കാഞ്ഞിരപ്പള്ളി: മഴയ്ക്കൊപ്പം താലൂക്കിൽ പകർച്ച വ്യാധികൾക്കും ശക്തി പ്രാപിച്ചു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി നിരവധി പേരാണ് ചികിത്സ തേടിയെത്തുന്നത്. കാലവർഷം കനത്തതോടെ ജാഗ്ര താ നിർദേശവുമായി ആരോഗ്യവകുപ്പും രംഗത്തെത്തിയിട്ടുണ്ട്. കാലാവസ്ഥയിലുള്ള വ്യതിയാനവും കൊതുകുകൾ പെറ്റു പെരുകിയതുമാണ് രോഗങ്ങൾ പടർന്ന് പിടിക്കാൻ കാരണം.
മേഖലയിൽ ഡെങ്കിപ്പനി, വൈറൽ പനി, മഞ്ഞപ്പിത്തം എന്നിവയാണ് പടരുന്നത്. നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. എന്നാൽ, നാലു പേരിൽ മാത്രമാണ് മഞ്ഞപ്പിത്ത ബാധയെന്ന് ആരോഗ്യവകുപ്പ് പറയുന്നത്. ജനറൽ ആശുപത്രിയിൽ രണ്ടു ദിവസങ്ങളിലായി 100ലേറെ പേരാണ് വൈറൽ പനി ബാധിച്ച് ചികിത്സ തേടിയെത്തിയിരിക്കുന്നത്. ചികിത്സ തേടിയെത്തിയവരിൽ മൂന്നു പേരിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ച് ചികിത്സയിലാണ്.
സ്വകാര്യ ആശുപത്രികളിലെ സ്ഥിതിയും വിഭിന്നമല്ല. ചികിത്സ തേടിയെത്തുന്നവരിൽ പകുതിയിലേറെ പേരും വൈറൽ പനി ബാധിതരാണെന്ന് സ്വകാര്യ ആശുപത്രി അധികൃതർ പറഞ്ഞു. ഒരു വീട്ടിൽ ഒരാൾക്ക് പനി വന്നാൽ മറ്റുള്ളവരിലേക്കും പടർന്നിരിക്കും. തലവേദന, ശരീര വേദന, ഛർദി, ആഹാരങ്ങളോടുള്ള വിരക്തി എന്നിവയാണ് രോഗ ലക്ഷണങ്ങളെന്നും ഈ ലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിത്സിക്കാതെ ആശുപത്രികളിൽ പോയി ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.