ഏറിയാല്‍ പത്തോ പന്ത്രണ്ടോ വര്‍ഷം. അതിനപ്പുറം ലോകത്തെ കാത്തിരിക്കുന്നത് വന്‍ കാലാവസ്ഥാ ദുരന്തങ്ങള്‍. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ഇന്റര്‍ ഗവണ്മെന്റല് പാനലിന്റെ പ്രത്യേക റിപ്പോര്ട്ടാ ണ് ഈ മുന്നറിയിപ്പു നല്‍കുന്നത്. അന്തരീക്ഷ താപനില 2030 ഓടെ വ്യാവസായിക വിപ്ലവ കാലഘട്ടത്തിനു മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഒന്നര ഡിഗ്രി സെല്‍ഷ്യസ് കൂടും.
ഇതോടെ അതിതീവ്രമായ വര ള്‍ച്ച, പേമാരി, ചുഴലിക്കാറ്റുകള്‍, ജൈവവൈവിധ്യ വിനാശം, മിന്നല്‍ പ്രളയം, സമുദ്ര നിരപ്പ് ഉയരല്‍, ജലദൗര്‍ലഭ്യം, താപതരംഗങ്ങള്‍ തുടങ്ങിയ കാലാവസ്ഥാ ദുരന്തങ്ങളെ ലോകം നേരിടേണ്ടിവരും. ആഗോള താപനിലയിലെ വര്‍ധനവ് അടുത്ത പതിറ്റാണ്ടോടെ രണ്ട് ഡിഗ്രി സെല്‍ഷ്യസായും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒന്നര ഡിഗ്രി സെല്‍ഷ്യസായും പരിമിതപ്പെടുത്തണമെന്നായിരുന്നു പാരീസ് കാലാവസ്ഥാ ഉടമ്പടിയിലെ പ്രധാന ലക്ഷ്യം.
അന്തരീക്ഷ താപനില ഒന്നര ഡിഗ്രിസെല്‍ഷ്യസ് കൂടിയായാല്‍ വിവിധ മേഖലകളിലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വിലയിരുത്താന്‍ 2018-ല്‍ ഒരു പ്രത്യേക റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് പാരീസ് കാലാവസ്ഥാ സമ്മേളനം, കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഇന്റര്‍ ഗവണ്മെന്റല് പാനലിലോട് (ഐപിസിസി) ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഐപിസിസിയുടെ പ്രത്യേക റിപ്പോര്‍ട്ട് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ ചേര്‍ന്ന 48-ാമത് ഐപിസിസി സമ്മേളനത്തില്‍ പ്രസിദ്ധീകരിച്ചത്.
അന്തരീക്ഷ താപനിലയിലെ വര്‍ധനവ് രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ പിടിച്ചു നിര്‍ത്തണം. കഴിയുമെങ്കില്‍ അത് ഒന്നര ഡിഗ്രി സെല്‍ഷ്യസായി കുറയ്ക്കണം- ഇതായിരുന്നു പാരീസ് കാലാവസ്ഥ ഉടമ്പടിയിലെ പ്രധാന വ്യവസ്ഥ. എന്നാല്‍ അന്തരീക്ഷ താപനിലയിലെ വര്‍ധനവ് ഒന്നര ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കുന്നതു തന്നെ അത്യന്തം അപകടകരമാണെന്ന് ഐപിസിസിയുടെ പ്രത്യേക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഐപിസിസി 2014-ല്‍ അഞ്ചാമത് അവസ്ഥ നിര്‍ണയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ വിലയിരുത്തിയതിനേക്കാളും ആപത്കരമാണ് ഒന്നര ഡിഗ്രി സെല്‍ഷ്യസ് താപവര്ധനവു കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളെന്ന് പ്രത്യേക റിപ്പോര്‍ട്ട് വിശദമാക്കുന്നു.
ആഗോള താപവര്‍ധനവ് ഒന്നര ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തണം. ഇല്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക മേഖലയിലും ഭക്ഷ്യസുരക്ഷയിലുമടക്കം ജീവിത്തിന്റെ സമസ്തമേഖലകളിലും വന്‍തകര്‍ച്ച സൃഷ്ടിക്കും. ഇത് കഠിനമായ ലക്ഷ്യമാണെങ്കിലും പ്രായോഗികമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ നടപടിയെടുക്കാന്‍ പത്തോ പന്ത്രണ്ടോ വര്‍ഷത്തെ പരിമിതമായ കാലയളവ് മാത്രമേ മനുഷ്യരാശിക്കു മുന്നിലുള്ളു.
വ്യാവസായിക വിപ്ലവ കാലഘട്ടത്തിനു മുമ്പുള്ളതിനേക്കാള്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവ് ഇപ്പോള്‍ തന്നെ അന്തരീക്ഷ താപനിലയിലുണ്ടായിട്ടുണ്ട്. ഇതു തന്നെ അത്യന്തം അപകടകരമാണ്. ആര്ക്ടിക്പോലുള്ള ചിലപ്രദേശങ്ങളില്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടു കൂടിയിട്ടുണ്ട്. 2010 നുശേഷം മാത്രം അന്തരീക്ഷതാപനിലയില്‍ അരഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.
അന്തരീക്ഷ താപനിലയിലെ വര്‍ധനവ് ഒന്നര ഡിഗ്രി സെല്‍ഷ്യസില്‍ പിടിച്ചു നിര്‍ത്തിയാല്‍ പ്രത്യാഘാതം വലിയൊരളവില്‍ കുറയ്ക്കാം. ഒന്നര ഡിഗ്രിസെല്‍ഷ്യസില്‍ നിന്നും രണ്ട് ഡിഗ്രി സെല്‍ഷ്യസിലേക്കുള്ള വര്‍ധനവ് കാലാവസ്ഥയില്‍ തിരുത്താനാവാത്ത മാറ്റങ്ങളുണ്ടാക്കും.
ഒന്നര ഡിഗ്രി സെല്‍ഷ്യസില്‍ പരിമിതപ്പെടുത്തിയാല്‍ കുറേക്കൂടി സുരക്ഷിതമായ ഒരു ഭൂമിയെ ഭാവിതലമുറയ്ക്കുനല്കാം. ലോകരാജ്യങ്ങളുടെ ലക്ഷ്യങ്ങളുമായിച്ചേര്ത്ത് കാലാവസ്ഥാവ്യതിയാനം തടഞ്ഞു നിര്‍ത്താന്‍ പദ്ധതിയിടാനാണ് പാരീസ് കാലാവസ്ഥ ഉടമ്പടി ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹരിതഗൃഹവാതക ബഹിര്‍ഗമനത്തിന്റെ അളവു കുറയ്ക്കും.
രാജ്യങ്ങള്‍ സ്വമേധയാ ഹരിതഗൃഹ വാതക ബഹിര്‍ഗമനം കുറച്ചാല്‍ തന്നെ അന്തരീക്ഷതാപനിലയില്‍ കുറഞ്ഞത് മൂന്നു ഡിഗ്രി സെല്‍ഷ്യസിന്റെയെങ്കിലും വര്‍ധനവുണ്ടാകും. കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിച്ചാലേ താപനിലയിലെ വര്‍ധനവ് ഒന്നര ഡിഗ്രിയെങ്കിലുമായി പരിമിതപ്പെടുത്താന്‍ സാധിക്കൂ. ഇതിന് ജീവിത ശൈലികള്‍ മാറ്റുന്നതുള്‍പ്പെടെ എല്ലാ മേഖലകളിലും വിപ്ലവകരമായ മാറ്റങ്ങള്‍ വേണ്ടി വരുമെന്ന് ഐപിസിസിയുടെ പ്രത്യേക റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നു.
മഹാപ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും പേമാരിയുടെയും ദുരിതങ്ങളില്‍ നിന്നു കരകയറിയിട്ടില്ലാത്ത കേരളം ഭാവിയില്‍ ഇത്തരം പ്രകൃതിക്ഷോഭങ്ങളെ അടിക്കടി നേരിടേണ്ടിവരുമെന്നാണ് ഐപിസിസിയുടെ പ്രത്യേക റിപ്പോര്‍ട്ട് നല്കുന്ന സൂചന. കൊടും പ്രകൃതിക്ഷോഭങ്ങളുടെ ഇടവേള അഞ്ചോ പത്തോ വര്‍ഷമായി ചുരുങ്ങും. വരള്‍ച്ചയും പ്രളയവും ചുഴലിക്കാറ്റും താപതരംഗങ്ങളും വിളനാശവുമെല്ലാം സ്ഥിരം പ്രതിഭാസങ്ങളായി മാറും.
ചുഴലിക്കാറ്റുകള്‍ വിരളമായിരുന്ന അറബിക്കടലില്‍ ചുഴലിക്കാറ്റുകളുടെ എണ്ണം കൂടുമെന്നതാണ് ഒരു പ്രധാന പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റുകളുടെ എണ്ണം കുറയുകയും അറബിക്കടലില്‍ കൂടുകയും ചെയ്യുമെന്ന് കാലാവസ്ഥാ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ഫലമായി അറബിക്കടലില്‍ ചുഴലിക്കാറ്റുകളുടെ എണ്ണം 64 ശതമാനം കണ്ട് കൂടിയേക്കാമെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു.
2015 ലായിരുന്ന ആദ്യമായി ബംഗാള്‍ ഉള്‍ക്കടലിലേതിനേക്കാള്‍ കൂടുതല്‍ ചുഴലിക്കാറ്റുകള്‍ അറബിക്കടലില്‍ രൂപം കൊണ്ടത്. 2017 ലെ ഓഖിക്കു പിന്നാലെ ഈ വര്‍ഷം രൂപം കൊണ്ട ലുബാന് ചുഴലിക്കാറ്റ് കേരളതീരത്ത് നശം വിതയ്ക്കാതെ കടന്നുപോയത് ഭാഗ്യം കൊണ്ടു മാത്രമായിരുന്നു. മുംബൈ ഉള്‍പ്പെടെയുള്ള പശ്ചിമതീരത്തെ ജനഅധിവാസ കേന്ദ്രങ്ങള്‍ ഭാവിയില്‍ ചുഴലിക്കാറ്റുകളുടെ വന്‍ഭീഷണി നേരിടേണ്ടി വന്നേക്കാമെന്ന് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗ്ലോബല്‍ സെന്ററിലെ ആദം സോബല്‍ എന്ന ശസ്ത്രജ്ഞന്‍ പറയുന്നു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനും ചുറ്റുമുള്ള സമുദ്രങ്ങള്‍ക്കും മുകളില്‍ തങ്ങിനില്ക്കുന്ന അതിസൂക്ഷ്മ പൊടിശകലങ്ങള്‍ ഈ ചുഴലിക്കാറ്റുകളെ കൂടുതല്‍ അപകടകാരികളാക്കും. ഒരു ഡിഗ്രി സെല്‍ഷ്യസ് ചൂടുകൂടിയ ഇപ്പോഴത്തെ കാലാവസ്ഥയില്‍ ചുഴലിക്കാറ്റുകളുടെ എണ്ണം മൂന്നു -നാലിരട്ടിയായി കൂടും. രണ്ടു ഡിഗ്രി സെല്‍ഷ്യസ് ചൂടു കൂടിയാല്‍ വിനാശകരമായ ചുഴലിക്കാറ്റുകളുടെ എണ്ണം 10 ഇരട്ടിയായി വര്‍ധിക്കും.
ആഗോള താപനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നത് ചുഴലിക്കാറ്റുകളില്‍ നിന്നുമുള്ള അപകട സാധ്യത കൂട്ടുന്നു. കുത്തനെ ഉയരുന്ന രാക്ഷസത്തിരകള്‍ താഴ്ന്ന പ്രദേശങ്ങളെ പ്രളയത്തിലാഴ്ത്തും. കാലാവസ്ഥാ വ്യതിയാനം കാരണം അറബിക്കടലില്‍ ചുഴലിക്കാറ്റുകളുടെ എണ്ണം കൂടാനുള്ള സാധ്യത ഭാവിയില്‍ കേരളത്തെ നിതാന്ത ഭീഷണിയിലാക്കും. ചൂടുകൂടിയ കാലാവസ്ഥയില്‍ ചുഴലിക്കാറ്റുകള്‍ക്ക് അകമ്പടിയായെത്തുന്ന പേമാരിക്കുള്ള സാധ്യത 20 ശതമാനം കൂടുമെന്നതില്‍ തീരപ്രദേശങ്ങള്‍ക്കൊപ്പം മറ്റു പ്രദേശങ്ങളും പ്രളയത്തിലമരും.
ഒന്നര ഡിഗ്രി സെല്‍ഷ്യസ് ചൂടു കൂടിയ കാലാവസ്ഥയില്‍ കടുത്ത വരള്‍ച്ചയ്ക്കും താപതരംഗങ്ങള്ക്കും വഴിതെളിക്കുന്ന ‘എല്‍നിനോ’ പ്രതിഭാസം 20 വര്‍ഷത്തില്‍ ഒരിക്കല്‍ എന്നതുമാറി 10 വര്‍ഷത്തില്‍ ഒരിക്കല്‍ എന്നായി മാറുമെന്നാണ് റിപ്പോര് ട്ടിലെ മറ്റൊരു പ്രവചനം. വിളകള്‍ താപസമ്മര്ദ്ദത്തിലാകുന്നതോടെ ഉത്പാദനം വന്‍തോതില്‍ കുറയും. നഗരങ്ങളില്‍ ഉള്‍പ്പെടെ അത്യുഷ്ണം അനുഭവപ്പെടുന്ന താപത്തുരുത്തുകളുടെ എണ്ണം കൂടും. കുടിവെള്ളത്തിന് രൂക്ഷമായ ക്ഷാമം അനുഭവപ്പെടും.
കൃഷിയില്‍ ജലസേചനത്തിന് വെള്ളം കിട്ടാതെയാകും. മണ്സൂ ണ് ദുര്‍ബലപ്പെടും. അതിവര്‍ഷത്തിനും മിന്നല്‍ പ്രളയങ്ങള്ക്കുമുള്ള സാധ്യത കൂടും. മക്കച്ചോളം, നെല്ല്, ഗോതമ്പ് എന്നീ ധാന്യങ്ങളുടെ ഉത്പാദനം കുത്തനെ ഇടിയും. രണ്ടു ഡിഗ്രി സെല്‍ഷ്യ സില് കൂടുതലുള്ള താപവര്‍ധനവില്‍ മക്കച്ചോളത്തിന്റെ ഉത്പാദനം 20 ശതമാനത്തിലധികം ഇടിയും. നിരന്തരമുള്ള താപസമ്മര്ദ്ദത്തില് കന്നുകാലികളില്‍ നിന്നുമുള്ള ഉത്പാദനം കുറയും. കന്നുകാലിവളര്‍ത്തലിന് അനുയോജ്യമായ ഭൂപ്രദേശങ്ങളുടെ വിസ്തൃ തി കുറയും. ഒന്നര ഡിഗ്രിയില്‍ കൂടുതല്‍ ചൂടുകൂടുന്ന കാലാവസ്ഥയില്‍ അത്യുഷ്ണം അനുഭപ്പെടുന്ന ദിവസങ്ങളുടെ എണ്ണം കൂടും.
പ്രാദേശികമായി തന്നെ ഭക്ഷ്യോത്പാദനത്തില്‍ ഇടിവുണ്ടാകും. കീടബാധ കൂടും. ഉത്പാദനം കുറയുമെന്നുമാത്രമല്ല ഭക്ഷ്യോത്പന്നങ്ങളുടെ പോഷക ഘടനയിലും ഗുണമേന്മയിലും തന്നെ ദോഷകരമായ മാറ്റങ്ങളുണ്ടാകും. ഭക്ഷ്യസുരക്ഷ മാത്രമല്ല, പോഷക സുരക്ഷയും അപകടത്തിലാകും.
മണ്ണിന്റെ ഘടനയിലും മാറ്റങ്ങളുണ്ടാകും. വരള്‍ച്ചക്കു പുറമെ അതിശക്തമായ പേമാരിയുണ്ടാകും. ഒന്നരഡിഗ്രി സെല്‍ഷ്യസിലധികം ചൂടു കൂടുന്നതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ നേരിടേണ്ടിവരിക ഇന്ത്യയും ദക്ഷിണഷ്യയിലെ മറ്റു രാജ്യങ്ങളും ആഫ്രിക്കന്‍ രാജ്യങ്ങളുമാകും. ഈ രാജ്യങ്ങളിലെ ജിഡിപിയില്‍ വന്‍ ഇടിവുണ്ടാകും. വലിയൊരു വിഭാഗം ജനങ്ങള്‍ കാലാവസ്ഥാ അഭയാര്‍ഥികളായി മാറും. ഇന്ത്യയിലും പാക്കിസ്ഥാനിലും പൊടിക്കാറ്റിന്റെ ശല്യം രൂക്ഷമാകും.
ഒന്നരഡിഗ്രി സെല്‍ഷ്യസ് ചൂടു കൂടിയാല്‍ സമുദ്രങ്ങളിലെ പവിഴപ്പുറ്റുകളുടെ 79-90 ശതമാനവും നശിക്കും. രണ്ട് ഡിഗ്രി സെല്‍ഷ്യസ് കടന്നാല്‍ പവിഴപ്പുറ്റുകളുടെ 99 ശതമാനവും പോയിക്കഴിഞ്ഞിരിക്കും. പവിഴപ്പുറ്റുകളുടെ വിനാശവും കാര്‍ബണ്‍ ഡയോക്സൈഡ് ലയിച്ചുണ്ടാകുന്ന സമുദ്രത്തിന്റെ അമ്ലവത്കരണവും കാരണം മത്സ്യസമ്പത്തില്‍ വന്‍ ഇടിവുണ്ടാകും. ചൂടുകുറഞ്ഞ ഇടങ്ങളിലേക്ക് മത്സ്യങ്ങള്‍ പലായനം ചെയ്യുന്നതിനാല്‍ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മത്സ്യസമ്പത്ത് കുറയും.
കാര്‍ഷിക വിളകള്‍ കൃഷിചെയ്യാന്‍ അനുയോജ്യമായ മേഖലകളിലും മാറ്റമുണ്ടാകും. ഒന്നര ഡിഗ്രിയിലേറെ ചൂട് കൂടുന്നത് കേരളത്തിന്റെ തോട്ടവിള മേഖലയിലും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. കേരളത്തിലെ ഹൈറേഞ്ചുകളില്‍ ഇപ്പോള്‍ തന്നെ ഒന്നര ഡിഗ്രി സെല്‍ഷ്യസിനടുത്ത് താപവര്ധനവുണ്ടായിട്ടുണ്ട്. ഏലം, കാപ്പി, കുരുമുളക്, തേയില, കൊക്കോ തുടങ്ങിയ തോട്ടവിളകള്‍ കാലാവസ്ഥാ വ്യതിയാനത്തോട് അതിവേഗം പ്രതികരിക്കുമെന്നതിനാല്‍ ഭാവിയില്‍ ഇവയുടെ കൃഷിയില്‍ അതീവ ശ്രദ്ധ വേണ്ടിവരും.
ആഗോള താപനിലയിലെ വര്‍ധനവ് 105 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി പരിമിതപ്പെടുത്തുന്നതെങ്കില്‍ അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉത്സര്‍ജനം 2030-ഓടെ 2010 ലെ അളവില്‍ നിന്നും 45 ശതമാനമായും 2050 ഓടെ പൂജ്യമായും കുറയ്ക്കണം. രണ്ട് ഡിഗ്രി സെല്‍ഷ്യസ് താപവര്‍ധനയില്‍ ഒതുക്കാനാണ് ലക്ഷ്യമിടുന്നതെങ്കില്‍ 2030 ഓടെ കാര്‍ബണ്‍ ഡയോക്സൈഡ് ബഹിര്‍ഗമനം 20 ശതമാനം കണ്ട് കുറച്ച് 2075 ഓടെ പൂജ്യത്തിലെത്തിക്കണം. ഇതിന് കല്‍ക്കരി ഉപയോഗം 2050 ഓടെ 73-97 ശതമാനം കുറയ്ക്കണം.
ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം 2010 ലെ അളവില്‍ നിന്നും 2050 ഓടെ 32-87 ശതമാനം കുറയ്ക്കണം. പെട്രോളും ഡീസലും കല്‍ക്കരിയും ഒഴിവാക്കിയുള്ള ശുദ്ധമായ ബദല്‍ ഊര്‍ജസ്രോതസുകള്‍ അതിവേഗം വികസിപ്പിച്ചെടുക്കേണ്ടിവരും. അന്തരീക്ഷത്തില്‍ നിന്നും കാര്‍ബണ്‍ ഡൈ ഓക്സൈഡ് നേരിട്ടു വലിച്ചെടുത്ത് സംഭരിക്കുന്ന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെ, അതിവേഗം കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് അന്തരീക്ഷത്തിലും സമുദ്രത്തിലും കുറക്കാനുള്ള സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുത്ത് പ്രയോഗത്തിലാക്കേണ്ടിവരും.
കാര്‍ഷിക മേഖലയില്‍ ഹരിതവിപ്ലവകാലഘട്ടത്തിലെന്നതുപോലെ അതിവേഗം വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരണം. എല്ലാ പ്രധാന കാര്‍ഷിക വിളകളുടെയും ഉത്പാദനം കുത്തനെ ഇടിയുമെന്നതിനാല്‍ കാലാവസ്ഥാ വ്യതിയാനത്തോട് പൊരുതാന്‍ ശേഷിയുള്ള വിത്തിനങ്ങള്‍ പെട്ടെന്നു തന്നെ വികസിപ്പിച്ചെടുത്ത് കൃഷി ചെയ്യണം. മണ്ണിളക്കാതെയുള്ള സുസ്ഥിര കൃഷി രീതികള്‍ വ്യാപകമാക്കണം. കാലാവസ്ഥ കൂടി കണക്കിലെടുത്ത് വിതയ്ക്കുന്നതിനും നടുന്നതിനുമുള്ള സമയങ്ങളില്‍ മാറ്റം വരുത്തണം. സമ്മിശ്രവിളകളും മൃഗങ്ങളും കൂടിച്ചേര്‍ന്നുള്ള സമ്മിശ്ര കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കണം.
വനവത്കരണത്തോടൊപ്പം കൃഷി ഭൂമികളില്‍ കാര്‍ഷിക വനവത്കരണവും നടപ്പാക്കണം. താപനിലയില്‍ ഒന്നര ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവുണ്ടായാല്‍ ഇപ്പോള്‍ ജലസേചനം നടത്തിക്കൊണ്ടിരിക്കുന്ന 60 ദശലക്ഷം ഹെക്റ്ററോളം കൃഷിഭൂമിയില്‍ വെള്ളം കിട്ടാതെയാകും. ഈ പ്രദേശങ്ങള്‍ മഴയെ ആശ്രയിച്ചു കൃഷിചെയ്യേണ്ടിവരും. മഴയെ ആശ്രയിച്ചു കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍ ദീര്‍ഘകാലത്തേക്കുള്ള വരള്‍ച്ചയും പെട്ടെന്നുള്ള പേമാരിയും മിന്നല്‍ പ്രളയവും കൃഷിയെ പ്രതിസന്ധിയിലാക്കും.
എല്ലാ പ്രദേശങ്ങളിലും ജലസേചനത്തിന്റെ കാര്യക്ഷമത കൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കണം. ഭക്ഷ്യവസ്തുക്കളും കാര്‍ഷികോത്പന്നങ്ങളും പാഴാക്കുന്നത് ഒഴിവാക്കണം. ഭക്ഷണശീലങ്ങളില്‍ കാര്യമായ മാറ്റം വരുത്തണം. അമിതമായ മാംസോപഭോഗം ഒഴിവാക്കുക. പോഷകാവശ്യങ്ങള്‍ക്ക് വേണ്ട അളവില്‍ മാത്രം മാംസം ഭക്ഷിക്കുക. ആഗോള ഹരിതഗൃഹവാതക വിസര്‍ജനത്തിന്റെ 14.5 ശതമാനം മൃഗസംരക്ഷണ മേഖലയില്‍ നിന്നായതിനാല്‍ മൃഗപരിപാലന മേഖലയില്‍ സമഗ്രമായ മാറ്റം കൊണ്ടുവരണമെന്ന് ഐപിസിസി പ്രത്യേക റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ ഡൈ ഓക്സൈഡും മറ്റ് ഹരിത ഗൃഹവാതകങ്ങളും വന്‍തോതില്‍ വിസര്‍ജിക്കപ്പെടുന്നതാണ് ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും പ്രധാന കാരണം. വ്യാവസായിക വിപ്ലവ കാലഘട്ടത്തിന് മുമ്പ് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈ ഡിന്റെ അളവ് 280 പിപിഎം ആയിരുന്നു. 1958 ല്‍ ഇത് 313 പിപിഎം ആയി ഉയര്‍ന്നു. ഈ വര്‍ഷം ഇത് 410 പിപിഎം ആയി നില്ക്കുന്നു.
പ്രതിവര്‍ഷം രണ്ട് പിപിഎം എന്ന നിരക്കിലാണ് ഇപ്പോള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് സാന്ദ്രത വര്‍ധിക്കുന്നത്. അന്തരീക്ഷത്തിലെ കാര്‍ ബണ്‍ ഡൈ ഓക്സൈഡ് സാന്ദ്രത 350 പിപിഎമ്മില്‍ കൂടുന്നത് അപകടകരമാണ്. അന്ത രീക്ഷ താപനിലയിലെ വര്‍ധനവ് ഒന്നര ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തണമെങ്കില്‍ ഇത് 425 പിപിഎം കടക്കാന്‍ പാടില്ല. അടുത്ത എട്ടോ പത്തോ വര്‍ഷത്തിനുള്ളില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ സമസ്ത മേഖലകളിലും വന്‍ കാലാവസ്ഥാ ദുരന്തങ്ങള്‍ തന്നെ അഭിമുഖികരിക്കേണ്ടി വരും.
ഡോ. ജോസ് ജോസഫ്
പ്രഫസര്‍ ആന്‍ഡ് ഹെഡ് വിജ്ഞാനവ്യാപന വിഭാഗം, കാര്‍ഷിക കോളജ്, വെള്ളാനിക്കര
ഫോണ്‍: 93871 00119