ചിറ്റൂര്‍: ആന്ധ്രാപ്രദേശിൽ ആഭിചാരത്തിന്റെ ഭാഗമായി രണ്ട് പെണ്മക്കളെ അച്ഛനമ്മമാർ തലയ്ക്കടിച്ച് കൊന്നു. മാദനപല്ലേയ്ക്ക് സമീപമുള്ള ശിവ് നഗറിൽ ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്.
ചിറ്റൂർ സ്വദേശികളായ പദ്മജയും ഭർത്താവ് പുരുഷോത്തമനും ചേർന്നു മക്കളായ ആലേഖ്യ(27)യെയും സായി ദിവ്യ(21)യെയും കൊലപ്പെടുത്തുകയായിരുന്നു.
പ്രദേശത്തെ ഒരു സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പലും അവിടുത്തെ ടീച്ചറുമാണ് പുരുഷോത്തമനും പദ്മയും. ഇവരുടെ വീട്ടില്‍ നിന്ന് വിചിത്രമായ ശബ്ദങ്ങള്‍ കേട്ടതിനേത്തുടര്‍ന്നാണ് അയല്‍ക്കാര്‍ പോലീസിൽ വിവരം അറിയിച്ചു.
ബലം പ്രയോഗിച്ച് പോലീസ് വീടിനുള്ളിൽ കടന്നപ്പോഴാണ് പൂജാ മുറിയില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കലിയുഗം അവസാനിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികളെ ബലി നല്‍കിയതെന്നും കുട്ടികള്‍ പുനര്‍ജീവിക്കുമെന്നും അതിനായി ഒരു ദിവസം പ്രത്യേക പൂജകള്‍ ഉണ്ടെന്നുമാണ് ദമ്പതികൾ പറയുന്നത്.
ഡം ബെല്‍ പോലുള്ള മൂര്‍ച്ചയില്ലാത്ത വസ്തുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ കേസ് എടുത്ത് പ്രദേശത്തെ മന്ത്രവാദിയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.
ആലേഖ്യ ഭോപ്പാലില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാർഥിനിയാണ്. സായ് ദിവ്യ ബിബിഎ പൂര്‍ത്തിയാക്കി മുംബൈയിലെ എ.ആര് രഹ്മാന് സംഗീത സ്കൂളിലെ വിദ്യാർഥിനിയാണ്.