്.