കൊല്ലം: കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് കടലിൽ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാതായതോടെ തീരദേശം വറുതിയിൽ. നീണ്ടകര, ശക്തികുളങ്ങര, വാടി എന്നിവിടങ്ങളിൽ നിന്ന് ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും കടലിൽ മീൻപിടിക്കാൻ കഴിഞ്ഞ ഒരാഴ്ചയായി പോകുന്നില്ല.ഇതുകാരണം വള്ളങ്ങളും ബോട്ടുകളും തീരത്ത് അടുപ്പിച്ചിട്ടിരിക്കയാണ്. ശക്തമായ കാറ്റും മഴയും മൂന്നുദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. അങ്ങനെയെങ്കിൽ തീരദേശത്ത് മത്സ്യബന്ധനം മാത്രം ഉപജീവനമാക്കിയവരുടെ ജീവിതം ദുരിതപൂർണമാകും.
അതേസമയം മുന്നറിയിപ്പുണ്ടെങ്കിലും ചിലരൊക്കെ അന്നന്നത്തെ അഷ്ടിക്ക് വകതേടി കടലിൽ പോകുന്നുണ്ട്. ഇവർക്ക് കാര്യമായ മത്സ്യം ലഭിക്കുന്നുമില്ല. മത്സ്യസന്പത്ത് കഴിഞ്ഞ ഏതാനും മാസമായി കുറഞ്ഞ് വരുന്നതായാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.പരന്പരാഗത മത്സ്യബന്ധന മേഖലയിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. താന്നി, ഇരവിപുരം, പരവൂർ മുക്കം, പൊഴിക്കര, ചില്ലക്കൽ ഭാഗങ്ങളിൽ അഞ്ഞൂറിലധികം പരന്പരാഗത തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നുണ്ട്.
ഫൈബർ മരത്തിലാണ് ഇവർ മത്സ്യബന്ധനം നടത്തുന്നത്. ഇവരിൽ നല്ലൊരു പങ്കും കഴിഞ്ഞ രണ്ടാഴ്ചയായി മത്സ്യബന്ധനത്തിന് പോകുന്നില്ല. കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണിത്.അതേസമയം മുക്കത്തുനിന്നും ചില്ലയ്ക്കലിൽ നിന്നും ഏതാനും പേർ ഇന്നലെ കടലിൽ പോയി. ഇവർക്ക് കാര്യമായി ഒന്നും ലഭിച്ചതുമില്ല. രാത്രി ഉൾക്കടലിൽ കനത്ത കാറ്റായിരുന്നുവെന്ന് മടങ്ങിയെത്തിയ തൊഴിലാളികൾ പറഞ്ഞു. പലരുടെയും വള്ളങ്ങൾക്കും വലയ്ക്കും കേടുപാടുകൾ സംഭവിച്ചു.
ഇവരിൽ നല്ലൊരുപങ്കും ചെറിയ ദൂരം മാത്രം പിന്നിട്ടാണ് മത്സ്യബന്ധനം നടത്തുന്നത്. പുലർച്ചെ നാലോടെയാണ് ഇവർ കടലിൽ പോകുന്നത്. മൂന്നു മണിക്കൂർ കഴിയുന്പോൾ തിരികെയെത്തും. ഫ്രഷ് മീൻ ലഭിക്കുമെന്നതിൽ ഇവർ കൊണ്ടുവരുന്ന മത്സ്യം വാങ്ങാൻ ദിവസവും നൂറുകണക്കിന് ആൾക്കാരാണ് മുക്കത്തും ചില്ലയ്ക്കലും പോകുന്നത്. ഈ മേഖലയിലെ തൊഴിലാളികൾ വെള്ളിയാഴ്ചകളിൽ മത്സ്യബന്ധനത്തിന് പോകാറില്ല.
തൊഴിലാളികൾ കാര്യമായി മീൻ പിടിക്കാൻ പോകുന്നില്ലെങ്കിലും മത്സ്യം വാങ്ങാൻ രാവിലെ എത്തുന്നവരുടെ എണ്ണത്തിൽ കുറവൊന്നുമില്ല. അയില, ചാള, നെത്തോലി, കാരൽ തുടങ്ങിയവായിരുന്നു ഏതാനും ആഴ്ചകൾക്ക് മുന്പ് ഈ മേഖലയിൽ ലഭ്യമായിരുന്നത്.പക്ഷേ മത്സ്യബന്ധനത്തിന് ആരും പോകാതായതോടെയും മത്സ്യലഭ്യത കുറഞ്ഞതും കാരണം ഇപ്പോൾ കിട്ടുന്ന മീനിന് തീവിലയാണ്. രണ്ടാഴ്ച മുന്പ് 40 രൂപയുണ്ടായിരുന്ന ഒരു അയിലയുടെ വില 70 രൂപവരെയായി ഉയർന്നു.
അതുതന്നെ ആവശ്യത്തിന് കിട്ടുന്നുമില്ല. അഞ്ചുദിവസമായി നെത്തോലി കണികാണാൻ പോലും ഇല്ല. അഞ്ചുരൂപ വിലയുണ്ടായിരുന്ന ചാള ഇപ്പോൾ ഇരട്ടിവില കൊടുത്താൽ പോലം ലഭിക്കില്ല. കാരലിന്റെ വിലയും ഉയർന്നുതന്നെ.
പൊഴിക്കരയും ചില്ലയ്ക്കലും മുക്കത്തും ചിലർ വള്ളത്തിൽ പോയി ചൂണ്ടയിട്ടും മത്സ്യം പിടിക്കാറുണ്ട്. ഇവർക്ക് ചെന്പല്ലി, വേളാപാര തുടങ്ങിയവയാണ് സ്ഥിരമായി ലഭിക്കുന്നത്. സാമാന്യം വലിപ്പമുള്ള ഈ മീനുകൾക്ക് രണ്ടാഴ്ച മുന്പുവരെ ഒരെണ്ണത്തിന് 500 രൂപയായിരുന്നു വില. അത് ഇപ്പോൾ 1200 രൂപവരെയായി ഉയർന്നു.
ഇത് പലപ്പോഴും സാധാരണക്കാർക്ക് വാങ്ങാൻ കഴിയില്ല. മോഹവിലയ്ക്ക് ഇത് റിസോർട്ട് ഉടമകൾ വാങ്ങിക്കൊണ്ട് പോകുകയാണ് പതിവ്. ഇതിനായി നിരവധി ഇടനിലക്കാരും ഈ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കയറ്റുമതിക്ക് യോഗ്യമായ റാൾ കൊഞ്ചും വലിപ്പം കൂടിയ ഞണ്ടും ഇവിടെ കിട്ടാറുണ്ട്. അതും മോഹവിലയ്ക്കാണ് വിൽക്കപ്പെടുന്നത്.
അന്യസംസ്ഥാനങ്ങളിൽ നിന്ന് രാസപദാർഥങ്ങൾ കലർത്തിവരുന്ന മത്സ്യം നാടൻ എന്ന വ്യാജേനെ എത്തിച്ച് കച്ചവടം നടത്തുന്നവരുമുണ്ട്. ചൂര, പാര, അയില, ചെമ്മീൻ എന്നിവയാണ് ഇങ്ങനെ എത്തുന്നതിൽ കൂടുതലും. നാടൻ മത്സ്യം എന്ന് കരുതി ഇത് പലരും വാങ്ങി കബളിപ്പിക്കപ്പെടുന്നുമുണ്ട്.