ചെറുതോണി: ഏതു നിമിഷവും വലിയ പാറക്കഷണങ്ങൾ അടർന്ന് വീടിനു മുകളിൽ പതിച്ചേക്കാമെന്ന ഭീതിയിലാണ് മൈലാടുംപാറയിൽ പ്രേംകുമാറും കുടുംബവും. അടിമാലി – കുമളി ദേശീയ പാതയിൽ ചേലച്ചുവട് കട്ടിംഗ് ഭാഗത്താണ് പ്രേംകുമാറിന്റെ വീട്.ഏതാനും മാസങ്ങൾക്ക് മുമ്പ് ഭീമാകാരമായ പാറക്കഷണം അടർന്നുവീണ് ഇവരുടെ കൃഷി നശിച്ചിരുന്നു.
ഉരുണ്ടു വന്ന പാറക്കഷണം ദേശീയ പാതയിൽ പതിക്കുകയും ചെയ്തിരുന്നു. അന്ന് കെഎസ്ആർടിസി ബസ് അപകടത്തിൽനിന്ന് ഒഴിവായത് തലനാരിഴയ്ക്കാണ്. അന്നത്തെ പാറക്കഷണത്തിന്റെ ചില ഭാഗങ്ങൾ ഇപ്പോഴും അപകട നിലയിലാണ്. ഈ പാറക്കഷ്ണങ്ങളാണ് ഈ കുടുംബത്തിന്റെ ഉറക്കം കെടുത്തുന്നത്.
കാലവർഷം ശക്തമാകുന്നതോടെ പാറക്കഷണങ്ങളുടെ അടിയിലെ മണ്ണ് ഒലിച്ചുപോകാനും കല്ലുകൾ താഴേക്ക് പതിക്കാനും സാധ്യതയുണ്ടെന്നാണ് പ്രേംകുമാറും കുടുംബവും ആശങ്കപ്പെടുന്നത്. പാറക്കഷ്ണങ്ങൾ അടർന്നുവീണപ്പോൾ തന്നെ വിവരം അധികൃതരെ അറിയിച്ചിരുന്നു.
ഇതിനെത്തുടർന്ന് അപക ഭീഷണിയിലായിരുക്കുന്ന ഈ കുടുംബത്തെ മാറ്റിപ്പാർപ്പിക്കാനും പാറക്കഷണങ്ങൾ പൊട്ടിച്ച് മാറ്റാനും ജില്ലാ കളക്ടർ ഷീബാ ജോർജ് നിർദേശം നൽകിയിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് വീട്ടുകാർ പറയുന്നു.
കഴിഞ്ഞ 17ന് രാത്രി 12.30ന് ഏതാനും പാറക്കഷണങ്ങൾ അടർന്ന് വീടിന് സമീപത്തേക്ക് ഉരുണ്ടുവന്നിരുന്നു. ഇദ്ദേഹത്തിന്റെ കൃഷി ഭൂമിയിലെ റബർ മരത്തിലും കൊക്കോയിലുമൊക്കെയായി ഏതു നിമിഷവും താഴേക്ക് പതിക്കാവുന്ന രീതിയിൽ പാറക്കഷണങ്ങൾ തങ്ങിനിൽക്കുയാണ്. ഇനിയും പാറക്കൂട്ടങ്ങൾ ധാരാളം അടർന്നുവീഴാവുന്ന നിലയിലാണ്.
ഇത് റോഡിൽ പതിച്ചാലും വൻ ദുരന്തങ്ങൾക്ക് കാരണമായേക്കാമെന്നാണ് നാട്ടുകാരും പറയുന്നത്. അടിയന്തരമായി അധികൃതർ ഇടപെട്ട് അപകടഭീതിയിൽ കഴിയുന്ന കുടുംബത്തെ മാറ്റിപ്പാർപ്പിക്കുകയും ഇളകിയിരിക്കുന്ന പാറക്കഷണങ്ങൾ പൊട്ടിച്ചുമാറ്റുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.