കോട്ടയം: കവിത മോഷണ വിവാദത്തിൽ നിയമനടപടി ആലോചിക്കുമെന്ന് യുവ കവി എസ്. കലേഷ്. സംഭവത്തിൽ അധ്യാപിക ദീപാ നിശാന്ത് മാപ്പ് പറഞ്ഞെങ്കിലും മാപ്പല്ല മറുപടിയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് കലേഷ് രംഗത്തുവന്നു. തന്റെ കവിതയുടെ വരികൾ വെട്ടി വഴിയിലുപേക്ഷച്ചവർ ആരാണെന്ന് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുഹൃത്തേ, മാപ്പ് വേണ്ട. മറുപടി മതി. അത് ഞാനർഹിക്കുന്നു- എന്ന് കലേഷ് ഫേസ്ബുക്കിൽ കുറിച്ചു.
കലേഷിന്റെ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/നീ എന്ന കവിതയാണ് കേരളവര്‍മ്മ കോളജ് അധ്യാപിക ദീപ നിശാന്തിന്റേതെന്ന പേരില്‍ ഫോട്ടോ സഹിതം എകെപിസിടിഎയുടെ മാഗസിനില്‍ അടിച്ചു വന്നത്. 2011ല്‍ എഴുതിയ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/ നീ എന്ന കവിത അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും ദീപാ നിശാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.
ഇക്കാര്യത്തിൽ അവർ ക്ഷമ ചോദിച്ചു. കലേഷിന്റെ സങ്കടവും രോഷവും ഒരു എഴുത്തുകാരി എന്ന നിലയ്ക്കും അധ്യാപിക എന്ന നിലയ്ക്കും മറ്റാരേക്കാളും തനിക്കു മനസിലാവുമെന്നും ഇക്കാര്യത്തിൽ താൻ ക്ഷമചോദിക്കുന്നുവെന്നും ദീപ ഫേസ്ബുക്കിൽ കുറിച്ചു. കലേഷിന് മറ്റാരുടെയെങ്കിലും വരികൾ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യം ഇപ്പോൾ തനിക്കുണ്ടെന്നും ആ കവിത കലേഷിന്റേതല്ല എന്ന് ശക്തമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽത്തന്നെയാണ് ആ ബോധ്യമെന്നും അവർ കൂട്ടിച്ചേർത്തു.