കൊട്ടാരക്കര: ജില്ലയിൽ കാലവർഷക്കെടുതി മൂലം മൂന്നര കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കുകൾ. എന്നാൽ ഇത് ഭാഗികമായ കണക്കാണെന്നും യഥാർഥ നഷ്ടം ഇതിന്റെ ഇരട്ടിയായിരിക്കുമെന്നും കർഷകരും കർഷക സംഘടനകളും ചൂണ്ടിക്കാണിക്കുന്നു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസാണ് കാർഷിക നഷ്ടത്തിന്റെ കണക്കുകൾ സമാഹരിച്ചിട്ടുള്ളത്. ഓരോ പ്രദേശങ്ങളിലെയും കൃഷി ഓഫീസുകൾ വഴി ശേഖരിച്ച കണക്കുകളാണിത്.
ഇതിൻ പ്രകാരം മുന്നൂറു ഹെക്ടറോളം സ്ഥലത്താണ് കൃഷി നാശം സംഭവിച്ചിട്ടുള്ളത്. ഇതിന്റെ നഷ്ടക്കണക്കാണ് മൂന്നരക്കോടി രൂപയായി വിലയിരുത്തിയിട്ടുള്ളത്.വിള ഇൻഷുറൻസ് എടുത്തിട്ടുളളവരുടെ കൃഷിനാശം മാത്രമാണ് ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുള്ളതെന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു. ഇൻഷുറൻസില്ലാത്ത കർഷകരുടെ കണക്കുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ലന്നാണ് കർഷകരുടെ വാദം.
വൻകിട കർഷകർമാത്രമാണ് ഇൻഷുറൻസിൽ താൽപര്യം പ്രകടിപ്പിക്കുക. നാമമാത്ര -ഇടത്തരം കർഷകർ ഇതിനു മുതിരാറില്ല. ഈ വിഭാഗമാണ് ജില്ലയിലെ ഭൂരിപക്ഷം കർഷകരും. ഇതു മൂലം ഇപ്പോൾ കൃഷി വകുപ്പ് തയാറാക്കിയിട്ടുള്ള നഷ്ടക്കണക്കുകൾ യാതാർഥ കണക്കുകളല്ലെന്നാണ് വാദം.
ഏറ്റവുമധികം കൃഷി നാശം സംഭവിച്ചത് വാഴക്കൃഷിക്കാണ്. കുലച്ചതും കുലക്കാത്തതുമായ ഒന്നര ലക്ഷം വാഴകൾ നശിച്ചതായാണ് പ്രഥമവിവര റിപ്പോർട്ട്. ഓണക്കാലത്തേക്കുള്ള കർഷകരുടെ വൻ പ്രതീക്ഷകളാണ് കാറ്റിലും മഴയിലും തകർന്നത്.വിള ഇൻഷുറൻസ് എടുത്തിട്ടുള്ള കർഷകർക്ക് കുലച്ച വാഴക്ക് 300 രുപ നഷ്ടപരിഹാരം ലഭിക്കും. കാലവർഷക്കെടുതിയിൽപ്പെടുത്തി വാഴ ഒന്നിന് 200 രൂപയും ലഭിക്കും. കുലക്കാത്ത വാഴയാണെങ്കിൽ ഇത് യഥാക്രമം 200 രുപയും 100 രൂപയുമായിരിക്കും.
നിലങ്ങളിലെയും കരപുരയിടങ്ങളിലെയും തെങ്ങ്, മരച്ചീനി, റബ്ബർ, പാവൽ ,പടവലം, ചോന, ചേമ്പ്, ഇഞ്ചി, കുരുമുളക്, വെറ്റില ക്കൊടി തുടങ്ങിയവയും വൻതോതിൽ നശിച്ചിട്ടുണ്ട്. കൊട്ടാരക്കര, പുനലൂർ, കുന്നത്തൂർ, പത്തനാപുരം താലൂക്കുകളിലാണ് കാർഷിക നഷ്ടം വലിയ തോതിൽ കർഷകരുടെ നട്ടെല്ലൊട്ടിച്ചിട്ടുള്ളത്. കർഷകരുടെ ഓണ സ്വപ്നങ്ങളാണ് കാറ്റിലും മഴയിലും തകർന്നിട്ടിഞ്ഞത്.
കൃഷി നഷ്ടം സംഭവിച്ച കർഷകരിപ്പോൾ കൃഷി ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കയറിയിറങ്ങുകയാണ്. വിള പരിരക്ഷയില്ലാത്ത കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കുമോ എന്ന ആശങ്കയുണ്ട്. വിള ഇൻഷുറൻസ് ഇല്ലാത്ത കർഷകർക്കും നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന ധനകാര്യ മന്ത്രിയുടെ പ്രസ്താവനയിൽ പ്രതീക്ഷയർപ്പിക്കുകയാണ് കർഷകരിപ്പോൾ.
പരിശോധനകൾ പൂർത്തിയാക്കി ഓണത്തിനു മുൻപ് നഷ്ടപരിഹാരം ലഭിക്കാൻ പ്രാർത്ഥനയിലാണ് ഇവരിലധികവും.ഇൻഷുറൻസ് പരിരക്ഷയില്ലാത്തവരുടെ കണക്കുകൾ കൂട്ടി ശേഖരിച്ചു വരികയാണ് കൃഷിവകുപ്പെന്ന് അധികൃതരും വ്യക്തമാക്കുന്നു.