കലിഫോർണിയ: ദീർഘകാലമായി കലിഫോർണിയായിൽ എച്ച്1ബി വിസയിൽ എൻജിനീയറായി ജോലി ചെയ്തു വന്നിരുന്ന തമിഴ്നാട് തിരുച്ചിറപള്ളി സ്വദേശി അന്തുവാൻ കുഴൻഡ സാമ(48) ഹൃദ്രോഗത്തെ തുടർന്ന് മരണമടഞ്ഞു.
ഭാര്യ ഷെറിൻ സേവ്യറും മക്കളായ അനീഷ (19), ജോഷ്വ (12) എന്നിവരോടൊപ്പം കാലിഫോർണിയയിലായിരുന്നു താമസം.
പൊതുദർശനം ഓഗസ്റ്റ് 12ന് രാവിലെ 11ന് കാലിഫോർണിയ അലമേഡാ ഫാമിലി ഫൂണറൽ ആന്റ് ക്രിമേഷൻ (സാംറ്റോഗ) തുടർന്ന് സാൻഒസെ ഓക്ക് ഹിൽ മെമ്മോറിയൽ പാർക്കിൽ സംസ്കരിക്കും.
അന്തുവാന്റെ മരണത്തോടെ ഭാര്യക്കും മക്കൾക്കും അമേരിക്കയിൽ തുടരുന്നതിനുള്ള നിയമ സാധ്യതയില്ല. രണ്ടു കുട്ടികളും ഇന്ത്യയിലാണ് ജനിച്ചത്.
12 വർഷമായി കാലിഫോർണിയായിൽ എൻജിനീയറായി ജോലി ചെയ്തു വരികയാണെങ്കിലും എട്ടു വർഷമായി ഗ്രീൻ കാർഡിന് അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു.
19 വയസുള്ള അനീഷ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർഥിയാണെങ്കിലും പഠിത്തം തുടരണമെങ്കിൽ എ1 വിസ ലഭിക്കണം, മാത്രമല്ല ഇന്റർ നാഷണൽ വിദ്യാർഥികൾ നൽകുന്ന വൻ ട്യൂഷൻ ഫീസും നൽകേണ്ടി വരും.
ഈ പ്രത്യേക സാഹചര്യത്തിൽ ഇവരുടെ സഹായത്തിനായി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
എച്ച്1ബി വിസയിൽ കഴിയുന്നവരിൽ ആരെങ്കിലും മരിച്ചാൽ അവരുടെ കുടുംബാംഗങ്ങൾക്ക് എന്തു സംഭവിക്കുമെന്നതിന് ഉദാഹരണമാണ് അന്തുവാന്റെ കുടുംബമെന്ന് സഹപ്രർത്തകർ പറയുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ