ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം അതിവേഗത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മുൻനിരയിൽ. എച്ച്എസ്ബിസി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചു പരാമർശമുള്ളത്. 67 രാജ്യങ്ങളിലാണ് എച്ച്എസ്ബിസി പഠനം നടത്തിയത്.
കാലാവസ്ഥാ വ്യതിയാനം ഇന്ത്യയുടെ കാർഷിക വരുമാനത്തിൽ വൻ നഷ്ടമുണ്ടാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ജലലഭ്യത കുറവുള്ള പ്രദേശങ്ങളിൽ കാലാവസ്ഥാ വ്യതിയാനം കൃഷിയെ പ്രതികൂലമായി ബാധിക്കുകയും ഇത് താപനില ഉയരാനും മഴ കുറയാനും ഇടയാക്കുകയും ചെയ്യുമെന്നാണു പഠനത്തിലെ കണ്ടെത്തൽ.
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾ കൊടുങ്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയവയോടാവും പടപൊരുതേണ്ടിവരിക. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ ഏറ്റവും കുറവ് മുൻകരുതലുള്ള രാജ്യമെന്നാണു റിപ്പോർട്ടിൽ പാക്കിസ്ഥാനെ വിശേഷിപ്പിക്കുന്നത്. ഒമാൻ, ശ്രീലങ്ക, കൊളംബിയ, മെക്സിക്കോ, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷവശങ്ങൾ നേരിടേണ്ടിവരുമെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.
ഫിൻലൻഡ്, സ്വീഡൻ, നോർവേ, എസ്റ്റോണിയ, ന്യൂസിലൻഡ് എന്നിവയാണ് കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കാൻ ഏറ്റവും സാധ്യത കുറഞ്ഞ രാജ്യങ്ങൾ.