കോട്ടയം: കാലവര്‍ഷം കനത്ത സാഹചര്യത്തില്‍ അരുവികളിലും വെള്ളച്ചാട്ടങ്ങളിലും തോടുകളിലും പുഴകളിലും മിന്നല്‍ പ്രളയത്തിന് സാധ്യതയേറെയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം പൂനയിലെ ലോനാവാല വെള്ളച്ചാട്ടത്തില്‍ അഞ്ചു വിനോദസഞ്ചാരികള്‍ ദാരുണമായി ഒഴുക്കില്‍പ്പെട്ടു മരിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം.
ജില്ലയില്‍ മാര്‍മല, അരുവിക്കുഴി, അരുവിക്കച്ചാല്‍, മേലരുവി, പാമ്പനാർ തുടങ്ങി നിരവധി അരുവികളുണ്ട്. പീരുമേട് വളഞ്ഞാങ്ങാനത്തും വെള്ളച്ചാട്ടമുണ്ട്. മലമുകളില്‍ ഉരുള്‍പൊട്ടുകയോ ശക്തമായ മഴ പെയ്യുകയോ ചെയ്താല്‍ വെള്ളച്ചാട്ടത്തില്‍ നില്ക്കുന്നവര് അറിയണമെന്നില്ല.
മിന്നല്‍ പ്രളയത്തില്‍ പലപ്പോഴായി തീക്കോയി മാര്‍മല അരുവിയില്‍ ഏഴു പേര് മുങ്ങി മരിച്ചിട്ടുണ്ട്. വെള്ളച്ചാട്ടങ്ങളോടു ചേര്‍ന്ന് റോഡിലൂടെയുള്ള നടപ്പും വാഹനയാത്രയും സുരക്ഷിതമായിരിക്കണം.നോക്കിനില്‍ക്കെ കല്ലും മണ്ണും തടിയും ഉള്‍പ്പെടെ ചെളിവെള്ളം പാഞ്ഞുവരുമ്പോള്‍ രക്ഷപ്പെടുക ദുഷ്കരമാണ്.
കഠിന തണുപ്പുള്ള ഉരുള്‍വെള്ളത്തില്‍ ശരീരം മരവിച്ചു പോകാനുമിടയുണ്ട്. പുഴകളിലും തോടുകളിലും തീരങ്ങളില്‍നിന്നു മാത്രം കുളിക്കുകയും വസ്ത്രം കഴുകയും ചെയ്യുക, നീന്തലും മീന്‍പിടിത്തവും ഒഴിവാക്കുക, തൂക്കുപാലങ്ങളിലും തടിപ്പാലങ്ങളിലും നില്ക്കുന്നതും സുരക്ഷിതമല്ല. മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസത്തിലും മിന്നല്‍പ്രളയത്തിന് സാധ്യതയുണ്ട്.