സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: ഇന്ത്യയിൽ വർഷം തോറും 0.6 ഡിഗ്രി ചൂടു കൂടിക്കൊണ്ടിരിക്കുകയാണെന്നു ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെ (ഐ.എം.ഡി) എൻ.ടി. നിയാസ് പറഞ്ഞു. 1850 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഏററവും കൂടുതൽ ചൂടു രേഖപ്പെടുത്തിയത് 2016 ലാണെന്നു കാണാം. 2017 ലെ ചൂട് തൊട്ടുതാഴെയാണ്. ഭൂമുഖത്ത് ഇതുവരെ രേഖപ്പെടുത്തിയ കൂടിയ ചൂട് 56.7 ഡിഗ്രിയാണ്. ചൂടിനെ നേരിടാൻ എന്ന വിഷയത്തെക്കുറിച്ച് കില സംഘടിപ്പിച്ച സംസ്ഥാനതല ശില്പശാലയിൽ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും തീവ്ര താപത്തെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൂടു കൂടുന്നതു കാലാവസ്ഥാവ്യതിയാനത്തിനു കാരണമാകുന്നു. അന്തരീക്ഷത്തിൽ കാർബണ്‍ ഡൈഓക്സൈഡിന്റെ അളവു കൂടുന്പോഴാണ് ചൂടു കൂടുന്നതും. തീവ്രതാപം മൂലം കൃഷിക്കുണ്ടാകുന്ന നാശങ്ങളെക്കുറിച്ചും അതിനുള്ള പരിഹാര നടപടികളെക്കുറിച്ചും തമിഴ്നാട് കാർഷിക സർവകലാശാലയിലെ ഡോ.ഗീതാലക്ഷ്മി വിശദീകരിച്ചു.
ചൂടേറുന്ന നഗരങ്ങളെ പറ്റി ന്യൂഡൽഹിയിലെ ഡോ.ജി.ഭട്ടും കാർഷികമേഖലയിലുണ്ടാക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് അജിത് രാധാകൃഷ്ണനും മൃഗസംരക്ഷണത്തെക്കുറിച്ച് ബാംഗളൂരുവിലെ നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.മുകുന്ദ് കട്ക് തൽവാരെയും വിഷയാവതരണം നടത്തി.
തീവ്രതാപംമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കില ഡയറക്ടർ ഡോ.ജോയ് ഇളമണും വിനോദ്കുമാറും സംസാരിച്ചു. അമൃത സെന്റർ ഫോർ വയർലെസ് നെറ്റ്വർക്ക് ആൻഡ് ആപ്ലിക്കേഷൻസിലെ ഡോ.മധുസൂദനനും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചു സംസാരിച്ചു. കില അസോസിയേറ്റ് പ്രഫ. ഡോ.ജെ.ബി.രാജൻ മോഡറേറ്ററായിരുന്നു. നേരത്തെ ഡോ.ജോയ് ഇളമണ്‍ സ്വാഗതമാശംസിച്ചു.
കഠിനമായ വേനലിൽ അത്യുഷ്ണവും താപക്കാറ്റും ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഏൽപ്പിക്കുന്ന ആഘാതങ്ങളെ നേരിടുന്നതിനു തദ്ദേശസ്ഥാപനങ്ങളെ സജ്ജരാക്കാൻ കില സംഘടിപ്പിച്ചതാണ് ശില്പശാല. ആരോഗ്യം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിലാണ് വേനലിന്റെ കെടുതികളേറേയും. ഇവയെക്കുറിച്ചു മനസിലാക്കാനും തുടർപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയുമാണ് ശില്പശാലയുടെ ലക്ഷ്യം. തീവ്രതാപം നേരിടാനുള്ള പരിപാടികൾക്കും ശില്പശാല രൂപം നൽകി.