തൃശൂർ: കാലാവസ്ഥാ വ്യതിയാനം കാർഷിക-പാരിസ്ഥിതിക മേഖലകളെ അതിഗുരുതരമായി ബാധിച്ചുകഴിഞ്ഞുവെന്നാണ് സമീപകാല പ്രവണതകളും പഠനങ്ങളും സൂചിപ്പിക്കുന്നതെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്. പകൽചൂടിനൊപ്പം രാത്രിചൂടിന്റെയും അളവ് വർധിച്ചുവരികയാണ്. ഹൈറേഞ്ച് മേഖലയിൽപോലും കാലാവസ്ഥയ്ക്കു മാറ്റമുണ്ടാകുന്നു. ജൂണ്‍, ജൂലൈ മാസങ്ങളിൽ ലഭിക്കേണ്ട മഴ കുറയുകയും മറ്റു മാസങ്ങളിലെ മഴ കൂടിവരുന്നതുമാണ് സമീപകാലത്തെ പ്രവണത.
പരിസ്ഥിതിക്കും ജീവിവർഗത്തിനും ദോഷകരമാവുന്ന പ്രവചനാതീതമായ മാറ്റങ്ങളാണ് ഓരോ വർഷവും കാണപ്പെടുന്നത്. മേഘവിസ്ഫോടനം, അസ്വാഭാവികമായ കാലവർഷം, ഉഷ്ണതരംഗം, സൂര്യാതപം തുടങ്ങിയവ കേരളത്തിൽ വർധിച്ചുവരികയാണെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കാർഷിക സർവകലാശാലയ്ക്കു കീഴിലെ കാലാവസ്ഥാ വ്യതിയാന പഠനഗവേഷണ അക്കാദമിയും തൃശൂർ പ്രസ്ക്ലബും സംയുക്തമായി “കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം – സമീപകാല പ്രവണതകൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബോധവത്കരണ സെമിനാറിലാണ് വിദഗ്ധർ ആശങ്കകളും മുന്നറിയിപ്പും പ്രകടിപ്പിച്ചത്.
2015-16 കാലയളവിൽ മഴ ഗണ്യമായി കുറയ്ക്കുകയും ചൂട് വർധിപ്പിക്കുകയും ചെയ്ത എൽ നിനോ പ്രതിഭാസം കൂടുതൽ ശക്തമായി ആവർത്തിക്കാനുള്ള സാധ്യത ചില കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നല്‍കുന്നുണ്ടെന്നും ഏപ്രിൽ 22നുശേഷം കാലാവസ്ഥാനിരീക്ഷണവകുപ്പ് അന്തിമവിവരങ്ങൾ നല്‍കുമെന്നും പഠനഗവേഷണ കേന്ദ്രത്തിലെ സയന്റിഫിക് ഓഫീസർ ഡോ. സി.എസ്. ഗോപകുമാർ പറഞ്ഞു.
മഴ മാറിനില്‍ക്കുന്ന വേനലായിരിക്കില്ല ഇത്തവണ. ഒരു സ്ഥലത്ത് അല്ലെങ്കിൽ മറ്റൊരു സ്ഥലത്ത് എന്ന കണക്കിൽ വിഷുവിനുമുന്പ് ജില്ലയിൽ നല്ല മഴ ലഭിക്കാം. ചൂടിന്റെ ആധിക്യം കുറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
75 ശതമാനം ജലവും ഉപയോഗിക്കുന്ന കേരളത്തിലെ കാർഷിക മേഖലയിൽ ജലസംരക്ഷണ മാർഗങ്ങൾ സംബന്ധിച്ച് കർഷകർ ബോധവാൻമാരാകണമെന്നു “ജലദൗർബല്യത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ’ എന്ന വിഷയം അവതരിപ്പിച്ച കാർഷിക സർവകലാശാല പരിസ്ഥിതി ഇക്കണോമിക്സ് വിഭാഗം ഡയറക്ടർ പ്രഫ.ഡോ. ഇന്ദിരാദേവി ചൂണ്ടിക്കാട്ടി.
മഴയുടെ അളവിൽ കുറവുവരുന്നുണ്ടെന്ന യാഥാർഥ്യം മനസിലാക്കി ജലത്തിന്റെ ഉപയോഗത്തിലും ആസൂത്രണം നടത്തണം. ജലം ഭൂമിയിൽ തടഞ്ഞുനിർത്താനുള്ള മാർഗങ്ങളെല്ലാം നാം ഇല്ലാതാക്കിക്കഴിഞ്ഞു. പുൽമേടുകളും കൃഷിയിടങ്ങളും നാമാവശേഷമായി.
പറന്പിൽ വെള്ളംകെട്ടിനിൽക്കാനുള്ള സാഹചര്യവും ഇല്ലാതാക്കി. ജല ഉപഭോഗം ഇന്നു ധാരാളിത്തവും ധൂർത്തുമായി മാറി. ഇതു രണ്ടും നിയന്ത്രിക്കാതെ നിലനില്പില്ലെന്നും അവർ പറഞ്ഞു. ഇല്ലാതെയാകുന്നതിനെ കുറിച്ച് ആലോചിച്ച് സമയംകളയാതെ ഉള്ളതു സംരക്ഷിക്കാൻ തുനിഞ്ഞിറങ്ങിയേ മതിയാകൂവെന്നു വിജ്ഞാന വ്യാപനവിഭാഗം മേധാവി ഡോ.എസ്. എസ്റ്റലീറ്റ മുന്നറിയിപ്പു നല്കി.